ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സ്‌പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്‌ടണ്‍ സുന്ദര്‍ പുറത്ത്. ഇടത് തോളിനേറ്റ പരിക്കാണ് 22കാരനായ താരത്തിന് തിരിച്ചടിയായത്. സുന്ദറിന് പരമ്പരയിലെ എല്ലാ മത്സരങ്ങളും നഷ്‌ടമാകുമെന്ന് ബിസിസിഐ ഉദ്യോഗസ്ഥന്‍ വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
"സിംബാബ്‌വെ പര്യടനത്തില്‍ നിന്നും വാഷിങ്‌ടണ്‍ സുന്ദര്‍ പുറത്തായിട്ടുണ്ട്. ഇംഗ്ലണ്ടില്‍ റോയല്‍ ലണ്ടന്‍ കപ്പ് കളിക്കുമ്പോഴാണ് സുന്ദറിന്‍റെ ഇടത് തോളിന് പരിക്കേറ്റത്. സുന്ദര്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വൈദ്യസഹായം തേടും", ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ലങ്കാഷയറിന്‍റെ താരമായ സുന്ദറിന് വോര്‍സെസ്റ്റര്‍ഷയറിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്. ഇതോടെ ഇന്ത്യന്‍ ടീമില്‍ സജീവമാകാമെന്ന താരത്തിന്‍റെ പ്രതീക്ഷകള്‍ക്കാണ് തിരിച്ചടിയേറ്റത്. 2021 ജൂലൈ മുതല്‍ പരിക്കും കൊവിഡ് അടക്കമുള്ള കാരണങ്ങളാലും ഏറെ സമയത്തും താരം ടീമിന് പുറത്തായിരുന്നു.
അതേസമയം മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ സിംബാബ്‌വെയ്‌ക്കെതിരെ കളിക്കുന്നത്. കെഎല്‍ രാഹുലാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. ഓഗസ്റ്റ് 18ന് ആദ്യ മത്സരം നടക്കുക. തുടര്‍ന്ന് 20, 22 തിയതികളിലായി രണ്ടും മൂന്നും മത്സരങ്ങള്‍ അരങ്ങേറും. ഹരാരെയാണ് മൂന്ന് മത്സരങ്ങളുടേയും വേദി.
also read: സ്വാതന്ത്ര്യദിനം ഹരാരെയില്‍ ആഘോഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം