ഹരാരെ : സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് 162 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആതിഥേയര്‍ 38.1 ഓവറില്‍ 161 റണ്‍സിന് പുറത്തായി. കൃത്യതയോടെ പന്തെറിഞ്ഞാണ് ഇന്ത്യന്‍ ബോളര്‍മാര്‍ സിംബാബ്‌വെയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.
ഇന്ത്യയ്‌ക്കായി ശാര്‍ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഏഴോവറില്‍ 28 റണ്‍സാണ് താരം വഴങ്ങിയത്. 42 പന്തില്‍ 42 റണ്‍സെടുത്ത സീൻ വില്യംസാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. റയാൻ ബേള്‍ 47 പന്തില്‍ 39 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഇന്നസെന്‍റ് കൈയ (27 പന്തില്‍ 16), സിക്കന്ദർ റാസ (31 പന്തില്‍ 16) എന്നിവര്‍ മാത്രമാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍.
മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. സിംബാബ്‌വെയുടെ രണ്ട് പേര്‍ റണ്ണൗട്ടാവുകയായിരുന്നു. വിക്കറ്റിന് പിന്നില്‍ മൂന്ന് ക്യാച്ചുകളുമായി സഞ്ജു സാംസണ്‍ തിളങ്ങി.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിലെ ടീമില്‍ നിന്നും ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. പേസര്‍ ദീപക് ചഹാറിന് പകരം ശാര്‍ദുല്‍ താക്കൂര്‍ ഇടം നേടി.
മറുവശത്ത് സിംബാബ്‌വെ നിരയില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. തദിവനാഷെ മരുമണി, റിച്ചാർഡ് നഗാരവ എന്നിവര്‍ പുറത്തായപ്പോള്‍ കൈറ്റാനോ, ചിവാംഗ എന്നിവരാണ് ടീമില്‍ ഇടം നേടിയത്. ആദ്യ ഏകദിനത്തില്‍ ഇന്ത്യ 10 വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം നേടിയിരുന്നു.