ട്രിനിഡാഡ്: ഇന്ത്യ-വെസ്‌റ്റിന്‍ഡീസ് ടി-20 പരമ്പരയ്‌ക്ക് നാളെ തുടക്കാമാകും. 5 മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ വിന്‍ഡീസിനെതിരെ കളിക്കുന്നത്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ വിന്‍ഡീസിലും, അവസാന രണ്ട് മത്സരങ്ങള്‍ അമേരിക്കയിലെ ഫ്ലോറിഡയിലുമാണ് നടക്കുക.
ടി-20 പരമ്പരയ്ക്കായി നായകന്‍ രോഹിത് ശര്‍മ്മ ഉള്‍പ്പെട്ട സംഘം കഴിഞ്ഞ ദിവസം ട്രിനിഡാഡില്‍ എത്തിയിരുന്നു. രോഹിത്, റിഷഭ് പന്ത് എന്നിവരടങ്ങുന്ന സംഘം ഹോട്ടലിലെത്തുന്ന ദൃശ്യം ബിസിസിഐ ആണ് പുറത്ത് വിട്ടത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്ക് വിശ്രമം അനുവദിച്ചിരുന്നതിനാല്‍ ശിഖര്‍ ധവാനാണ് ഏകദിന ടീമിനെ നയിച്ചത്.
ഏകദിന പരമ്പരയില്‍ വിശ്രമത്തിലായിരുന്ന വിരാട് കോഹ്‌ലി, ജസ്‌പ്രീത് ബുംറ തുടങ്ങിയ താരങ്ങള്‍ ടി-20 പരമ്പരയിലും കളിക്കില്ല. ഏകദിന ടീമില്‍ ഉള്‍പ്പെട്ട സഞ്‌ജു സാംസണെ വിന്‍ഡീസിനെതിരായ ട്വന്‍റി ട്വന്‍റി ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. നേരത്തെ അയര്‍ലന്‍ഡിനെതിരായ ടി-20 പരമ്പരയില്‍ ഇന്ത്യയ്‌ക്കായി കളിച്ച സഞ്‌ജുവിന് ഇംഗ്ലണ്ടിനെതിരെ ആദ്യ ട്വന്‍റിയില്‍ ടീമില്‍ ഇടം ലഭിച്ചെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല.
അതേ സമയം ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍ കെഎല്‍ രാഹുലിന് വിന്‍ഡീസിനെതിരായ ടി-20 പരമ്പര പൂര്‍ണമായും നഷ്‌ടമാകുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്‌ച കൊവിഡ് ബാധിതനായ താരത്തിന് ഒരാഴ്‌ച കൂടി വിശ്രമം നിര്‍ദേശിച്ചതായാണ് വിവരം. രാഹുലിന് പകരക്കാരനെയും ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചിട്ടില്ല.
ഏകദിനത്തില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയ വിന്‍ഡീസിനെ കുട്ടിക്രിക്കറ്റില്‍ എഴുതിതള്ളാന്‍ സാധിക്കില്ല. കൂറ്റന്‍ അടികള്‍ കൊണ്ട് ടീമിനെ ഒറ്റയ്‌ക്ക് ജയത്തിലേക്ക് എത്തിക്കാന്‍ കഴിവുള്ള താരങ്ങളടങ്ങിയ ടീം കൂടിയാണ് വെസ്‌റ്റിന്‍ഡീസ്. അവസാനം ബംഗ്ലാദേശിനെതിരായി നടന്ന ടി-20 പരമ്പര വെസ്‌റ്റിന്‍ഡീസാണ് സ്വന്തമാക്കിയത്.
ഫെബ്രുവരിയില്‍ വിന്‍ഡീസ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ടി-20 പരമ്പരയില്‍ ഇന്ത്യയ്‌ക്കൊപ്പമായിരുന്നു വിജയം. മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0നാണ് ഇന്ത്യ സ്വന്തമാക്കിയത്. നാളെ ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ ട്വന്‍റി-ട്വന്‍റി പരമ്പരയ്‌ക്കുള്ള വിന്‍ഡീസ് ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.