ബെംഗളൂരു: ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍ കെഎല്‍ രാഹുലിന് വിന്‍ഡീസിനെതിരായ ടി20 പരമ്പര പൂര്‍ണമായും നഷ്‌ടമാവുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്‌ച കൊവിഡ് ബാധിതനായ താരത്തിന് ഒരാഴ്‌ച കൂടി വിശ്രം നിര്‍ദേശിച്ചതായാണ് വിവരം. രാഹുലിന് പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല.
ഇതോടെ നിലവില്‍ വിന്‍ഡീസിലുള്ള മലയാളി താരം സഞ്‌ജു സാംസണോട് ടീമിനൊപ്പം തുടരാന്‍ ആവശ്യപ്പെടുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഏകദിന പരമ്പരയുടെ ഭാഗമായ സഞ്‌ജുവിന് ടി20 സ്‌ക്വഡില്‍ ഇടം ലഭിച്ചിരുന്നില്ല. അഞ്ച് മത്സര ടി20 പരമ്പരയാണ് ഇന്ത്യ വിന്‍ഡീസിനെതിരെ കളിക്കുക. ഈ മാസം 29നാണ് ആദ്യ മത്സരം.
അതേസമയം ഐപിഎല്ലിന് പിന്നാലെ പരിക്കേറ്റ രാഹുല്‍ ജര്‍മനിയില്‍ ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. തുടര്‍ന്ന് ശാരീരിക ക്ഷമത വീണ്ടെടുക്കുന്നതിന്‍റെ ഭാഗമായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് താരമുള്ളത്.
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പര ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് രാഹുലിന് പരിക്കേറ്റത്. ഈ പരമ്പരയിലെ നായകനായിരുന്ന താരം പുറത്തായതോടെ റിഷഭ് പന്താണ് പകരം ചുമതല വഹിച്ചത്. തുടര്‍ന്ന് ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റും, ഏകദിന ടി20 പരമ്പരകളും രാഹുലിന് നഷ്‌ടമായിരുന്നു.
also read: കോലിയെ വെറുതെ വിടൂ: സ്വതസിദ്ധമായി കളിക്കട്ടെയെന്ന് റോബിന്‍ ഉത്തപ്പ