ബാര്‍ബഡോസ് : ഒരു മത്സരത്തിൽ ഒരേ ജേഴ്‌സി അണിഞ്ഞ് രണ്ട് താരങ്ങൾ ബാറ്റിങ്ങിനിറങ്ങുക. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അപൂർവമായൊരു കാഴ്‌ചയ്‌ക്കാണ് വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിനം സാക്ഷ്യം വഹിച്ചത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ഏകദിന ടീമിൽ ഇടം നേടിയ സഞ്ജു സാംസണും, സൂര്യകുമാർ യാദവുമാണ് സഞ്ജുവിന്‍റെ തന്നെ ഒൻപതാം നമ്പർ ജേഴ്‌സി അണിഞ്ഞ് ബാറ്റിങ്ങിനിറങ്ങിയത്.
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിലും സഞ്ജു സാംസന്‍റെ ജേഴ്‌സിയായിരുന്നു സൂര്യകുമാർ യാദവ് ഉപയോഗിച്ചിരുന്നത്. അന്ന് സഞ്ജുവിന് പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിക്കാത്തതിനാൽ തന്നെ അതിൽ അപൂർവതയൊന്നും തന്നെ ഇല്ലായിരുന്നു. എന്നാൽ സഞ്ജു സാംസണ്‍ കളിക്കുന്ന മത്സരത്തിലും സൂര്യകുമാർ സഞ്ജുവിന്‍റെ ജേഴ്‌സി അണിഞ്ഞത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അപൂർവ കാഴ്‌ചയായി മാറി.
ആദ്യ ഏകദിനത്തിൽ സഞ്ജു സാംസന്‍റെ ജേഴ്‌സി ധരിച്ച് സൂര്യകുമാർ യാദവ് എത്തിയതോടെ ആരാധകർ ചില കഥകളും മെനഞ്ഞിരുന്നു. സഞ്ജുവിനെ ടീം മാനേജ്‌മെന്‍റ് തഴഞ്ഞതിനാൽ താരത്തിനെ സൂര്യകുമാർ ചേർത്ത് പിടിക്കുകയായിരുന്നു എന്നായിരുന്നു ഒരു കൂട്ടരുടെ വാദം. അതല്ല സഞ്ജുവിന് പകരം ടീമിൽ കയറിപ്പറ്റിയതിനാൽ ആരാധകരുടെ വിമർശനം നേരിടാതിരിക്കാനുള്ള സൂര്യകുമാറിന്‍റെ സൂത്രമാണിതെന്നാണ് മറ്റൊരു കൂട്ടർ അവകാശപ്പെട്ടത്.
ഇതിന് പിന്നാലെയാണ് തന്‍റെ അളവിലുള്ള ജേഴ്‌സി ലഭിക്കാത്തതിനാലാണ് സൂര്യകുമാർ സഞ്ജുവിന്‍റെ ജേഴ്‌സി ഉപയോഗിച്ചതെന്ന സത്യം പുറത്ത് വന്നത്. ലാർജ് സൈസ് ജേഴ്‌സിയാണ് സൂര്യകുമാർ യാദവ് പൊതുവെ ഉപയോഗിച്ച് വന്നത്. എന്നാൽ ഇത്തവണ സൂര്യക്ക് ടീം മാനേജ്‌മെന്‍റ് നൽകിയത് മീഡിയ സൈസ് ജേഴ്‌സിയായിരുന്നു. ഇതാണ് പ്രശ്‌നമായത്.
മീഡിയം സൈസിലുള്ള ജേഴ്‌സി ഉപയോഗിച്ചാണ് സൂര്യകുമാർ ഫോട്ടോഷൂട്ട് ഉൾപ്പെടെ നടത്തിയത്. എന്നാൽ ഈ ജേഴ്‌സി തനിക്ക് പാകമല്ലെന്ന് മത്സരത്തിന് തലേനാൾ ആണ് സൂര്യ മാനേജ്‌മെന്‍റിനെ അറിയിക്കുന്നത്. അതിനാൽ തന്നെ മത്സരത്തിന് മുൻപ് പുതിയ സൈസിലുള്ള ജേഴ്‌സി എത്തിക്കാൻ സാധിച്ചതുമില്ല. അതേസമയം മൂന്നാമത്തെ ഏകദിനത്തിന് മുൻപ് സൂര്യകുമാറിന് തന്‍റെ അളവിലുള്ള ജേഴ്‌സി എത്തിക്കാൻ സാധിക്കുമെന്നാണ് ടീം മാനേജ്‌മെന്‍റ് അറിയിച്ചിട്ടുള്ളത്.
കലമുടച്ച് സഞ്ജു : അതേസമയം സഞ്ജുവിനും സൂര്യകുമാറിനും ഇന്നത്തെ മത്സരത്തിൽ തിളങ്ങാനായില്ല. കിട്ടിയ അവസരം മുതലാക്കാനാകാതെ 19 പന്തിൽ ഒൻപത് റണ്‍സ് നേടി സഞ്ജു സാംസണ്‍ മടങ്ങിയപ്പോൾ 25 പന്തിൽ 24 റണ്‍സ് നേടിയാണ് സൂര്യകുമാർ യാദവ് കളം വിട്ടത്. വിരാട് കോലിക്കും, രോഹിത് ശർമക്കും ഇന്നത്തെ മത്സരത്തിൽ വിശ്രമം അനുവദിച്ചതോടെയാണ് സഞ്ജു സാംസണ് നറുക്ക് വീണത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ നില നിലവിൽ പരുങ്ങലിലാണ്. മുൻനിര ബാറ്റർമാരെല്ലാം പാടേ പരാജയപ്പെടുന്ന കാഴ്‌ചയാണ് കാണാനാകുന്നത്. അർധ സെഞ്ച്വറി നേടിയ ഇഷാൻ കിഷന് (55) മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ച് നിൽക്കാനായത്. 34 റണ്‍സ് നേടിയ ശുഭ്‌മാൻ ഗില്ലും കിഷന് മികച്ച പിന്തുണ നൽകി.