ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യ മൂന്ന് റണ്‍സിനാണ് ജയിച്ച് കയറിയത്. മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സായിരുന്നു വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 11 റണ്‍സ് മാത്രം വഴങ്ങിയ സിറാജ് ഇന്ത്യയ്‌ക്ക് വിജയം സമ്മാനിച്ചു.
ഓവറിലെ അഞ്ചാം പന്ത് ലെഗ് സ്റ്റംപിന് പുറത്ത് വൈഡായെങ്കിലും ബൗണ്ടറിയില്‍ എത്താതെ തടുത്തിട്ട സഞ്‌ജു സാംസണിന്‍റെ മിന്നും സേവും ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടായി. അവസാന ഓവറില്‍ സിറാജിന് 15 റണ്‍സ് പ്രതിരോധിക്കാനാവുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നതായി മത്സര ശേഷം ഇന്ത്യന്‍ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍ പറഞ്ഞു. സഞ്‌ജുവിന്‍റെ സേവ് ആത്മവിശ്വാസം വര്‍ധിപ്പിച്ചതായും താരം കൂട്ടിച്ചേര്‍ത്തു.
‘‘അവസാന ഓവറിൽ മുഹമ്മദ് സിറാജിന് 15 റൺസ് പ്രതിരോധിക്കാൻ സാധിക്കുമെന്ന ഉറപ്പ് ഞങ്ങള്‍ക്കുണ്ടായിരുന്നു. കാരണം, മികച്ച രീതിയിലാണ് സിറാജ് യോർക്കറുകൾ പരീക്ഷിച്ചത്. ഏതാനും ഓവറുകള്‍ക്ക് മുന്‍പ് ഒന്നോ രണ്ടോ യോര്‍ക്കറുകളാണ് സിറാജിന്‍റെ കൈവിട്ടുപോയത്.
എന്നാല്‍ കളിയില്‍ ഉടനീളം സമ്മര്‍ദമുണ്ടായിരുന്നു. പ്രത്യേകിച്ച് അവര്‍ ബാറ്റ് ചെയ്യുന്ന വിധം അങ്ങനെയായിരുന്നു. ആ വൈഡ് സഞ്‌ജു തടഞ്ഞപ്പോള്‍ ഞങ്ങളുടെ ആത്മവിശ്വാസം വീണ്ടും ഉയര്‍ന്നു’’, ചഹല്‍ പറഞ്ഞു.
മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 309 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 305 റണ്‍സാണ് നേടാനായത്. വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
also read: ഇന്ത്യയെ രക്ഷിച്ചത് സഞ്‌ജു; താരത്തിന്‍റെ മുഴുനീള ഡൈവിന് കയ്യടിച്ച് ആരാധകര്‍, വീഡിയോ