ഫ്ലോറിഡ: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാമതെത്തി ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ. വിന്‍ഡീസിനെതിരായ നാലാം ടി20യിലാണ് രോഹിത് നിര്‍ണായ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ 16 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 33 റണ്‍സ് അടിച്ച് കൂട്ടാന്‍ രോഹിത്തിന് കഴിഞ്ഞിരുന്നു.
നിലവില്‍ 477 സിക്‌സുകളാണ് ഹിറ്റ്‌മാന്‍റെ അക്കൗണ്ടിലുള്ളത്. ഇതോടെ 476 സിക്‌സുകള്‍ നേടിയ പാകിസ്ഥാന്‍ മുന്‍താരം ഷാഹിദ് അഫ്രീദിനെയാണ് രോഹിത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയത്. 553 സിക്‌സുകളുമായി വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് പട്ടികയില്‍ തലപ്പത്ത്.
അതേസമയം മത്സരത്തില്‍ വിന്‍ഡീസിനെ ഇന്ത്യ 59 റണ്‍സിന് തോല്‍പിച്ചു. ഇന്ത്യ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 19.1 ഓവറില്‍ 132 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. ഇന്ത്യയ്‌ക്കായി അര്‍ഷ്‌ദീപ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വീതവും വിക്കറ്റ് സ്വന്തമാക്കി.
24 റണ്‍സ് വീതം എടുത്ത ക്യാപ്‌റ്റന്‍ നിക്കോളാസ് പുരാനും, റോവ്‌മാന്‍ പവലുമാണ് വിന്‍ഡീസിന്‍റെ ടോപ് സ്‌കോറര്‍മാര്‍. വിന്‍ഡീസ് മുന്‍നിരയെ തകര്‍ക്കുകയും നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങുകയും ചെയ്‌ത ആവേശ് ഖാനാണ് കളിയിലെ താരം.
31 പന്തില്‍ 44 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ(33), മലയാളി താരം സഞ്‌ജു സാംസണ്‍ 23 പന്തില്‍ പുറത്താകാതെ 30 റൺസ് എന്നിവരും ഇന്ത്യയ്‌ക്കായി ബാറ്റിങിൽ തിളങ്ങി.
also read: IND VS WI | വിൻഡീസിനെതിരെ 59 റൺസ് ജയം; ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ