ഫ്ലോറിഡ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കും. ഫ്ലോറിഡയിലെ ലൗഡര്‍ഹില്‍സിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക. അഞ്ച് മത്സര പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1ന് മുന്നിലാണ്.
ഇതോടെ പരമ്പര നേടാന്‍ ഇന്ത്യയിറങ്ങുമ്പോള്‍ ഒപ്പമെത്താനാവും വിന്‍ഡീസ് ശ്രമം. മൂന്നാം ടി20ക്കിടെ പരിക്കേറ്റ് മടങ്ങിയ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയത് ഇന്ത്യയ്‌ക്ക് ആശ്വാസമാണ്. മൂന്നാം ടി20യിലെ മത്സരത്തിലെ ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്തിയേക്കും. മറിച്ചാണെങ്കില്‍ ശ്രേയസ് അയ്യരാവും പുറത്തിരിക്കേണ്ടി വരുക.
കളിച്ച മൂന്ന് മത്സരങ്ങളിലും കാര്യമായ പ്രകടനം നടത്താന്‍ ശ്രേയസിന് കഴിഞ്ഞിട്ടില്ല. ഒന്നാം ടി20യില്‍ പൂജ്യത്തിന് പുറത്തായ ശ്രേയസ് രണ്ടാം ടി20യില്‍ 11 പന്തില്‍ 10 റണ്‍സും മൂന്നാം ടി20യില്‍ 27 പന്തില്‍ 24 റണ്‍സുമാണ് നേടിയത്. കൂടുതല്‍ വേഗതയേറിയ ഡെലിവറികളിലും ഷോട്ട് ബോളുകളിലും താരം പ്രയാസപ്പെടുന്നുണ്ട്. ഇതോടെ ഇഷാന്‍ കിഷനോ, സഞ്‌ജു സാംസണോ അവസരം ലഭിച്ചേക്കും. ലഭിച്ച അവസരം മുതലാക്കുന്ന ദീപക് ഹൂഡ ഏഷ്യ കപ്പ് ടീമില്‍ തന്‍റെ സ്ഥാനമുറപ്പിക്കാനാവും ശ്രമം നടത്തുക.
ബാറ്റിങ് ലൈനപ്പില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. രോഹിത്തിനൊപ്പം സൂര്യകുമാര്‍ യാദവ് തന്നെ ഓപ്പണറായി തുടര്‍ന്നേക്കും. ബോളിങ് യൂണിറ്റില്‍ അര്‍ഷ്‌ദീപ് സിങ്ങും ഭുവനേശ്വര്‍ കുമാറും ഇന്ത്യയ്‌ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. അവേശ് ഖാന്‍ കൂടുതല്‍ റണ്‍സ് വഴങ്ങുന്നത് തലവേദനയാണ്. ഹര്‍ഷല്‍ പട്ടേല്‍ പരിക്കില്‍ നിന്നും പൂര്‍ണമായും മുക്തനാവാത്തത് ഇന്ത്യയ്‌ക്ക് തിരിച്ചടിയാണ്. സ്‌പിന്നര്‍ കുല്‍ദീപ് യാദവും അവസരം കാത്തിരിപ്പുണ്ട്.
മറുവശത്ത് പരമ്പരയില്‍ തിരിച്ചുവരവിനാണ് നിക്കോളാസ് പുരാനും സംഘവും ശ്രമിക്കുന്നത്. പുരാന് പുറമെ കെയ്‌ല്‍ മയേഴ്‌സ്, ഷിംറോണ്‍ ഹെറ്റ്‌മയേര്‍, റോവ്‌മാന്‍ പവല്‍, ഒഡിയന്‍ സ്‌മിത്ത്, ജേസണ്‍ ഹോള്‍ഡര്‍ തുടങ്ങിയവര്‍ നിര്‍ണായകമാവും.