പോര്‍ട്ട് ഓഫ് സ്‌പെയിന്‍ : ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്ക് ക്വീൻസ് പാർക്കിലാണ് മത്സരം. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.
ആദ്യ ഏകദിനത്തില്‍ മൂന്ന് റണ്‍സിന്‍റേയും രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റിന്‍റേയും ജയമാണ് ഇന്ത്യ നേടിയത്. ഇതോടെ പരമ്പര തൂത്തുവാരാന്‍ ശിഖര്‍ ധവാനും സംഘവും ലക്ഷ്യം വയ്‌ക്കുമ്പോള്‍ ആശ്വാസ ജയം തേടിയാണ് വിന്‍ഡീസ് ഇറങ്ങുക.
ശിഖര്‍ ധവാന്‍, ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സഞ്‌ജു സാംസണ്‍, ദീപക് ഹൂഡ എന്നിവരുടെ ഫോം ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടാണ്. സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനം മാത്രമാണ് ഇന്ത്യയ്‌ക്ക് നിരാശ നല്‍കുന്നത്. ടി20ക്ക് മത്സരങ്ങള്‍ക്ക് മുമ്പ് സൂര്യകുമാറിന് വിശ്രമം നല്‍കുകയാണെങ്കില്‍ പ്ലെയിങ് ഇലവനില്‍ ഇഷാന്‍ കിഷന് സാധ്യതയുണ്ട്.
ഇഷാനെയും ഋതുരാജ് ഗെയ്‌ക്‌വാദിനെയും കളിപ്പിക്കുകയാണെങ്കില്‍ സഞ്‌ജുവിന് പുറത്തിരിക്കേണ്ടി വന്നേക്കാം. ബോളിങ് യൂണിറ്റില്‍ പ്രസിദ്ധ് കൃഷ്‌ണ തിരിച്ചെത്തിയില്ലെങ്കില്‍ അര്‍ഷ്‌ദീപ് സിങ്ങിന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കും. രണ്ടാം ഏകദിനത്തിലൂടെ അരങ്ങേറ്റം നടത്തിയ ആവേശ് ഖാനാവും പുറത്തിരിക്കേണ്ടിവരിക.
മത്സരത്തില്‍ വിക്കറ്റ് നേടാന്‍ സാധിക്കാതിരുന്ന താരം കൂടുതല്‍ റണ്‍ വഴങ്ങുകയും ചെയ്‌തിരുന്നു. പരിക്കുമൂലം ആദ്യ രണ്ട് മത്സരങ്ങളിലും കളിക്കാതിരുന്ന ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ തിരിച്ചെത്തുകയാണെങ്കില്‍ യുസ്‌വേന്ദ്ര ചാഹലിന് വിശ്രമം അനുവദിച്ചേക്കും. ജഡേജയ്‌ക്ക് പകരം ടീമിലെത്തിയ അക്‌സര്‍ പട്ടേലിന്‍റെ മിന്നും പ്രകടനമാണ് രണ്ടാം മത്സരത്തിന്‍റെ ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്.
മറുവശത്ത് ക്യാപ്‌റ്റന്‍ നിക്കോളാസ് പുരാന്‍, ഷായ് ഹോപ്പ്, കൈല്‍ മേയേഴ്‌സ്, ബ്രാണ്ടന്‍ കിങ്, ഷര്‍മ ബ്രൂക്‌സ്, റോവ്‌മാന്‍ പവല്‍, റൊമാരിയോ ഷെപ്പേർഡ്, അൽസാരി ജോസഫ് എന്നിവരുടെ പ്രകടനങ്ങളിലാണ് ആതിഥേയരുടെ പ്രതീക്ഷ. നേരത്തെ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര 3-0ത്തിന് വിന്‍ഡീസ് തോറ്റിരുന്നു. ഇതോടെ ഈ മത്സരവും കൈമോശം വന്നാല്‍ വമ്പന്‍ നാണക്കേടാവും പുരാനും സംഘത്തിനുമിത്.
എവിടെ കാണാം : ഫാൻ കോഡാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ മത്സരങ്ങളുടെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍. ഫാൻ കോഡ് ആപ്പിലും, ഡിഡി സ്‌പോര്‍ട്‌സിലും മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യും.