മൊഹാലി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ നൂറാം ടെസ്റ്റ് മത്സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. മൊഹാലിയിൽ മാർച്ച് 4ന് ആരംഭിക്കുന്ന ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലാണ് കോലി നൂറാം ടെസ്റ്റ് എന്ന നാഴികക്കല്ല് പിന്നിടുക.
മത്സരത്തില്‍ കാണികളെ അനുവദിക്കില്ലെന്നായിരുന്നു നേരത്തെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍റെ നിലപാട്. എന്നാല്‍ അസോസിയേഷന്‍ ഭാരവാഹികളുമായി സംസാരിച്ചതായും ജയ് ഷാ പറഞ്ഞു.
''ഇന്ത്യയും ശ്രീലങ്കയും തമ്മിൽ മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റ് അടച്ചിട്ട വാതിലിന് പിന്നിൽ നടക്കില്ല. കാണികളെ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കാനുള്ള തീരുമാനം സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെതാണ്.
നിലവിലെ സാഹചര്യത്തിൽ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി, ഞാൻ പിസിഎ ഭാരവാഹികളുമായി സംസാരിച്ചു. വിരാട് കോലി നൂറാം ടെസ്റ്റ് മത്സരം കളിക്കുന്ന ചരിത്ര നിമിഷത്തിന് ക്രിക്കറ്റ് ആരാധകർക്ക് സാക്ഷ്യം വഹിക്കാൻ കഴിയുമെന്ന് അവർ സ്ഥിരീകരിച്ചു'' ജയ് ഷാ പറഞ്ഞു.
also read: ഐഎസ്‌എല്‍: ബ്ലാസ്‌റ്റേഴ്‌സിന് ജീവന്‍ മരണപ്പോരാട്ടം; നാളെ മുംബൈയ്‌ക്കെതിരെ
കോലിയുടെ നൂറാം ടെസ്റ്റിനായി കാത്തിരിക്കുകയാണെന്നും താരത്തിന് എല്ലാവിധ ആശംസകള്‍ നേരുന്നതായും ജയ് ഷാ പറഞ്ഞു.
"കോലിയുടെ നൂറാം ടെസ്റ്റിനായി കാത്തിരിക്കുകയാണ്. ചാമ്പ്യൻ ക്രിക്കറ്റർക്ക് ഏറ്റവും മികച്ചത് ആശംസിക്കുന്നു. ഇത് ഞങ്ങളുടെ ആരാധകർക്ക് ആസ്വദിക്കാനുള്ള അവസരമാണ്. വരാനിരിക്കുന്ന നിരവധി മത്സരങ്ങളിൽ അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിക്കുന്നത് തുടരട്ടെ" ജയ് ഷാ പറഞ്ഞു.