മുംബൈ: ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറിയെന്നത് വളരെ അപൂര്‍വമായ നേട്ടമാണ്. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഇരട്ട സെഞ്ചുറി നേടിയിട്ടും തൊട്ടടുത്ത മത്സരത്തില്‍ പുറത്തിരിക്കേണ്ടിവന്നാലോ. ഇന്ത്യന്‍ താരം ഇഷാന്‍ കിഷന്‍റെ അവസ്ഥയാണിത്.
ബംഗ്ലാദേശിനെതിരായ ഏകദിനപരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ 131 പന്തില്‍ 24 ഫോറും പത്ത് സിക്‌സും അടക്കം 210 റൺസാണ് ഇഷാന്‍ അടിച്ച് കൂട്ടിയിരുന്നത്. രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ് പുറത്തായ രോഹിത്തിന് പകരമെത്തിയാണ് ഇഷാന്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയത്. ഇതോടെ ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലും ഇഷാന്‍ കളിക്കുമെന്നാണ് കണക്കുകൂട്ടലുണ്ടായിരുന്നത്.
എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് ലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ താരത്തെ പുറത്തിരുത്താനുള്ള തീരുമാനം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അറിയിച്ചത്. മത്സരത്തില്‍ തന്‍റെ സഹ ഓപ്പണറായി ശുഭ്‌മാന്‍ ഗില്‍ എത്തുമെന്നാണ് രോഹിത് ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഇഷാനെ കളിപ്പിക്കാനാവില്ല എന്നത് നിര്‍ഭാഗ്യകരമാണ്. എന്നാല്‍ ഗില്ലിന് അര്‍ഹമായ പരിഗണന നല്‍കേണ്ടതുണ്ടെന്നും രോഹിത് പറഞ്ഞിരുന്നു.
ഇഷാനെ പുറത്തിരുത്താനുള്ള മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. മുന്‍ താരങ്ങളായ ആകാശ് ചോപ്ര, വെങ്കിടേഷ് പ്രസാദ്, മുഹമ്മദ് കൈഫ് തുടങ്ങിയവരും 24കാരനായ ഇഷാനെ പുറത്തിരുത്താനുള്ള തീരുമാനത്തെ ചോദ്യം ചെയ്‌ത് രംഗത്തെത്തിയിട്ടുണ്ട്.
അന്ന് കരുണ്‍, ഇന്ന് ഇഷാന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടും തുടര്‍ന്നുള്ള മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്ന കരുണ്‍ നായരുടെ അവസ്ഥയോടാണ് ചോപ്ര ഇഷാനെ ഉപമിച്ചിരിക്കുന്നത്.
"സാധാരണയായി നിങ്ങള്‍ ഇരട്ട സെഞ്ചുറി നേടിയാല്‍ തൊട്ടടുത്ത മത്സരത്തില്‍ ബെഞ്ചിലിരിക്കേണ്ടി വരാറില്ല. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്ഥിതി വ്യത്യസ്‌തമാണ്. ട്രിപ്പിള്‍ സെഞ്ചൂറിയന് പോലും അടുത്ത മത്സരത്തില്‍ പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്. അന്ന് കരുണ്‍ നായരായിരുന്നു. എന്നാല്‍ ഇന്ന് ഇഷാന്‍ കിഷനാണ്" ആകാശ് ചോപ്ര ട്വീറ്റ് ചെയ്‌തു.
വെട്ടിമാറ്റലുകള്‍ ഗുണം ചെയ്യില്ല: ശരാശരിക്കാര്‍ക്കായി എക്‌സ് ഫാക്‌ടറുള്ള കളിക്കാര്‍ ഒഴിവാക്കപ്പെട്ടുവെന്നാണ് വെങ്കിടേഷ് പ്രസാദിന്‍റെ പ്രതികരണം. ഇന്ത്യയുടെ അവസാന ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടിയ ഒരാള്‍ക്ക് അവസരം നല്‍കുകയെന്നത് ന്യായമായ കാര്യമാണ്. ഗില്ലിന് എപ്പോഴും അവസരം നല്‍കാം.
എന്നാല്‍ അത് ഇരട്ട സെഞ്ചുറി നേടിയ ഒരു കളിക്കാരനെ പുറത്തിരുത്തി ആവരുതെന്നും വെങ്കിടേഷ് പ്രസാദ് പറഞ്ഞു. ഗില്ലിനെ മൂന്നാം നമ്പറില്‍ കളിപ്പിച്ച് കെഎൽ രാഹുലിന് പകരം ഇഷാനെ വിക്കറ്റ് കിപ്പര്‍ ബാറ്ററായി ഉള്‍പ്പെടുത്താമായിരുന്നുവെന്നും മുന്‍ പേസര്‍ അഭിപ്രായപ്പെട്ടു.
നിരന്തരമായ വെട്ടിമാറ്റലുകളും എക്‌സ് ഫാക്‌ടറുള്ള കളിക്കാരെ ഒഴിവാക്കി ശരാശരിക്കാരെ നിലനിര്‍ത്തുന്നതുമാണ് പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യ മോശം പ്രകടനം കാഴ്ചവെച്ചതിന് ഒരു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"ഇംഗ്ലണ്ടിൽ, അവസാന ഏകദിനത്തിൽ റിഷഭ് പന്ത് സെഞ്ചുറി നേടുകയും ഇന്ത്യയെ പരമ്പര സ്വന്തമാക്കാൻ സഹായിക്കുകയും ചെയ്തിരുന്നു. പക്ഷെ ടി20 ഫോമിന്‍റെ അടിസ്ഥാനത്തിൽ ഏകദിന ടീമിൽ നിന്നും പുറത്താക്കപ്പെട്ടു. എന്നാല്‍ തുടർച്ചയായി പരാജയപ്പെട്ടിട്ടും കെഎൽ രാഹുൽ നിലനിര്‍ത്തപ്പെട്ടു. പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലല്ല ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കുന്നതെന്നുള്ളത് സങ്കടകരമായ കാര്യമാണ്". പ്രസാദ് വ്യക്തമാക്കി.
ഇഷാന്‍ കിഷനും അവസാന ടി20യില്‍ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവും ഇല്ലാതെ ഇന്ത്യയിറങ്ങുന്നത് അൽപ്പം അസ്വസ്ഥതയാണെന്നാണ് മുന്‍ ബാറ്റര്‍ മുഹമ്മദ് കൈഫ് ട്വീറ്റ് ചെയ്‌തിരിക്കുന്നത്. ശ്രീലങ്കയ്‌ക്ക് എതിരായ മൂന്നാം ടി20യില്‍ വെടിക്കെട്ടു സെഞ്ചുറിയാണ് സൂര്യ നേടിയിരുന്നത്. രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ 51 പന്തില്‍ പുറത്താവാതെ 112 റണ്‍സുമായാണ് താരം കത്തിക്കയറിയത്. 7 ഫോറും 9 സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിങ്‌സ്.
ALSO READ: രോഹിത്തിന്‍റെ നിലവാരം കുറഞ്ഞു; ഫോമിലേക്ക് മടങ്ങിയെത്തണമെന്ന് ഇര്‍ഫാന്‍ പഠാന്‍