ന്യൂഡല്‍ഹി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കും. അരുണ്‍ ജെയ്‌റ്റ്ലി സ്റ്റേഡിയത്തില്‍ രാത്രി 7നാണ് മത്സരം ആരംഭിക്കുക. രോഹിത്തിന്‍റെ അഭാവത്തില്‍ കെഎല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. അര്‍ഷ്‌ദീപ് സിങ്, ഉമ്രാന്‍ മാലിക് എന്നിവരാണ് ഇന്ത്യന്‍ ടീമിലെ പുതുമുഖങ്ങള്‍.
മത്സരത്തില്‍ ജയിക്കാനായാല്‍ രാജ്യാന്തര ടി20യില്‍ തുടര്‍ച്ചയായി കൂടുതല്‍ മത്സരങ്ങള്‍ ജയിച്ച ടീമെന്ന നേട്ടം ഇന്ത്യയ്‌ക്ക് സ്വന്തമാക്കാം. നിലവില്‍ അഫ്‌ഗാനിസ്ഥാനും റൊമാനിയയ്‌ക്കുമൊപ്പം ഈ റെക്കോഡ് പങ്കിടുകയാണ് ഇന്ത്യ. അന്താരാഷ്‌ട്ര ടി20യില്‍ 12 തുടര്‍ വിജയങ്ങള്‍ വീതമാണ് മൂന്ന് ടീമുകളും നേടിയത്.
എന്നാല്‍ റെക്കോര്‍ഡുകള്‍ക്കല്ല ടീം പ്രധാന്യം നല്‍കുന്നതെന്നും കളിക്കുന്ന എല്ലാ മത്സരങ്ങളും ജയിക്കുകയെന്നതാണ് ലക്ഷ്യമെന്നും മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞു. 'മത്സരങ്ങള്‍ക്കായി നന്നായി പരിശീലനം നടത്തുകയും തയ്യാറെടുക്കുകയും, മൈതാനത്ത് എല്ലാ തന്ത്രങ്ങളും വിജയകരമായി നടപ്പിലാക്കുകയുമാണ് വേണ്ടത്.' രാഹുല്‍ വ്യക്തമാക്കി.
ഐപിഎല്ലിന്‍റെ ഇടവേളയ്‌ക്ക് ശേഷം ഡല്‍ഹിയില്‍ ഒത്തുകൂടിയ ഇന്ത്യന്‍ സംഘം ജൂണ്‍ ആറിന് പരിശീലനം ആരംഭിച്ചിരുന്നു. രോഹിത്തിനൊപ്പം ബാറ്റര്‍ വിരാട് കോലിക്കും പേസര്‍ ജസ്‌പ്രീത് ബുംറയ്‌ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.
പരമ്പരയില്‍ ഒരു സുപ്രധാന നേട്ടം ഇന്ത്യന്‍ ലെഗ് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെ കാത്തിരിക്കുന്നുണ്ട്. ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഇന്ത്യൻ ബൗളറെന്ന റെക്കോഡിന് രണ്ട് വിക്കറ്റ് മാത്രം അകലെയാണ് താരം. നിലവില്‍ ആര്‍ അശ്വിന്‍റെ പേരിലാണ് പ്രസ്‌തുത റെക്കോഡുള്ളത്. 282 ടി20 മത്സരങ്ങളില്‍ 274 വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്.
242 മത്സരങ്ങളില്‍ 272 വിക്കറ്റുകള്‍ ചാഹലിന്‍റെ പേരിലുണ്ട്. അതേസമയം അഞ്ച് മത്സര പരമ്പരയാണ് പ്രോട്ടീസിനെതിരെ ഇന്ത്യ കളിക്കുന്നത്. കട്ടക്ക് (ജൂൺ 12), വിശാഖപട്ടണം (ജൂൺ 14), രാജ്‌കോട്ട് (ജൂൺ 17), ബെംഗളൂരു (ജൂൺ 19) എന്നീ വേദികളിലാണ് യഥാക്രമം പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ നടക്കുക.
also read: 'എത്ര നന്ദി പറഞ്ഞാലും മതിയാകാത്ത ഇതിഹാസം' ; മിതാലി രാജിന് ആശംസയുമായി തപ്‌സി പന്നു
ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (സി), റിതുരാജ് ഗെയ്‌ക്‌വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷ്‌ദീപ് സിങ്, ഉമ്രാന്‍ മാലിക്.