ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായത് ദിനേശ് കാര്‍ത്തിക്കാണ്. ബാറ്റിങ് ഓര്‍ഡറില്‍ ഇന്ത്യ പരീക്ഷണം നടത്തിയപ്പോള്‍ നാലാം നമ്പറിലാണ് ദിനേശ് കാര്‍ത്തിക് കളിക്കാനെത്തിയത്. വമ്പന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ തകര്‍ച്ച നേരിടുമ്പോഴാണ് ഡികെ ക്രീസിലെത്തുന്നത്.
എന്നാല്‍ സമ്മര്‍ദമില്ലാതെ ബാറ്റ് വീശിയ താരം 21 പന്തില്‍ 219.05 സ്‌ട്രൈക്ക് റേറ്റില്‍ 46 റണ്‍സാണ് അടിച്ചെടുത്തത്. നാല് വീതം ഫോറും സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഡികെയുടെ ഇന്നിങ്‌സ്. ഡികെയുടെ ഈ പ്രകടനത്തെ അഭിനന്ദിച്ചിരിക്കുകയാണ് ബാറ്റര്‍ സൂര്യകുമാര്‍ യാദവ്.
ഡികെ ബാറ്റ് ചെയ്‌ത വിധം നോക്കുമ്പോള്‍ തന്‍റെ നാലാം സ്ഥാനം പരുങ്ങലിലാണെന്നാണ് സൂര്യ പറഞ്ഞത്. ഡികെയ്‌ക്ക് കൂടുതല്‍ മത്സര സമയം ആവശ്യമായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. സാധാരണയായി നാലാം നമ്പറിലെത്തുന്നത് സൂര്യയാണ്.
രണ്ടാം ടി20യിലെ പ്രകടനത്തോടെ ഒരു കലണ്ടര്‍ വര്‍ഷം 50 സിക്‌സുകള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡ് സ്വന്തമാക്കാന്‍ സൂര്യയ്‌ക്ക് കഴിഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തോട് ഇത്തരം കണക്കുകള്‍ നോക്കിയല്ല താന്‍ കളിക്കുന്നതെന്നാണ് സൂര്യ ഉത്തരം നല്‍കിയത്.
"സുഹൃത്തുക്കള്‍ എനിക്ക് ഈ കണക്കുകള്‍ വാട്‌സ്ആപ്പില്‍ അയച്ച് തരും. എന്നാല്‍ ഞാന്‍ അവ ഫോളോ ചെയ്യാറില്ല. ആസ്വദിച്ച് കളിക്കുക എന്നത് മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ ചിന്തകളില്‍ മാറ്റമില്ല", സൂര്യകുമാര്‍ യാദവ് പറഞ്ഞു.
പ്രോട്ടീസിനെതിരായ പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് സൂര്യകുമാറാണ്. ആദ്യ രണ്ട് മത്സരങ്ങളിലും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികള്‍ നേടിയ താരം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.
also read: IND vs SA: 'ടി20 ലോകകപ്പില്‍ സൂര്യയുടെ ഫോം ആശങ്ക'; തഗ്ഗ് മറുപടിയുമായി രോഹിത്