ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്ക് എതിരായ മൂന്നാം എകദിനത്തില്‍ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. രണ്ടാം ഏകദിനം ജയിച്ച പ്ലേയിങ് ഇലവനെ ഇന്ത്യ നിലനിര്‍ത്തിയപ്പോൾ ഡേവിഡ് മില്ലറാണ് പ്രോട്ടീസിനെ നയിക്കുന്നത്.
ദക്ഷിണാഫ്രിക്കയുടെ സ്ഥിരം നായകന്‍ ടെംബ ബാവുമയ്‌ക്ക് ഇന്നും അവസരം ലഭിച്ചില്ല. കഴിഞ്ഞ മത്സരത്തില്‍ ടീമിനെ നയിച്ചിരുന്ന കേശവ് മഹാരാജ് അസുഖത്തെ തുടര്‍ന്ന് പുറത്തായി. വെയ്ൻ പാർനെൽ, കാഗിസോ റബാഡ എന്നിവര്‍ക്കും സ്ഥാനം നഷ്‌ടമായി.
മഴമൂലം നിശ്ചയിച്ച സമയത്തിന് അരമണിക്കൂര്‍ വൈകിയാണ് മത്സരം ആരംഭിക്കുന്നത്. മഴ വീണ്ടും രസം കൊല്ലിയായേക്കാം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഒരോ മത്സരങ്ങള്‍ വീതം ഇന്ത്യയും പ്രോട്ടീസും വിജയിച്ചിരുന്നു. ഇതോടെ പരമ്പര വിജയികളെ നിശ്ചയിക്കുന്ന കളിയാണിത്.
ഇന്ത്യ (പ്ലേയിങ് ഇലവൻ): ശിഖർ ധവാൻ (സി), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), വാഷിങ്‌ടൺ സുന്ദർ, ഷഹ്‌ബാസ് അഹമ്മദ്, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആവേശ് ഖാൻ.
ദക്ഷിണാഫ്രിക്ക (പ്ലേയിങ് ഇലവൻ): ക്വിന്‍റൺ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ജാനെമാൻ മലൻ, റീസ ഹെൻഡ്രിക്സ്, എയ്ഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ (സി), മാർക്കോ ജാൻസെൻ, ആൻഡിലെ ഫെഹ്‌ലുക്വായോ, ജോൺ ഫോർച്യൂയിൻ, ലുങ്കി എൻഗിഡി, ആൻറിച്ച് നോർട്ട്ജെ.