ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 202 റണ്‍സിന് പുറത്ത്. നാല് വിക്കറ്റ് നേടിയ മാർക്കോ ജാൻസൺ, മൂന്ന് വീതം വിക്കറ്റുകള്‍ നേടിയ കഗിസോ റബാദ, ഡ്യൂവാന്‍ ഒലിവിയർ എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്.
133 പന്തില്‍ 50 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെഎല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വാലറ്റത്ത് ആര്‍ അശ്വിന്‍റെ ചെറുത്ത് നില്‍പ്പാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്. 50 പന്തില്‍ 46 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം.
രണ്ട് താരങ്ങള്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ മൂന്ന് പേര്‍ക്ക് രണ്ടക്കം തൊടാനായില്ല. 14 റണ്‍സുമായി ജസ്‌പ്രീത് ബുംറ പുറത്താവാതെ നിന്നു. മായങ്ക് അഗര്‍വാള്‍ (26), ചേതേശ്വര്‍ പൂജാര (3), അജിങ്ക്യ രഹാനെ (0), ഹനുമ വിഹാരി (20), റിഷഭ് പന്ത് (17), ശാര്‍ദുല്‍ താക്കൂര്‍ (0), മുഹമ്മദ് ഷമി (9), മുഹമ്മദ് സിറാജ് (1) എന്നിങ്ങനെയാണ് പുറത്തായ താരങ്ങളുടെ സംഭാവന.
അതേസമയം മത്സരത്തിന് ടോസിടുന്നതിന് തൊട്ടുമുമ്പാണ് പുറം വേദനയെതുടര്‍ന്ന് സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലി പുറത്തായത്. താരത്തിന് പകരക്കാരനായാണ് ഹനുമ വിഹാരി ടീമിലെത്തിയത്.
മൂന്ന് ടെസ്റ്റുകൾ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ മുന്നിലാണ്. ബോക്‌സിങ് ഡേയില്‍ സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ 113 റണ്‍സിനാണ് ഇന്ത്യ ജയം പിടിച്ചത്. ഇതോടെ വാണ്ടറേഴ്‌സിൽ ജയം പിടിച്ചാല്‍ സംഘത്തിന് ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കാം.