റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 278 റണ്‍സ് നേടി. റീസ ഹെൻഡ്രിക്‌സ് (74), എയ്‌ഡൻ മാർക്രം (79) എന്നിവരുടെ ബാറ്റിങ് മികവിലാണ് പ്രോട്ടീസ് പട മികച്ച സ്‌കോർ കണ്ടെത്തിയത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ഡി കോക്കിനെ(5) സിറാജ് ബൗൾഡാക്കി. ഒൻപതാം ഓവറിൽ മലാനും(25) മടങ്ങിയതോടെ ദക്ഷിണാഫ്രിക്കയുടെ നില പരുങ്ങലിലായി. എന്നാൽ പിന്നീടൊന്നിച്ച ഹെൻഡ്രിക്‌സ് - മാർക്രം സഖ്യം ദക്ഷിണാഫ്രിക്കയെ തകർച്ചയിൽ നിന്ന് കരകയറ്റി. ഇരുവരും ചേർന്ന് 129 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
ടീം സ്‌കോർ 169ൽ നിൽക്കെ ഹെൻഡ്രിക്‌സിനെ പുറത്താക്കി സിറാജ് ഇന്ത്യക്ക് ബ്രേക്ക്ത്രൂ നൽകി. തുടർന്നെത്തിയ ഹെൻറിച്ച് ക്ലാസനെ കൂട്ടുപിടിച്ച് മാർക്രം ടീം സ്‌കോർ 200 കടത്തി. പിന്നാലെ ക്ലാസനും(30) മാർക്രവും അടുത്തടുത്ത പന്തുകളിൽ പുറത്തായത് ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു. എന്നാൽ പിന്നാലെയെത്തിയ ഡേവിഡ് മില്ലർ വെയ്ൻ പാർനെലിനെ കൂട്ടുപിടിച്ച് ടീം സ്‌കോർ 250 കടത്തി. പിന്നാലെ പാർനെൽ(16) പുറത്തായി.
അവസാന ഓവറിൽ കേശവ് മഹാരാജിനെയും സിറാജ് ബൗൾഡാക്കി. ഡേവിഡ് മില്ലർ(35) പുറത്താകാതെ നിന്നു. ഇന്ത്യക്കായി സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ വാഷിങ്ടണ്‍ സുന്ദർ, ഷഹ്‌ബാസ് അഹമ്മദ്, കുൽദീപ് യാദവ്, ഷാർദുൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റും നേടി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മത്സരം ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു.