മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇഷാന്‍ കിഷനെ ഓപ്പണറാക്കണമെന്ന് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ വലങ്കയ്യനായ രോഹിത്തിനൊപ്പം ഇടങ്കയ്യനായ ഇഷാന്‍ കിഷന്‍ ഓപ്പണറായെത്തുന്നത് ഗുണം ചെയ്യുമെന്നാണ് മഞ്ജരേക്കറുടെ വിലയിരുത്തല്‍. നിലവില്‍ ശുഭ്‌മാൻ ഗില്ലാണ് ഓപ്പണിങ്ങില്‍ രോഹിത്തിന്‍റെ പങ്കാളി.
കിവീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇരട്ട സെഞ്ചുറിയുമായി താരം തിളങ്ങുകയും ചെയ്‌തിരുന്നു. ഗില്ലിന് തന്‍റെ മൂന്നാം നമ്പര്‍ വിട്ടുനല്‍കി നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ വിരാട് കോലി തയ്യാറാവണമെന്നും മഞ്ജരേക്കര്‍ നിര്‍ദേശിച്ചു. ഗില്ലിന് മൂന്നാം നമ്പര്‍ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് തോന്നുന്നതായും മുന്‍ താരം പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് ശ്രീലങ്കയ്‌ക്കെതിരെ ഒരിക്കൽ അമ്പാട്ടി റായിഡുവിനായി കോലി നാലാം നമ്പറില്‍ കളിച്ചിട്ടുണ്ടെന്നും മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി. അതേസമയം ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന് ശേഷമാണ് ഇന്ത്യ കിവീസിനെതിരെ കളിക്കാനിറങ്ങിയത്. കെഎല്‍ രാഹുലും ശ്രേയസ് അയ്യരും പുറത്തായതോടെയാണ് ഇഷാന്‍ കിഷന് കിവീസിനെതിരായ പരമ്പരയില്‍ സ്ഥാനമുറപ്പായത്.
ഹൈദരാബാദില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ നാലാം നമ്പറില്‍ ഇറങ്ങിയ ഇഷാന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. 14 പന്തില്‍ അഞ്ച് റണ്‍സ് മാത്രമായിരുന്നു താരത്തിന് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ മത്സരത്തില്‍ 12 റണ്‍സിന്‍റെ വിജയം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു.
ഇരട്ട സെഞ്ചുറി നേടിയ ഗില്ലിന്‍റെ മികവായിരുന്നു ഇന്ത്യയ്‌ക്ക് ജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 349 റണ്‍സാണ് നേടിയിരുന്നത്. കിവീസിന്‍റെ മറുപടി 49.2 ഓവറില്‍ 337 റണ്‍സില്‍ അവസാനിച്ചു.
149 പന്തില്‍ 208 റണ്‍സടിച്ചാണ് ഗില്‍ തിളങ്ങിയത്. കിവീസിനായി മൈക്കല്‍ ബ്രേസ്‌വെല്‍ സെഞ്ചുറിയുമായി പൊരുതിയെങ്കിലും ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല. 10 ഓവറില്‍ 46 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് സിറാജും ഇന്ത്യയ്‌ക്കായി മിന്നി.
നാളെ റായ്‌പൂരിലാണ് രണ്ടാം ഏകദിനം നടക്കുക. ഷഹീദ് വീർ നാരായൺ സിങ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് 1.30നാണ് മത്സരം. റായ്‌പൂരില്‍ വിജയിക്കാനായാല്‍ ഒരു കളി ശേഷിക്കെ തന്നെ മൂന്ന് മത്സര പരമ്പര ഇന്ത്യയ്‌ക്ക് സ്വന്തമാക്കാം.
ഇന്‍ഡോറിലാണ് മൂന്നാം ഏകദിനം നടക്കുക. ഈ മത്സരവും വിജയിച്ച് പരമ്പര തൂത്തുവാരാന്‍ കഴിഞ്ഞാല്‍ ഐസിസി റാങ്കില്‍ ഒന്നാം സ്ഥാനത്തെത്താനും ഇന്ത്യയ്‌ക്ക് കഴിയും. നിലവിലെ റാങ്കിങ്ങില്‍ കിവീസ് ഒന്നാമതും ഇന്ത്യ നാലാം സ്ഥാനത്തുമാണ്.
117 റേറ്റിങ്ങുമായാണ് ന്യൂസിലന്‍ഡ് ഒന്നാം സ്ഥാനത്തുള്ളത്. 110 റേറ്റിങ്ങാണ് ഇന്ത്യയ്‌ക്കുള്ളത്. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. കൂടാതെ പ്രധാന ടൂര്‍ണമെന്‍റുകളില്‍ പതിവായി വഴിമുടക്കുന്ന ന്യൂസിലന്‍ഡുമായുള്ള വിജയം ലോകകപ്പ് വര്‍ഷത്തില്‍ ഇന്ത്യയ്‌ക്ക് പുത്തന്‍ ഉണര്‍വാകുമെന്ന കാര്യത്തിലും സംശയമില്ല.