കറാച്ചി: കിവീസിനെതിരായ ടി20 പരമ്പരയിലെ കളിച്ച രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാക്ക് തിളങ്ങാന്‍ സാധിച്ചിട്ടില്ല. ഓപ്പണര്‍മാരായ ശുഭ്‌മാന്‍ ഗില്ലിനും ഇഷാന്‍ കിഷനും മികച്ച തുടക്കം നല്‍കാന്‍ കഴിയാത്തത് ടീമിനെ പ്രതിരോധത്തിലാക്കിയപ്പോള്‍ മൂന്നാമന്‍ രാഹുല്‍ ത്രിപാഠിയും ലഭിച്ച അവസരം മുതലാക്കാതെ നിരാശപ്പെടുത്തി.
നിലവില്‍ ആദ്യ മത്സരത്തില്‍ വിജയിച്ച കിവീസും രണ്ടാം ടി20 പിടിച്ച ഇന്ത്യയും പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണ്. ഇതോടെ നാളെ അഹമ്മദാബാദില്‍ നടക്കുന്ന മൂന്നാം ടി20യിലെ വിജയികളാവും പരമ്പര നേടുക. നിര്‍ണായക മത്സരത്തില്‍ ഗില്ലിന് പകരം പൃഥ്വി ഷായ്‌ക്ക് അവസരം നല്‍കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാകിസ്ഥാന്‍റെ മുന്‍ താരം ഡാനിഷ് കനേരിയ.
കൂടുതല്‍ ആക്രമിച്ച് കളിക്കാന്‍ കഴിയുന്ന പൃഥ്വി ഷായ്‌ക്ക് സ്ഥിരതയോടെ കളിക്കാന്‍ കഴിഞ്ഞാല്‍ അത്ഭുതങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിയുമെന്നും കനേരിയ അഭിപ്രായപ്പെട്ടു.
"നടക്കാനിരിക്കുന്നത് പരമ്പരയിലെ അവസാന മത്സരമാണ്. ശുഭ്‌മാൻ ഗിൽ എങ്ങനെ കളിക്കുന്നുവെന്ന് നമ്മള്‍ കണ്ടു. പൃഥ്വി ഷാ വളരെ മികച്ച യുവതാരമാണ്.
ആക്രമിച്ച് കളിക്കുന്നതിന് പ്രശസ്‌തി നേടിയ താരം. ഗില്ലിന്‍റെ സ്ഥാനത്ത് പൃഥ്വിക്ക് അവസരം നല്‍കാവുന്നതാണ്. സ്ഥിരതയോടെ കളിക്കുകയാണെങ്കിൽ ഷായ്‌ക്ക് അത്ഭുതങ്ങൾ സൃഷ്‌ടിക്കാനാകും", ഡാനിഷ് കനേരിയ പറഞ്ഞു.
സ്‌പിന്നര്‍മാരെ നേരിടുന്നതില്‍ ഗില്‍ കൂടുതല്‍ മികവ് പുലര്‍ത്തണമെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു. "ശുഭ്‌മാൻ ഗിൽ ഒരു മികച്ച ബാറ്ററാണെന്നതിൽ സംശയമില്ല. പോരായ്‌മകള്‍ പരിഹരിക്കേണ്ടതുണ്ട്. സ്‌പിന്നര്‍മാരെ നേരിടുന്നതില്‍ കൂടുതല്‍ മികവ് പുലര്‍ത്തണം, ചിലപ്പോള്‍ സാഹചര്യങ്ങള്‍ ദുഷ്‌കരമായതിനാലാവാം", കനേരിയ പറഞ്ഞു.
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മികവ് ടി20യില്‍ ആവര്‍ത്തിക്കാന്‍ ഗില്ലിന് കഴിഞ്ഞിട്ടില്ല. ടേണിങ് ബോളുകള്‍ താരത്തിന് പലപ്പോഴും പ്രയാസം സൃഷ്‌ടിച്ചിരുന്നു.
ALSO READ: ധവാനിലേക്ക് മടങ്ങണോ അതോ ഇഷാനെ പിന്തുണയ്‌ക്കണോ? ഉത്തരവുമായി ആര്‍ അശ്വിന്‍