ഡബ്ലിന്‍ : ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് ഗംഭീര തിരിച്ചുവരവുമായി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ (Jasprit Bumrah). അയര്‍ലന്‍ഡിനെതിരെ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയാണ് താരം തിരിച്ചുവരവ് പ്രഖ്യാപിച്ചത്. ഓപ്പണര്‍ ആന്‍ഡ്ര്യൂ ബാല്‍ബില്‍നി, ലോര്‍കന്‍ ടക്കര്‍ എന്നിവരെയാണ് ബുംറ മടക്കിയത്.
ഇതോടെ അന്താരാഷ്‌ട്ര ടി20യില്‍ ആദ്യ ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തുന്ന നാലാമത്തെ ഇന്ത്യന്‍ ബോളറായും ബുംറ മാറി. 2016-ല്‍ ശ്രീലങ്കയ്‌ക്ക് എതിരെ ആര്‍ അശ്വിനും, 2022-ല്‍ അഫ്‌ഗാനിസ്ഥാനെതിരെ ഭുവനേശ്വര്‍ കുമാറും, 2023-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഹാര്‍ദിക് പാണ്ഡ്യയുമാണ് ബുംറയ്‌ക്ക് മുന്നേ പ്രസ്‌തുത നേട്ടം സ്വന്തമാക്കിയ താരങ്ങള്‍.
മത്സരത്തിൽ ബുംറയുടെ ആദ്യ പന്തില്‍ അയര്‍ലന്‍ഡ് ഓപ്പണറായ ആന്‍ഡ്ര്യൂ ബാല്‍ബില്‍നി ബൗണ്ടറി നേടിയിരുന്നു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ബാല്‍ബില്‍നിയുടെ കുറ്റിയിളക്കിയ ബുംറ പ്രതികാരം ചെയ്‌തു. സ്വിങ് ചെയ്‌ത ബുംറയുടെ ലെങ്ത് ഡെലിവറിയില്‍ ബാറ്റുവച്ച ബാല്‍ബില്‍നിക്ക് പിഴയ്‌ക്കുകയായിരുന്നു.
എഡ്‌ജായ പന്ത് താരത്തിന്‍റെ ഓഫ് സ്റ്റംപ് ഇളക്കിക്കൊണ്ടാണ് കടന്ന് പോയത്. തുടര്‍ന്നെത്തിയ ടക്കറിനെ മൂന്ന് പന്തുകള്‍ക്കപ്പുറം ഇന്ത്യന്‍ നായകന്‍ തിരിച്ച് കയറ്റി. ബുംറയുടെ സ്വിങ് ബാക്ക് ഡെലിവറിയില്‍ സ്‌കൂപ്പ് ഷോട്ട് കളിക്കാനുള്ള ടക്കറിന്‍റെ ശ്രമം വിക്കറ്റിന് പിന്നിലുണ്ടായിരുന്ന സഞ്‌ജു സാംസണിന്‍റെ കയ്യില്‍ അവസാനിക്കുകയായിരുന്നു.
അതേസമയം ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അയർലൻഡിന്‍റെ മുന്നേറ്റ നിര തകർന്നടിഞ്ഞിരിക്കുകയാണ്. പന്ത്രണ്ട് ഓവറുകൾ പിന്നിടുമ്പോൾ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 63 റണ്‍സ് എന്ന നിലയിലാണ് അയർലൻഡ്. ആന്‍ഡ്ര്യൂ ബാല്‍ബില്‍നി, ലോര്‍കന്‍ ടക്കര്‍ എന്നിവരെക്കൂടാതെ ഹാരി ടെക്‌ടർ, ജോർജ് ഡോക്രെൽ എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.
പ്രസിദ്ധ് കൃഷ്‌ണ, റിങ്കു സിങ് എന്നിവര്‍ ഇന്ത്യയ്‌ക്കായി ഇന്നത്തെ മത്സരത്തിലൂടെ അരങ്ങേറ്റം കുറിച്ചു. മലയാളി താരം സഞ്ജു സാംസണും വിക്കറ്റ് കീപ്പറായി ടീമിൽ ഇടം നേടിയിട്ടുണ്ട്. ബുംറയെയും പ്രസിദ്ധിനെയും കൂടാതെ അര്‍ഷ്‌ദീപ് സിങ്ങാണ് ടീമിലെ മറ്റൊരു പേസർ. വാഷിങ്ടണ്‍ സുന്ദര്‍ സ്‌പിന്‍ ഓള്‍റൗണ്ടറായും രവി ബിഷ്‌ണോയ് സ്‌പിന്നറായും ടീമിലിടം നേടി.
റിതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍ എന്നിവരാണ് ഇന്ത്യയുടെ ഓപ്പണിങ് ജോഡി. തിലക് വര്‍മ, ശിവം ദുബെ, റിങ്കു സിങ് എന്നിവരാണ് ടീമിലെ മറ്റ് പ്രധാന ബാറ്റര്‍മാര്‍.
ഇന്ത്യ (പ്ലെയിങ് ഇലവൻ): റിതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ (ഡബ്ല്യു), തിലക് വർമ, റിങ്കു സിങ്, ശിവം ദുബെ, വാഷിങ്‌ടൺ സുന്ദർ, പ്രസിദ്ധ് കൃഷ്‌ണ, അർഷ്‌ദീപ് സിങ്, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), രവി ബിഷ്‌ണോയ്.
അയർലൻഡ് (പ്ലെയിങ് ഇലവൻ): പോൾ സ്റ്റിർലിങ് (സി), ആൻഡ്രൂ ബാൽബിർനി, ലോർക്കൻ ടക്കർ (ഡബ്ല്യു), ഹാരി ടെക്‌ടർ, കർട്ടിസ് കാംഫർ, ജോർജ് ഡോക്രെൽ, മാർക്ക് അഡയർ, ബാരി മക്കാർത്തി, ക്രെയ്ഗ് യംഗ്, ജോഷ്വ ലിറ്റിൽ, ബെഞ്ചമിൻ വൈറ്റ്.