എഡ്‌ജ്‌ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യയ്‌ക്ക് മറ്റൊരു തിരിച്ചടി. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് താരങ്ങള്‍ക്ക് മാച്ച് ഫീയുടെ 40 ശതമാനം പിഴയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും രണ്ട് പോയിന്‍റുകള്‍ വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തു. ഇതോടെ ഇന്ത്യ പട്ടികയില്‍ പാകിസ്ഥാന് പിന്നില്‍ നാലാം സ്ഥാനത്തേക്ക് വീണു.
നിലവില്‍ ആറ് ജയവും നാല് തോല്‍വിയും രണ്ട് സമനിലയുമായി 75 പോയിന്‍റാണ് ഇന്ത്യയ്ക്കുള്ളത്. 52.08ാണ് ഇന്ത്യയുടെ പോയിന്‍റ് ശതമാനം. 44 പോയിന്‍റുള്ള പാകിസ്ഥാന്‍ 52.38 പോയിന്‍റ് ശതമാനത്തോടെയാണ് ഇന്ത്യയെ മറികടന്നത്. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
84 പോയിന്‍റും 77.78 പോയിന്‍റ് ശതമാനവുമാണ് ഓസീസിനുള്ളത്. രണ്ടാമതുള്ള ദക്ഷിണാഫ്രിക്കയ്‌ക്ക് 60 പോയിന്‍റും 71.43 പോയിന്‍റ് ശതമാനവുമുണ്ട്. വെസ്റ്റ്‌ഇന്‍ഡീസാണ് അഞ്ചാം സ്ഥാനത്ത്. 54 പോയിന്‍റും 50 പോയിന്‍റ് ശതമാനവുമാണ് സംഘത്തിനുള്ളത്.
അതേസമയം എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റില്‍ ഏഴ് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്‌ടപ്പെടുത്തി ഇംഗ്ലണ്ട് മറികടന്നു. സെഞ്ച്വറി പ്രകടനവുമായി പുറത്താവാതെ നിന്ന ജോ റൂട്ടും, ജോണി ബെയർസ്റ്റോയുമാണ് ഇംഗ്ലീഷ് വിജയം ഉറപ്പിച്ചത്.
ജോ റൂട്ട് 173 പന്തില്‍ 19 ഫോറും ഒരു സിക്‌സും സഹിതം 142 റണ്‍സ് നേടിയപ്പോള്‍, ബെയർസ്റ്റോ 145 പന്തില്‍ 15 ഫോറും ഒരു സിക്‌സും സഹിതം 114 റണ്‍സും അടിച്ചെടുത്തു. നാലാം വിക്കറ്റില്‍ 269 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് റൂട്ടും ബെയർസ്റ്റോയും ഉയര്‍ത്തിയത്.
ഇതോടെ അഞ്ച് മത്സര പരമ്പര 2-2ന് സമനിലയിലാക്കാന്‍ ഇംഗ്ലണ്ടിനായി. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് പിന്തുടർന്ന് നേടുന്ന ഏറ്റവും വലിയ വിജയമാണ് ഇന്ത്യയ്‌ക്കെതിരെ നേടിയത്. 378 റൺസ് പിന്തുടർന്ന് ജയിച്ച ഇംഗ്ലണ്ട് ഇതിനുമുൻപ് ഓസ്‌ട്രേലിയക്കെതിരെ നേടിയ റെക്കോഡാണ് തിരുത്തിക്കുറിച്ചത്.
also read: അപരാജിതരായി റൂട്ടും ബെയർസ്റ്റോയും; എഡ്‌ജ്‌ബാസ്റ്റണില്‍ ഇംഗ്ലീഷ് പരീക്ഷ തോറ്റ് ഇന്ത്യ