മുംബൈ : ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിനിടെ തള്ളവിരലിന് പരിക്കേറ്റ രോഹിത്തിന് മൂന്നാം ഏകദിനവും ആദ്യ ടെസ്റ്റും നഷ്‌ടമാവുകയായിരുന്നു. രോഹിത് മടങ്ങിയെത്തുമ്പോള്‍ രണ്ടാം ടെസ്റ്റിനുള്ള ടീം തെരഞ്ഞെടുപ്പ് തലവേദനയായേക്കും.
രോഹിത്തിന്‍റെ അഭാവത്തില്‍ ശുഭ്‌മാന്‍ ഗില്ലിനൊപ്പം കെഎല്‍ രാഹുലാണ് ഓപ്പണിങ്ങിനെത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ ഗില്‍ സെഞ്ചുറി നേടി തിളങ്ങിയിരുന്നു. മോശം ഫോമിലാണെങ്കിലും വൈസ് ക്യാപ്റ്റനായ രാഹുലിനെ ഒഴിവാക്കുക എളുപ്പമാകില്ല.
ഈ സാഹചര്യത്തില്‍ ആരാവും നിലവിലെ ടീമില്‍ നിന്നും പുറത്തുപോവുകയെന്ന വിലയിരുത്തല്‍ നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം വസീം ജാഫര്‍. തെരഞ്ഞെടുപ്പ് രാഹുലും ഗില്ലും തമ്മിലുള്ളതാണെങ്കിലും, തിരിച്ചെത്തുന്ന രോഹിത്തിന് ഒരു ബോളര്‍ വഴിയൊരുക്കേണ്ടിവരുമെന്നാണ് ജാഫർ അഭിപ്രായപ്പെട്ടിരിക്കുന്നത്.
"ബാറ്റർമാര്‍ മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ ബോളര്‍മാര്‍ പുറത്താകുമെന്ന് ഒരു പഴഞ്ചൊല്ലുണ്ട്. അതിനാൽ, രോഹിത് മടങ്ങിയെത്തുമ്പോള്‍ ഒരു ബോളറെ കുറയ്‌ക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അതൊരു സ്‌പിന്നറാവുമെന്നും നമുക്ക് കാണാന്‍ കഴിയും" - ജാഫര്‍ പറഞ്ഞു.
also read: IND vs BAN | ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് : രോഹിത് ശര്‍മ കളിക്കുമെന്ന് റിപ്പോര്‍ട്ട്
അതേസമയം ചിറ്റഗോങ്ങില്‍ പുരോഗമിക്കുന്ന ആദ്യ ടെസ്റ്റില്‍ അഞ്ച് ബോളര്‍മാരുമായാണ് ഇന്ത്യ കളിക്കുന്നത്. പേസര്‍മാരായി മുഹമ്മദ് സിറാജും ഉമേഷ് യാദവും ഇടം നേടിയപ്പോള്‍ സ്‌പിന്നര്‍മാരായി ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് പ്ലേയിങ് ഇലവനിലെത്തിയത്. ആദ്യ ഇന്നിങ്‌സില്‍ കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റ് പ്രകടനവുമായി തിളങ്ങിയപ്പോള്‍ അക്‌സര്‍ പട്ടേലിന് ഒരു വിക്കറ്റ് ലഭിച്ചിരുന്നു. എന്നാല്‍ വെറ്ററന്‍ സ്‌പിന്നറായ അശ്വിന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല.