ചിറ്റഗോങ്: ഇന്ത്യയ്‌ക്ക് എതിരായ ഒന്നാം ടെസ്റ്റില്‍ ബംഗ്ലാദേശിന് 513 റണ്‍സ് വിജയ ലക്ഷ്യം. മത്സരത്തിന്‍റെ മൂന്നാം ദിനം 254 റൺസിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 258 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സെഞ്ച്വറി നേടിയ ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര എന്നിവരുടെ മിന്നും പ്രകടനമാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
152 പന്തില്‍ 10 ഫോറും മൂന്ന് സിക്‌സും സഹിതം 110 റണ്‍സെടുത്ത ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. താരത്തിന്‍റെ കരിയറിലെ ആദ്യ ടെസ്‌റ്റ് സെഞ്ച്വറിയാണിത്. 130 പന്തില്‍ 13 ഫോറുകള്‍ സഹിതം 102 റണ്‍സെടുത്ത പുജാര പുറത്താവാതെ നിന്നു. കെഎല്‍ രാഹുലിന്‍റേതാണ് (62 പന്തില്‍ 23) ഇന്ത്യയ്‌ക്ക് നഷ്‌ടമായ മറ്റൊരു വിക്കറ്റ്.
പുജാരയ്‌ക്കൊപ്പം വിരാട് കോലിയും (29 പന്തില്‍ 19) പുറത്താവാതെ നിന്നു. ബംഗ്ലാദേശിനായി ഖാലിദ് അഹമ്മദ്, മെഹിദി ഹസൻ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ നേടിയ 404 റണ്‍സിന് മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 150 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യയ്ക്കായി 40 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ കുല്‍ദീപ് യാദവാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. കുല്‍ദീപിന്‍റെ ടെസ്റ്റ് കരിയറിലെ മികച്ച പ്രകടനമാണിത്.
മുഹമ്മദ് സിറാജ് 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോൾ ഉമേഷ് യാദവ്, അക്‌സർ പട്ടേല്‍ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി. ബംഗ്ലാദേശ് നിരയില്‍ 28 റൺസെടുത്ത മുഷ്‌ഫിക്കർ റഹിമാണ് ടോപ് സ്‌കോറർ. സാകിർ ഹസൻ (20), ലിറ്റൺ ദാസ് ( 24), നുറുൾ ഹസൻ (16), മെഹിദി ഹസൻ മിറാസ് ( 25), ഇബാദത് ഹൊസൈൻ (17) എന്നിവരാണ് രണ്ടക്കം കടന്ന ബാറ്റർമാർ.
Also read: 'അവന് അമിത ഭാരം, ഫിറ്റ്‌നസ് മോശമാണ്' ; പന്തിനെതിരെ പാക് മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്