ധാക്ക: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. ചെറിയ ടോട്ടൽ പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശിന്‍റെ ഒമ്പത് വിക്കറ്റുകളും പിഴുത് വിജയം ഉറപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യ അവിശ്വസനീയ തോൽവി ചോദിച്ചുവാങ്ങിയത്. അവസാന ഓവറുകളിൽ നായകൻ രോഹിത് ശർമയുടെ തന്ത്രങ്ങളെല്ലാം പാളിയതും മെഹ്‌ദി ഹസന്‍റെ നിർണായക ക്യാച്ച് കെഎൽ രാഹുൽ പാഴാക്കിയതും ടീമിനെ തോൽവിയിലേക്ക് നയിച്ചു.
ഇന്ത്യയുടെ 186 റണ്‍സ് എന്ന ചെറിയ ടോട്ടൽ പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശ് ഒരു ഘട്ടത്തിൽ 39.3 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ 136 എന്ന നിലയിലായിരുന്നു. എന്നാൽ അവസാന വിക്കറ്റിൽ ഒത്തുചേർന്ന മെഹ്‌ദി ഹസനും(38) മുസ്‌തഫിസുർ റഹ്‌മാനും(10) ചേർന്ന് ഇന്ത്യയുടെ കയ്യിൽ നിന്ന് മത്സരം പിടിച്ചെടുക്കുകയായിരുന്നു. അവസാന വിക്കറ്റിൽ ഇരുവരും ചേർന്ന് 54 റണ്‍സിന്‍റെ തകർപ്പൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
ഇന്ത്യയുടെ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശിനെ ദീപക് ചഹാർ ആദ്യ പന്തിൽ തന്നെ ഞെട്ടിച്ചു. ഓപ്പണർ ഹുസൈൻ ഷാന്‍റോ(0) അക്കൗണ്ട് തുറക്കുന്നതിന് മുന്നേ തന്നെ മടങ്ങി. തൊട്ടുപിന്നാലെ അനാമൽ ഹഖ്(14) മടങ്ങിയതോടെ ബംഗ്ലാദേശ് സമ്മർദത്തിലായി. എന്നാൽ പിന്നീടൊന്നിച്ച ലിറ്റണ്‍ ദാസ്(41), ഷാക്കിബ് അൽ ഹസൻ സഖ്യം(29) ബംഗ്ലാദേശിനായി നിർണായകമായ 48 റണ്‍സ് കൂട്ടിച്ചേർത്തു.
എന്നാൽ ലിറ്റണ്‍ ദാസിനെ മടക്കി വാഷിങ്ടണ്‍ സുന്ദർ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. പിന്നാലെ ഷാക്കിബ് അൽ ഹസനും മടങ്ങിയതോടെ ബംഗ്ലാദേശ് നാല് വിക്കറ്റ് നഷ്‌ടത്തിൽ 95 എന്ന നിലയിലായി. തുടർന്നിറങ്ങിയ മുഷ്‌ഫിഖുർ റഹ്‌മാൻ(18), മുഹമ്മദുള്ള(14), ആഫീഫ് ഹുസൈൻ(6), ഇബാദത്ത് ഹുസൈൻ(0), ഹസൻ മഹ്‌മൂദ്(0) എന്നിവരും വളരെ പെട്ടന്ന് മടങ്ങി. ഇതോടെ ഇന്ത്യ വിജയവും ഉറപ്പിച്ചു.
കൈവിട്ട വിജയം: എന്നാൽ അവസാന വിക്കറ്റിൽ ഒത്തുചേർന്ന മെഹ്‌ദി ഹസനും, മുസ്‌തഫിസുർ റഹ്‌മാനും ചേർന്ന് ഇന്ത്യയുടെ സ്വപ്‌നങ്ങളെ തല്ലിത്തകർക്കുകയായിരുന്നു. മികച്ച രീതിയിൽ പന്തെറിഞ്ഞുകൊണ്ടിരുന്ന ഇന്ത്യൻ ബോളിങ് നിരയെ മെഹ്‌ദി ഹസൻ ശ്രദ്ധയോടെത്തന്നെ നേരിട്ടു. ഇതിനിടെ കെഎൽ രാഹുലിന് ലഭിച്ച ക്യാച്ച് താരം കൈവിട്ടതും ഇന്ത്യക്ക് തിരിച്ചടിയായി.
ഒടുവിൽ തകർപ്പനൊരു ബൗണ്ടറിയോടെ മെഹ്‌ദി ബംഗ്ലാദേശിന് വിജയവും സമ്മാനിച്ചു. ഇന്ത്യക്കായി 10 ഓവറിൽ 32 റണ്‍സ് വഴങ്ങി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ അഞ്ച് ഓവർ വീതമെറിഞ്ഞ കുൽദീപ് സെന്നും വാഷിങ്ടണ്‍ സുന്ദറും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ദീപക് ചഹാർ, ഷാർദുൽ താക്കൂർ എന്നിവരും ഓരോ വിക്കറ്റ് വീതം നേടി.
ബാറ്റിങ് മറന്ന ഇന്ത്യ: നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 41.2 ഓവറിൽ വെറും 186 റണ്‍സിന് ഓൾഔട്ട് ആവുകയായിരുന്നു. ഒറ്റയാൾ പോരാട്ടം നടത്തിയ കെഎൽ രാഹുലിന്‍റെ (73) മികവിലാണ് ഇന്ത്യ ഈ സ്‌കോറിലെങ്കിലും എത്തിച്ചേർന്നത്. രാഹുലിനെക്കൂടാതെ രോഹിത് ശർമ(27), ശ്രേയസ് അയ്യർ(24), വാഷിങ്‌ടണ്‍ സുന്ദർ(19) എന്നിവർക്ക് മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടക്കാനായത്.
ശിഖർ ധവാൻ(7), വിരാട് കോലി(9), ഷഹ്‌ബാസ് അഹമ്മദ്(0), ഷാർദുൽ താക്കൂർ(2), ദീപക് ചഹാർ(2), മുഹമ്മദ് സിറാജ്(9), കുൽദീപ് സെൻ(2) എന്നിവർ നിരാശപ്പെടുത്തി. 10 ഓവറിൽ 36 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ഷാക്കിബ് അൽ ഹസനും, 8.2 ഓവറിൽ 47 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ എബാദത്ത് ഹൊസൈനും ചേർന്നാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തെറിഞ്ഞത്. മെഹ്‌ദി ഹസൻ ഒരു വിക്കറ്റും വീഴ്‌ത്തി.