ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്ക് എതിരെ ഓസ്‌ട്രേലിയയ്‌ക്ക് 173 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ നേടിയ 469 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ 296 റണ്‍സില്‍ പുറത്താവുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ അജിങ്ക്യ രഹാനെ (89), ശാര്‍ദുല്‍ താക്കൂര്‍ (51) എന്നിവര്‍ക്ക് പുറമെ രവീന്ദ്ര ജഡേജയും (48) മാത്രമാണ് ഇന്ത്യയ്‌ക്കായി പൊരുതിയത്.
ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയതോടെ ജഡേജയ്‌ക്കും പിന്നീട് ശാര്‍ദുല്‍ താക്കൂറിനുമൊപ്പം ചേര്‍ന്ന് അജിങ്ക്യ രഹാനെ നടത്തിയ പോരാട്ടമാണ് ഇന്ത്യയെ ഫോളോ ഓണ്‍ വഴങ്ങാതെ രക്ഷപ്പെടുത്തിയത്. അഞ്ചാം വിക്കറ്റില്‍ ജഡേജയ്‌ക്കൊപ്പം 71 റണ്‍സും, ശാര്‍ദുലിനൊപ്പം ഏഴാം വിക്കറ്റില്‍ 109 റണ്‍സുമാണ് രഹാനെ കൂട്ടിച്ചേര്‍ത്തത്.
അഞ്ചിന് 151 റണ്‍സ് എന്ന നിലയിലാണ് മത്സരത്തിന്‍റെ മൂന്നാം ദിനമായ ഇന്ന് ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ചത്. ദിവസം പുറത്താവാതെ നിന്ന അജിങ്ക്യ രഹാനെയും ശ്രീകര്‍ ഭരതുമാണ് ആദ്യം ബാറ്റുചെയ്യാന്‍ എത്തിയത്. എന്നാല്‍ തുടക്കം തന്നെ ശ്രീകര്‍ ഭരത്തിനെ (5) ബോലാന്‍ഡ് ക്ലീന്‍ ബൗള്‍ഡാക്കി.
തലേന്നത്തെ തന്‍റെ വ്യക്തിഗത സ്‌കോറിനോട് ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാന്‍ ഭരത്തിന് കഴിഞ്ഞില്ല. ഇതോടെ ഇന്ത്യ തകരുമെന്ന് തോന്നിച്ചെങ്കിലും ക്രീസിലുറച്ച രഹാനെയും ശാര്‍ദുലും ചേര്‍ന്ന് ഇന്ത്യയെ ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്നും രക്ഷപ്പെടുത്തി. മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന ഈ കൂട്ടുകെട്ട് രഹാനെയെ സ്ലിപ്പില്‍ കാമറൂണ്‍ ഗ്രീനിന്‍റെ കയ്യിലെത്തിച്ച് പാറ്റ് കമ്മിന്‍സാണ് പൊളിച്ചത്. രഹാനെ മടങ്ങുമ്പോള്‍ 261 റണ്‍സായിരുന്നു ഇന്ത്യന്‍ ടോട്ടലില്‍ ഉണ്ടായിരുന്നത്.
തുടര്‍ന്നെത്തിയ ഉമേഷ് യാദവിനേയും (5) കമ്മിന്‍സ് നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. പിന്നാലെ അര്‍ധ സെഞ്ചുറി തികച്ച ശാര്‍ദുലിനെ കാമറൂണ്‍ ഗ്രീന്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കയ്യില്‍ എത്തിച്ചു. മുഹമ്മദ് ഷമിയുടെ (13) വിക്കറ്റാണ് ഇന്ത്യയ്‌ക്ക് അവസാനമായി നഷ്‌ടമായത്. മുഹമ്മദ് സിറാജ് (0) പുറത്താവാതെ നിന്നു. രോഹിത് ശര്‍മ (15), ശുഭ്‌മാന്‍ ഗില്‍ (13), ചേതേശ്വര്‍ പുജാര (14), വിരാട് കോലി (14) രവീന്ദ്ര ജഡേജ എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്‌ക്ക് മത്സരത്തിന്‍റെ രണ്ടാം ദിനമായ ഇന്നലെ നഷ്‌ടമായിരുന്നു.
ഓസ്‌ട്രേലിയയ്‌ക്കായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. മിച്ചല്‍ മാര്‍ഷ്, സ്‌കോട്ട് ബൊലാന്‍ഡ്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ നഥാന്‍ ലിയോണ്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
നേരത്തെ സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ് എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറി പ്രകടനമാണ് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയയെ മികച്ച നിലയില്‍ എത്തിച്ചത്. ട്രാവിസ് ഹെഡ് ഏകദിന ശൈലിയില്‍ കളിച്ച് 163 റണ്‍സ് അടിച്ചെടുത്തപ്പോള്‍ 121 റണ്‍സാണ് സ്റ്റീവ് സ്‌മിത്ത് നേടിയത്. ഇന്ത്യയ്‌ക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് ഷമി, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ രവീന്ദ്ര ജഡേജയ്‌ക്ക് ഒരു വിക്കറ്റുണ്ട്.
ALSO READ: ODI World Cup| ജിയോ സിനിമയ്‌ക്ക് മുട്ടന്‍ പണി; വമ്പന്‍ പ്രഖ്യാപനവുമായി ഡിസ്‌നി+ഹോട്സ്റ്റാര്‍