മൊഹാലി: ഇന്ത്യ- ഓസ്‌ട്രേലിയ ടി20 പരമ്പരയ്‌ക്ക് നാളെ (20.10.22) തുടക്കം. മൊഹാലിയില്‍ വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുക. ടി20 ലോക കപ്പിന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഇന്ത്യ ഓസീസിനെതിരെ കളിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയുടെ ഭാഗമായുള്ളത്.
ഏഷ്യ കപ്പ് തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മയും സംഘവും കളിക്കുന്ന ആദ്യ മത്സരമാണിത്. ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും തിരിച്ചെത്തിയത് ഇന്ത്യയുടെ ബോളിങ് യൂണിറ്റിന്‍റെ കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. കൊവിഡ് ബാധിതനായ പേസര്‍ മുഹമ്മദ് ഷമിക്ക് പകരം ഉമേഷ് യാദവ് ടീമിലിടം നേടി. ഇന്ത്യയുടെ ഓപ്പണര്‍ റോളില്‍ വിരാട് കോലിയെത്തിയേക്കുമെന്ന സൂചന ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേരത്തെ നല്‍കിയിരുന്നു.
മറുവശത്ത് അരോണ്‍ ഫിഞ്ച് നയിക്കുന്ന ടീമില്‍ നിന്നും പരിക്കേറ്റതിനെ തുടര്‍ന്ന് മാര്‍ക്കസ് സ്റ്റോയ്‌നിസ്, മിച്ചല്‍ മാര്‍ഷ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ പുറത്തായിരുന്നു. ഫാസ്റ്റ് ബൗളർ നഥാൻ എല്ലിസ്, ഓൾറൗണ്ടർമാരായ ഡാനിയൽ സാംസ്, സീൻ ആബട്ട് എന്നിവരാണ് സ്‌ക്വഡില്‍ ഇടം പിടിച്ചത്. വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും പരമ്പരയ്‌ക്കിറങ്ങുന്നില്ല.
എവിടെ കാണാം: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 പരമ്പര സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കാണ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. കൂടാതെ ഡിസ്നി പ്ലസ് ഹോട്‌സ്റ്റാറിലും ലൈവ് സ്‌ട്രീമിങ്ങുണ്ട്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യൂസ്വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രി ബുമ്ര, ദീപക് ചാഹര്‍.
ഓസ്‌ട്രേലിയ: സീൻ ആബട്ട്, ആഷ്ടൺ അഗർ, പാറ്റ് കമ്മിൻസ്, ടിം ഡേവിഡ്, നഥാൻ എല്ലിസ്, ആരോൺ ഫിഞ്ച് (സി), കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്‌സ്‌വെൽ, കെയ്ൻ റിച്ചാർഡ്‌സൺ, ഡാനിയൽ സാംസ്, സ്റ്റീവ് സ്മിത്ത്, മാത്യൂ വെയ്‌ഡ്, ആദം സാംപ.