വിശാഖപട്ടണം: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ ജയം. ഇന്ത്യയുടെ 117 റണ്‍സ് പിന്തുടർന്നിറങ്ങിയ ഓസ്‌ട്രേലിയ 11 ഓവറിൽ വിക്കറ്റ് നഷ്‌ടം കൂടാതെ ലക്ഷ്യം മറികടക്കുകയായിരുന്നു. ഓപ്പണർമാരായ മിച്ചൽ മാർഷ് (66), ട്രാവിസ് ഹെഡ് (51) എന്നിവരാണ് ഓസ്‌ട്രേലിയക്ക് അനായാസ ജയമൊരുക്കിയത്. നേരത്തെ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ മിച്ചൽ സ്റ്റാർക്കാണ് ഇന്ത്യയുടെ ബാറ്റിങ് നിരയെ തകർത്തെറിഞ്ഞത്.
ഇന്ത്യൻ ബാറ്റർമാരെ കുഴപ്പിച്ച പിച്ചിൽ ഓസീസ് ബാറ്റർമാരും വെള്ളം കുടിക്കും എന്നായിരുന്നു ആരാധകരുടെ കണക്കുകൂട്ടൽ. എന്നാൽ പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട് മിച്ചൽ മാർഷും, ട്രാവിസ് ഹെഡും ചേർന്ന് ഇന്ത്യൻ ബോളർമാരെ ടി20 ശൈലിയിൽ അടിച്ച് പറത്തുകയായിരുന്നു. ഇന്ത്യ ഉയർത്തിയ കുഞ്ഞൻ വിജയലക്ഷ്യം കുറഞ്ഞ ഓവറുകളിൽ തന്നെ മറികടക്കാനുദ്ദേശിച്ചാണ് ഓസ്‌ട്രേലിയൻ ഓപ്പണർമാർ ക്രീസിലെത്തിയത്.
മുഹമ്മദ് ഷമി മൂന്ന് ഓവറിൽ 29 റണ്‍സും, മുഹമ്മദ് സിറാജ് മൂന്ന് ഓവറിൽ 37 റണ്‍സും, അക്‌സർ പട്ടേൽ മൂന്ന് ഓവറിൽ 25 റണ്‍സും വിട്ടുകൊടുത്തു. ഒരോവർ മാത്രമെറിഞ്ഞ ഹാർദിക് പാണ്ഡ്യ 18 റണ്‍സാണ് വഴങ്ങിയത്. മൂന്ന് സിക്‌സുകളാണ് ഹാർദികിന്‍റെ ആ ഓവറിൽ മിച്ചൽ മാർഷ് നേടിയത്. ഒരു ഓവറിൽ 12 റണ്‍സ് വിട്ടുനൽകിയ കുൽദീപ് യാദവ് മാത്രമാണ് കൂട്ടത്തിൽ കുറച്ച് അടിവാങ്ങിയത്.
മിന്നൽ സ്റ്റാർക്ക്: നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 26 ഓവറിൽ 117 റണ്‍സിന് ഓൾഔട്ട് ആവുകയായിരുന്നു. മിച്ചൽ സ്റ്റാർക്കിന്‍റെ ഉജ്ജ്വല ബോളിങ് പ്രകടനമാണ് ഇന്ത്യയെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. 35 പന്തിൽ 31 റണ്‍സ് നേടിയ വിരാട് കോലിക്ക് മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചു നിൽക്കാനായത്. വാലറ്റത്ത് 29 റണ്‍സുമായി പിടിച്ചുനിന്ന അക്‌സർ പട്ടേലിന്‍റെ പ്രകടനവും ടീമിനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റുന്നതിൽ സഹായകരമായി.
ഇന്ത്യൻ നിരയിൽ ഏഴ് താരങ്ങൾക്ക് രണ്ടക്കം തൊടാനായില്ല. ഇതിൽ നാല് പേർ പൂജ്യത്തിന് പുറത്താവുകയായിരുന്നു. ഇന്നിങ്‌സിന്‍റെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനെ പൂജ്യത്തിന് പുറത്താക്കിക്കൊണ്ടാണ് മിച്ചൽ സ്റ്റാർക്ക് വിക്കറ്റ് വേട്ട ആരംഭിച്ചത്. തൊട്ടുപിന്നാലെ 15 റണ്‍സുമായി നായകൻ രോഹിത് ശർമയും പുറത്തായി. തുടർന്ന് ക്രീസിലെത്തിയ വിരാട് കോലി ശ്രദ്ധയോടെ ബാറ്റ് വീശി നിലയുറപ്പിച്ചു.
എന്നാൽ ഇതിനിടെ സൂര്യകുമാർ യാദവ് (0), കെഎൽ രാഹുൽ (9), ഹാർദിക് പാണ്ഡ്യ(1) എന്നിവർ നിരനിരയായി പുറത്തായി. തുടർന്നെത്തിയ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് വിരാട് കോലി സ്‌കോർ മെല്ലെ ഉയർത്തി. എന്നാൽ ടീം സ്‌കോർ 71ൽ നിൽക്കെ 31 റണ്‍സുമായി വിരാട് കോലിയും പുറത്തായി. തുടർന്നിറങ്ങിയ അക്‌സർ പട്ടേൽ ജഡേജയോടൊപ്പം നിലയുറപ്പിക്കാൻ ശ്രമിച്ചു.
എന്നാൽ ടീം സ്‌കോർ 91ൽ നിൽക്കെ രവീന്ദ്ര ജഡേജയും പുറത്തായതോടെ ഇന്ത്യ വൻ തകർച്ച ഉറപ്പിച്ചു. പിന്നാലെ കുൽദീപ് യാദവ് (4), മുഹമ്മദ് ഷമി (0), മുഹമ്മദ് സിറാജ് (0) എന്നിവരും പുറത്തായി. അക്‌സർ പട്ടേൽ 29 പന്തിൽ 29 റണ്‍സുമായി പുറത്താകാതെ നിന്നു. ഓസീസ് നിരയിൽ അഞ്ച് വിക്കറ്റ് നേടിയ സ്റ്റാർക്കിനെ കൂടാതെ സീൻ അബോട്ട് മൂന്ന് വിക്കറ്റും, നഥാൻ എല്ലിസ് രണ്ട് വിക്കറ്റും നേടി.