കറാച്ചി: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ആദ്യ മത്സരത്തിലൂടെയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. നാഗ്‌പൂരില്‍ നടന്ന മത്സരത്തില്‍ സൂര്യയ്‌ക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. 20 പന്തില്‍ എട്ട് റണ്‍സെടുത്ത സൂര്യ നഥാന്‍ ലയോണിന്‍റെ പന്തില്‍ ബൗള്‍ഡായാണ് തിരിച്ച് കയറിയത്.
ഈ പ്രകടനത്തിന് പിന്നാലെ ടി20യില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററായ സൂര്യയ്‌ക്ക് ഒരു ഉപദേശവുമായെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍റെ മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. ടി20യില്‍ കളിക്കുന്നത് പോലെയല്ല ടെസ്റ്റ് കളിക്കേണ്ടതെന്നാണ് സൂര്യയ്‌ക്ക് ബട്ടിന്‍റെ ഉപദേശം. തന്‍റെ യൂട്യൂബ് ചാനലിലാണ് പാക് മുന്‍ നായകന്‍ ഇക്കാര്യം പറഞ്ഞത്.
ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുമ്പോള്‍ ക്രീസില്‍ കൂടുതല്‍ സമയം ചിലവഴിക്കാന്‍ താരം ശ്രമിക്കണമെന്നും ബട്ട് പറഞ്ഞു. "ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു സ്‌പെല്ലില്‍ മൂന്നോ നാലോ വിക്കറ്റുകള്‍ വീഴ്ത്തി ഒരു ബോളര്‍ക്ക് മത്സരത്തിന്‍റെ ഗതി മാറ്റാന്‍ സാധിച്ചേക്കും. എന്നാല്‍ ഒറ്റ സെഷന്‍ കൊണ്ട് കളിയുടെ ഗതി മാറ്റിയ എത്ര ബാറ്റര്‍മാരുണ്ട്?.
ബാറ്റര്‍മാര്‍ക്ക് കൂടുതല്‍ സമയം വേണം. ഒറ്റ സെഷനില്‍ കളി തിരിച്ച സന്ദര്‍ഭം ബാറ്റര്‍മാരുടെ കരിയറില്‍ വളരെ അപൂര്‍വമാണ്. ടെസ്റ്റും ടി20യും വളരെ വ്യത്യസ്‌തമായ ഫോര്‍മാറ്റുകളാണ്. ക്രീസിൽ ഉറച്ച് നിന്ന് കളിക്കാന്‍ കഴിവുള്ള താരമാണ് സൂര്യ. ടി20യിലേത് പോലെ ടെസ്റ്റില്‍ കളിക്കേണ്ടതില്ല", സല്‍മാന്‍ ബട്ട് പറഞ്ഞു.
ശ്രേയസ് വന്നാല്‍ സൂര്യ പുറത്ത്?: ശ്രേയസ് അയ്യരുടെ അഭാവത്തിലായിരുന്നു ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ സൂര്യയ്‌ക്ക് അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. നടുവിനേറ്റ പരിക്കാണ് മധ്യനിരയില്‍ ഇന്ത്യയുടെ വിശ്വസ്‌തനായ ശ്രേയസിനെ നാഗ്‌പൂരില്‍ നടന്ന മത്സരത്തില്‍ നിന്നും പുറത്തിരുത്തിയത്. ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ ഫെബ്രുവരി 17ന് ഡല്‍ഹിയില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ താരത്തിന് കളിക്കാനായേക്കും.
ഇതോടെ സൂര്യ പ്ലേയിങ് ഇലവനില്‍ നിന്നും പുറത്തായേക്കും. എന്നാല്‍ നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള ശ്രേയസിന്‍റെ ഫിറ്റ്‌നസുമായി സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളുണ്ടായിട്ടില്ല. ശ്രേയസ് തിരിച്ചെത്തിയില്ലെങ്കില്‍ സൂര്യ തുടരാനാണ് സാധ്യത.
ഡല്‍ഹിയില്‍ ഒപ്പമെത്താന്‍ ഓസീസ്: നാഗ്‌പൂര്‍ ടെസ്റ്റില്‍ വിജയിച്ച ഇന്ത്യ നാല് മത്സര പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്. വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്‍റെ മൂന്നാം ദിനം ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ഓസീസ് തോല്‍വി സമ്മതിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് നേടിയ 177 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ 400 റണ്‍സെടുത്തിരുന്നു.
ഇതോടെ 223 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ സന്ദര്‍ശകര്‍ 91 റണ്‍സില്‍ പുറത്താവുകയായിരുന്നു. ഇന്ത്യയില്‍ ഓസീസിന്‍റെ ഏറ്റവും ചെറിയ ഇന്നിങ്‌സ് സ്‌കോറാണിത്. ഇതോടെ ഡല്‍ഹിയില്‍ കളി പിടിച്ച് ഒപ്പമെത്താനാവും ഓസീസിന്‍റെ ശ്രമം.
വമ്പന്‍ അഴിച്ചുപണി: ഫെബ്രുവരി 17 മുതലാണ് ഡൽഹിയില്‍ രണ്ടാം ടെസ്റ്റ് ആരംഭിക്കുക. ഡല്‍ഹിയില്‍ പ്ലേയിങ് ഇലവനില്‍ കാര്യമായ അഴിച്ചുപണിയോടെയാവും ഓസീസ് ഇറങ്ങുക. നാഗ്‌പൂരില്‍ മോശം പ്രകടനം നടത്തിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ ടീം പുറത്തിരുത്തുമെന്നാണ് റിപ്പോര്‍ട്ടുള്ളത്.
സ്‌പിന്‍ ഓള്‍റൗണ്ടര്‍ ട്രാവിസ് ഹെഡാകും വാര്‍ണര്‍ക്ക് പകരമെത്തുക. പരിക്കിനെ തുടര്‍ന്ന് നാഗ്‌പൂരില്‍ ഇറങ്ങാതിരുന്ന പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ എന്നിവരും പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ മത്സരത്തിലെ തോല്‍വിയിലെ ക്ഷീണം തീര്‍ത്ത് പരമ്പരയില്‍ ഒപ്പമെത്താനാവും ഡല്‍ഹിയില്‍ ഓസീസ് ലക്ഷ്യം വയ്‌ക്കുന്നത്.