അഹമ്മദാബാദ്: ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന് ഇന്ന് അഹമ്മദാബാദിൽ തുടക്കമാവുകയാണ്. ഇരു ടീമുകൾക്കും നിർണായകമായ മത്സരത്തിൽ പ്രധാന അതിഥികളായെത്തുന്നത് ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും പ്രധാനമന്ത്രിമാര്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ടോസിടുക. ഈ സമയത്ത് ഇന്ത്യൻ പ്രധാനമന്ത്രിയോടൊപ്പം താനും ഉണ്ടാകുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് അറിയിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ നാല് ദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യൻ സന്ദർശനത്തിനിടെയാണ് ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ നിർണായകമായ അവസാന മത്സരത്തിൽ ഇരുവരും പങ്കെടുക്കുന്നത്. ടോസിന് പിന്നാലെ മോദിയും ആൽബനീസും ചേർന്ന് മത്സരത്തിന്‍റെ ആദ്യ കുറച്ച് മിനിട്ടുകളിൽ കമന്‍ററി നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. തങ്ങൾ മത്സരത്തിന്‍റെ ഭാഗമാകുമെന്ന കാര്യം ഒരു ഓസ്‌ട്രേലിയൻ റേഡിയോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ആന്‍റണി ആൽബനീസ് തന്നെയാണ് അറിയിച്ചത്.
കാണികളിൽ റെക്കോഡിടുമോ?: ടെസ്റ്റ് മത്സരം കാണാൻ പ്രധാനമന്ത്രിമാർ എത്തുന്നു എന്നറിയിച്ചുകൊണ്ടുള്ള ബാനറുകൾ സ്റ്റേഡിയത്തിൽ ഉയർന്നുകഴിഞ്ഞു. പരമ്പരയിലെ അവസാന മത്സരമായതിനാലും, ഇരു പ്രധാനമന്ത്രിമാർ എത്തുന്നതിനാലും റെക്കോഡ് കാണികളെയാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അധികൃതർ പ്രതീക്ഷിക്കുന്നത്.
1,32,000 സീറ്റിങ് കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിൽ ഒരു ലക്ഷത്തിലധികം കാണികൾ എത്തുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെയായാൽ അത് ടെസ്റ്റ് മത്സരങ്ങളുടെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം കാണികൾ പങ്കെടുത്ത മത്സരമായി മാറും. 2013-14 സീസണിൽ മെൽബണിൽവച്ച് നടന്ന ആഷസ് മത്സരത്തിനാണ് നിലവിൽ ഏറ്റവുമധികം കാണികൾ പങ്കെടുത്ത മത്സരമെന്ന റെക്കോഡുള്ളത്.
91,112 പേരായിരുന്നു അന്നത്തെ മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയിരുന്നത്. എന്നാൽ അഹമ്മദാബാദിൽ നടക്കുന്ന ഇന്നത്തെ മത്സരത്തിൽ കാണികളുടെ എണ്ണത്തിലെ ഈ റെക്കോഡ് തിരുത്തിക്കുറിക്കുമെന്നാണ് വിലയിരുത്തൽ.
വിജയം അനിവാര്യം: നാല് മത്സരങ്ങളുടെ പരമ്പരയിൽ 2-1ന് മുന്നിട്ട് നിൽക്കുന്ന ഇന്ത്യക്ക് ഇന്നത്തെ മത്സരം വിജയിച്ചാലോ സമനിലയിലാക്കിയാലോ പരമ്പര സ്വന്തമാക്കാനാകും. ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയപ്പോൾ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയ തിരിച്ചടിക്കുകയായിരുന്നു.
കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ ഉറപ്പിക്കാനും ഇന്ത്യക്ക് നാലാം ടെസ്റ്റിന്‍റെ ഫലം ഏറെ നിർണായകമാണ്. വിജയിക്കുകയോ മത്സരം സമനിലയിലാവുകയോ ചെയ്‌താൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ ഉറപ്പിക്കാനാകും. മറിച്ചാണ് ഫലമെങ്കിൽ ശ്രീലങ്ക- ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയുടെ ഫലത്തിനായി കാത്തിരിക്കണം.
ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിലെ ഒൻപത് വിക്കറ്റ് ജയത്തോടെ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്. പട്ടികയിൽ ഇന്ത്യ നിലവിൽ രണ്ടാം സ്ഥാനത്താണ്. അഹമ്മദാബാദ് ടെസ്റ്റ് ഇന്ത്യ തോൽക്കുകയും ന്യൂസിലൻഡിനെതിരായ പരമ്പര ശ്രീലങ്ക ജയിക്കുകയും ചെയ്‌താൽ ശ്രീലങ്ക ഓസീസിനൊപ്പം ഫൈനൽ കളിക്കും.
ഷമി തിരിച്ചെത്തിയേക്കും: ഇന്നത്തെ മത്സരത്തിൽ ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. പേസർ മുഹമ്മദ് ഷമി ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് വിലയിരുത്തൽ. ആദ്യ രണ്ട് ടെസ്റ്റുകൾ കളിച്ച ഷമി മൂന്നാം ടെസ്റ്റിൽ കളിച്ചിരുന്നില്ല. പകരം ഉമേഷ് യാദവായിരുന്നു ടീമിൽ. ഇത്തവണ ഷമി എത്തുകയാണെങ്കിൽ ഉമേഷ് യാദവിനെ നിലനിർത്തി മുഹമ്മദ് സിറാജിന് വിശ്രമം അനുവദിക്കാനാണ് സാധ്യത.