ദുബായ്: ഓസ്ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ വിജയത്തോടെ ഐസിസി ടെസ്റ്റ് ടീം റാങ്കിങ്ങില്‍ ഒന്നാം നമ്പറായി ഇന്ത്യ. ഒന്നാം സ്ഥാനക്കാരായിരുന്ന ഓസ്‌ട്രേലിയയെ താഴെയിറക്കിയാണ് രണ്ടം റാങ്കുകാരായിരുന്ന ഇന്ത്യ തലപ്പത്തെത്തിയത്. 32 മത്സരങ്ങളില്‍ നിന്നും 115 റേറ്റിങ്ങാണ് ഇന്ത്യയ്‌ക്കുള്ളത്.
രണ്ടാം സ്ഥാനത്തേക്ക് വീണ ഓസീസിന് 29 മത്സരങ്ങളില്‍ നിന്നും 111 റേറ്റിങ്ങുണ്ട്. 47 മത്സരങ്ങളില്‍ നിന്ന് 106 റേറ്റിങ്ങുള്ള ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്. 27 കളികളില്‍ നിന്നും 100 റേറ്റിങ്ങുമായി ന്യൂസിലന്‍ഡാണ് നാലാം റാങ്കിലുള്ളത്. 29 മത്സരങ്ങളില്‍ നിന്നും 85 റേറ്റിങ്ങുള്ള ദക്ഷിണാഫ്രിക്ക അഞ്ചാമതാണ്.
നിലവില്‍ ടി20, ഏകദിന റാങ്കിങ്ങിലും ഇന്ത്യയാണ് തലപ്പത്തുള്ളത്. ടെസ്റ്റ് റാങ്കിങ്ങിലെ ഉയര്‍ച്ചയോടെ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും ലോക ഒന്നാം നമ്പര്‍ ടീമായും ഇന്ത്യ മാറി. ഇതാദ്യമായാണ് ഇന്ത്യ മൂന്ന് ഫോര്‍മാറ്റിലും ഒരുമിച്ച് റാങ്കിങ്ങില്‍ തലപ്പത്തെത്തുന്നത്.
തുടക്കം കിവികളെ വീഴ്‌ത്തി: ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ ടി20യില്‍ മാത്രമായിരുന്നു ഇന്ത്യ ഒന്നാം സ്ഥാനക്കാരായിരുന്നത്. എന്നാല്‍ ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര തൂത്തുവാരിയ സംഘം ഫോര്‍മാറ്റിലും തലപ്പത്തെത്തി. പരമ്പരയ്‌ക്കിറങ്ങുമ്പോള്‍ റാങ്കിങ്ങില്‍ ന്യൂസിലന്‍ഡ് ഒന്നാമതും ഇന്ത്യ മൂന്നാമതുമായിരുന്നു.
അതേസമയം ഓസീസിന് എതിരെ നാഗ്‌പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 132 റണ്‍സിനുമായിരുന്നു ഇന്ത്യ ജയം പിടിച്ചത്. രണ്ട് ഇന്നിങ്‌സുകളിലുമായി അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും ചേര്‍ന്ന് ഓസീസിനെ കറക്കി വീഴ്‌ത്തിയപ്പോള്‍ നായകന്‍ രോഹിത് ശര്‍മയുടെ സെഞ്ചുറി പ്രകടനവും ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടായി.
ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് നേടിയ 177 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ 400 റണ്‍സെടുത്തിരുന്നു. ഇതോടെ 223 റണ്‍സിന്‍റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ സന്ദര്‍ശകര്‍ 91 റണ്‍സില്‍ പുറത്താവുകയായിരുന്നു. ഇന്ത്യയില്‍ ഓസീസിന്‍റെ ഏറ്റവും ചെറിയ ഇന്നിങ്‌സ് സ്‌കോറാണിത്.
ഇനി ഡല്‍ഹിയില്‍: ഈ വിജയത്തോടെ നാല് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. പരമ്പരയിലെ അടുത്ത മത്സരം വെള്ളിയാഴ്‌ച ഡല്‍ഹിയിലാണ് നടക്കുക. ഡല്‍ഹിയില്‍ കളിപിടിച്ച് ഒപ്പമെത്താനാവും ഓസീസിന്‍റെ ശ്രമം.
സ്വന്തം മണ്ണില്‍ ഇന്ത്യയെ കീഴടക്കുകയെന്നതിനപ്പുറം ഡല്‍ഹിയിലെ ചരിത്രവും ഓസീസിന് എതിരാണ്. 63 വർഷം മുമ്പ് 1959 ഡിസംബറിന് ശേഷം ഡൽഹിയിൽ ഒരു ടെസ്റ്റ് മത്സരം വിജയിക്കാന്‍ ഓസീസിന് കഴിഞ്ഞിട്ടില്ല. 2017 ഡിസംബറിന് ശേഷം ആദ്യമായാണ് ഡല്‍ഹി ഒരു ടെസ്റ്റ് മത്സരത്തിന് വേദിയാവുന്നത്.
ഇന്‍ഡോറില്‍ മാര്‍ച്ച് ഒന്നിനും അഹമ്മദാബാദില്‍ മാര്‍ച്ച് ഒമ്പതിനുമാണ് പരമ്പരയിലെ മൂന്നും നാലും മത്സരങ്ങള്‍ ആരംഭിക്കുക. നേരത്തെ ധര്‍മ്മശാലയാണ് മൂന്നാം ടെസ്റ്റിനുള്ള വേദിയായി നിശ്ചിയിച്ചിരുന്നത്. എന്നാല്‍ ഔട്ട്‌ഫീൽഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് വേദി മാറ്റുകയാണെന്ന് ബിസിസിഐ അറിയിക്കുകയായിരുന്നു.
ബിസിസിഐ ക്യൂറേറ്റർ തപോഷ് ചാറ്റർജി നടത്തിയ പരിശോധനയ്‌ക്ക് ശേഷം ധര്‍മ്മശാലയിലെ ഔട്ട്ഫീൽഡ് ഒരു അന്താരാഷ്ട്ര മത്സരത്തിന് അനുയോജ്യമല്ലെന്ന് വിലയിരുത്തിയിരുന്നു.