മൊഹാലി: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്‌ക്ക് കൂറ്റൻ സ്‌കോർ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 208 റണ്‍സ് നേടി. ഹാർദിക് പാണ്ഡ്യ(71), കെഎൽ രാഹുൽ(55), സൂര്യകുമാർ യാദവ്(46) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയ്‌ക്ക് മികച്ച സ്‌കോർ നേടിക്കൊടുത്തത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്കായി ഓപ്പണർമാരായ രോഹിത് ശർമയും കെഎൽ രാഹുലും തകർപ്പൻ അടികളുമായാണ് ഇന്നിങ്‌സ് ആരംഭിച്ചത്. എന്നാൽ രണ്ടാം ഓവറിൽ തന്നെ രോഹിത് ശർമയെ (11) ഇന്ത്യയ്‌ക്ക് നഷ്‌ടമായി. പിന്നാലെയെത്തിയ വിരാട് കോലി(2) നിരാശ സമ്മാനിച്ച് മടങ്ങി. ഇതോടെ ഇന്ത്യ തകർച്ച മുന്നിൽ കണ്ടുവെങ്കിലും രാഹുലും സൂര്യകുമാറും ചേർന്ന് സ്‌കോർ ഉയർത്തി.
ഇരുവരും ചേർന്ന് 11-ാം ഓവറിൽ തന്നെ ടീം സ്‌കോർ 100 കടത്തി. തൊട്ടുപിന്നാലെ കെഎൽ രാഹുലിനെ ഇന്ത്യക്ക് നഷ്‌ടമായി. രാഹുലിന് പിന്നാലെ തന്നെ സൂര്യകുമാർ യാദവും മടങ്ങി. എന്നാൽ പിന്നീട് ഹാർദിക് പാണ്ഡ്യയുടെ ഒറ്റയാൾ വെടിക്കെട്ടിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഒരു വശത്ത് ബാറ്റർമാർ പൊഴിഞ്ഞുകൊണ്ടിരിക്കുമ്പോഴും പാണ്ഡ്യ ഒറ്റയാൾ പോരാട്ടം നടത്തി.
അക്‌സർ പട്ടേൽ(6), ദിനേഷ് കാർത്തിക്(6), ഹർഷൽ പട്ടേൽ(7) എന്നിവർ വളരെ വേഗം പുറത്തായി. എന്നാൽ ഓസീസ് ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച പാണ്ഡ്യ 30 പന്തിൽ ഏഴ് ഫോറിന്‍റെയും അഞ്ച് സിക്‌സിന്‍റെയും അകമ്പടിയോടെ ഇന്ത്യയെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു.