രാജ്കോട്ട്: മൂന്നാം ടി20യില്‍ ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്കയ്‌ക്ക് 229 റണ്‍സ് വിജയലക്ഷ്യം. സൂര്യകുമാര്‍ യാദവിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറി മികവിലാണ് മത്സരത്തില്‍ ഇന്ത്യന്‍ കൂറ്റന്‍ സ്കോര്‍ നേടിയത്. നാലാമനായി ഇറങ്ങിയ സൂര്യ 51 പന്തില്‍ ഒമ്പത് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 112 റണ്‍സ് അടിച്ചെടുത്തു.
ശുഭ്‌മാന്‍ ഗില്‍(46), രാഹുല്‍ ത്രിപാഠി(35), അക്‌സര്‍ പട്ടേല്‍(21) തുടങ്ങിയവരാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിങ്ങില്‍ ഇഷാന്‍ കിഷന്‍ തുടക്കത്തിലേ പുറത്തായെങ്കിലും വണ്‍ ഡൗണായി ഇറങ്ങിയ രാഹുല്‍ ത്രിപാഠിയും ഗില്ലും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി.
ആറാം ഓവറില്‍ ത്രിപാഠി പുറത്തായെങ്കിലും സൂര്യയും ഗില്ലും ചേര്‍ന്ന് അതിവേഗം സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു. 11-ാം ഓവറില്‍ നൂറ് കടന്ന ഇന്ത്യ 15 ഓവറാകും മുന്‍പെ 150 റണ്‍സിലുമെത്തി. നാലാം വിക്കറ്റില്‍ 111 റണ്‍സ് പാര്‍ട്‌ണര്‍ഷിപ്പ് ഉണ്ടാക്കിയ സൂര്യ - ഗില്‍ സഖ്യമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
സൂര്യയ്‌ക്ക് മികച്ച പിന്തുണയാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഗില്‍ നല്‍കിയത്. അവസാന ഓവറുകളില്‍ സൂര്യകുമാറും അക്‌സര്‍ പട്ടേലും ചേര്‍ന്നാണ് ഇന്ത്യയെ 200 കടത്തിയത്. മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ലങ്കന്‍ ബോളര്‍മാരെ കണക്കിന് ശിക്ഷിച്ചു. ശ്രീലങ്കന്‍ നിരയില്‍ ദില്‍ഷന്‍ മധുഷനക രണ്ട് വിക്കറ്റും രജിത, കരുണരത്‌നെ, ഹസരംഗ തുടങ്ങിയവര്‍ ഓരോ വിക്കറ്റ് വീതവും നേടി.