ന്യൂഡൽഹി: ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വനിത ഐപിഎൽ 2023 മാർച്ചിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. അഞ്ച് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റ് ഫെബ്രുവരിയിൽ നടക്കുന്ന ടി20 ലോകകപ്പിന് പിന്നാലെ ആരംഭിക്കുമെന്നും നാല് ആഴ്‌ചയോളം ടൂർണമെന്‍റ് നീണ്ടുനിൽക്കുമെന്നും ബിസിസിഐ അറിയിച്ചു.
'മാർച്ച് ആദ്യവാരം വനിത ഐപിഎൽ ആരംഭിക്കും. മത്സരങ്ങൾ ഒരു മാസക്കാലം നീണ്ടുനിൽക്കും. ദക്ഷിണാഫ്രിക്കയിൽ ഫെബ്രുവരി 9 മുതൽ 26 വരെ നടക്കുന്ന ടി20 ലോകകപ്പിന് പിന്നാലെ വനിത ഐപിഎൽ നടത്താൻ ഞങ്ങൾ പദ്ധതിയിടുന്നു. നിലവിൽ അഞ്ച് ടീമുകളാണുള്ളത്. എന്നാൽ നിക്ഷേപകർ എത്തുന്നതിനനുസരിച്ച് ടീമുകളുടെ എണ്ണം ആറായി ഉയർന്നേക്കാം.' ബിസിസിഐയിലെ ഉയർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
2023 ൽ തന്നെ വനിത ഐപിഎൽ ആരംഭിക്കുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും നേരത്തെ സ്ഥിരീകരിച്ചിരുന്നു. 2023ൽ സമ്പൂർണ വനിത ഐപിഎൽ ആരംഭിക്കുമെന്നും അത് പുരുഷന്മാരുടെ ഐപിഎൽ പോലെ വലുതും ഗംഭീര വിജയവുമായിരിക്കുമെന്നും ഗാംഗുലി അന്ന് വ്യക്‌തമാക്കിയിരുന്നു.
നിലവിൽ മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംങ്സ് തുടങ്ങിയ ടീമുകളെല്ലാം വനിത ടീമുകളെ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. യുടിവിയുടെ സ്ഥാപകൻ റോണി സ്ക്രൂവാലയും വനിത ഐപിഎല്ലിൽ ഫ്രാഞ്ചൈസിയെ സ്വന്തമാക്കാൻ താൽപര്യമുണ്ടെന്ന് ട്വീറ്റ് ചെയ്‌തിരുന്നു.