ദുബായ് : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ജേതാക്കൾക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. 3.8 മില്യൺ ഡോളറാണ് ടൂർണമെന്‍റിന്‍റെ ആകെ സമ്മാനത്തുക. 1.6 മില്യണ്‍ ഡോളറാണ് (ഏകദേശം 13.21കോടി) വിജയികൾക്ക് ലഭിക്കുക. റണ്ണേഴ്‌സപ്പിന് 800,000 ഡോളറും (6.50 കോടി രൂപ) സമ്മാനമായി ലഭിക്കും. ജൂണ്‍ ഏഴിന് ഇംഗ്ലണ്ടിലെ ഓവലിൽ ആരംഭിക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ കലാശപ്പോരിൽ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലാണ് ഏറ്റുമുട്ടുക.
കഴിഞ്ഞ തവണ നടന്ന പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഇതേ തുക തന്നെയാണ് സമ്മാനമായി നൽകിയിരുന്നത്. ഇത്തവണയും ഐസിസി അതിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 450,000 ഡോളറാണ് സമ്മാനമായി ലഭിക്കുക. നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 350,000 ഡോളറും അഞ്ചാം സ്ഥാനത്തുള്ള ശ്രീലങ്കയ്‌ക്ക് 200,000 ഡോളറും ലഭിക്കും. ശേഷിക്കുന്ന ടീമുകളായ ന്യൂസിലന്‍ഡ് (6), പാകിസ്ഥാന്‍ (7), വെസ്റ്റ് ഇന്‍ഡീസ് (8), ബംഗ്ലാദേശ് (9) എന്നിവര്‍ക്ക് 100,000 ഡോളര്‍ വീതം ലഭിക്കും.
ജൂൺ 7 മുതൽ 11 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ നടക്കുക. ജൂൺ 12 റിസർവ് ദിനമായും തീരുമാനിച്ചിട്ടുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യന്‍ ടീമിന്‍റെ രണ്ടാമത്തെ ഫൈനലാണ് ഇത്. കഴിഞ്ഞ പ്രാവശ്യം കലാശപ്പോരിനെത്തിയ ഇന്ത്യന്‍ ടീം ന്യൂസിലന്‍ഡിനോട് തോല്‍വി വഴങ്ങുകയായിരുന്നു. കഴിഞ്ഞ തവണ നഷ്‌ടപ്പെട്ട കിരീടം ഇക്കുറി പിടിച്ചെടുക്കുക എന്ന ഉറച്ച ലക്ഷ്യത്തോടെയാണ് രോഹിത്തും സംഘവും ഇത്തവണ ഇംഗ്ലണ്ടിലേക്ക് എത്തുന്നത്.
ആദ്യ സംഘം ഇംഗ്ലണ്ടിൽ : അതേസമയം ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായി ഇന്ത്യൻ ടീമിന്‍റെ ആദ്യ സംഘം കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽ എത്തിയിരുന്നു. നിലവില്‍ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീമിന്‍റെ ആദ്യ സംഘത്തില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനൊപ്പം സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി, പേസര്‍മാരായ മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ശര്‍ദുല്‍ താക്കുര്‍, സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍ എന്നിവരാണ് ഉള്ളത്.
ഐപിഎൽ തീരുന്ന മുറയ്‌ക്ക് മറ്റ് താരങ്ങളും ഓസ്‌ട്രേലിയയിലേക്ക് എത്തും. മെയ് 30നുള്ളിൽ മുഴുവൻ താരങ്ങളും ഓസ്‌ട്രേലിയയിൽ ഒത്തുചേരുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ഇത്തവണ അഡിഡാസാണ് ഇന്ത്യയുടെ കിറ്റ് സ്‌പോണ്‍സർമാർ. അഡിഡാസ് എത്തിയതിന് പിന്നാലെ പുത്തൻ ഗെറ്റപ്പിലാണ് ടീം ലണ്ടനിൽ എത്തിയത്. പുതിയ പരിശീലന കിറ്റ് ധരിച്ച് നൽക്കുന്ന താരങ്ങളുടെ ചിത്രങ്ങൾ ബിസിസിഐ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ഫൈനലിൽ ഓസ്‌ട്രേലിയയെ നേരിടാനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചില താരങ്ങളുടെ പരിക്ക് ടീമിനെ അലട്ടുന്നുണ്ട്. ഐപിഎല്ലിനിടെ പരിക്കേറ്റ ഉമേഷ് യാദവ് പൂർണമായും ഫിറ്റായിട്ടില്ല. പേസർ ജയ്‌ദേവ് ഉനദ്‌ഘട്ടിന്‍റെ പരിക്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബിസിസിഐ പുറത്തുവിട്ടിട്ടുമില്ല. അതേസമയം പരിക്ക് മാറി ശാർദുൽ താക്കുർ ടീമിനൊപ്പം ചേർന്നിട്ടുണ്ട്.
ഫൈനലിനുള്ള ഇന്ത്യന്‍ ടീം : രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, അക്സര്‍ പട്ടേല്‍, ശര്‍ദുല്‍ താക്കുര്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്.സ്റ്റാന്‍ഡ് ബെ താരങ്ങള്‍ : റിതുരാജ് ഗെയ്‌ക്‌വാദ്, സൂര്യകുമാര്‍ യാദവ്, മുകേഷ് കുമാര്‍