മുംബൈ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) തങ്ങളുടെ മൂന്നാം കിരീടം തേടി ഇന്ത്യ നാളെ ഇറങ്ങുകയാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയാണ് എതിരാളി (India vs Australia Cricket World Cup 2023 Final). അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ടിനാണ് ഇന്ത്യ-ഓസ്‌ട്രേലിയ പോര് തുടങ്ങുക.
ഇപ്പോഴിതാ മത്സരത്തിന് മുന്നോടിയായി ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന് വമ്പന്‍ ഉപദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. ഓസീസിനെതിരായ ഫൈനലില്‍ തന്‍റെ മുഴുവന്‍ കഴിവും ഗില്‍ പുറത്തെടുക്കണമെന്നാണ് ഇന്ത്യയുടെ ലോകകപ്പ് ജേതാവ് കൂടിയായ യുവരാജ് സിങ് പറയുന്നത് (Yuvraj Singh to Shubman Gill ahead of India vs Australia Cricket World Cup 2023 Final).
"ഏകദിന ലോകകപ്പിന്‍റെ തുടക്കത്തില്‍ തന്നെ ശുഭ്‌മാന്‍ ഗില്ലിന് ആരോഗ്യപരമായ വെല്ലുവിളികൾ ഉണ്ടായിരുന്നു, പക്ഷേ അതുണ്ടായിട്ടും അവന്‍റെ പ്രകടനങ്ങള്‍ ഏറെ മികച്ചതാണ്. ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനല്‍ മത്സരത്തിനിടെ അവനുണ്ടായ പ്രശ്‌നത്തിന്‍റെ സ്വഭാവവും എനിക്ക് അറിയില്ല.
എന്തു തന്നെ ആയാലും ഫൈനലിൽ അവൻ എങ്ങനെയെങ്കിലും കളിക്കണമെന്ന് എനിക്ക് തോന്നുന്നു. അവിടെ അവന്‍ തന്‍റെ കഴിവിന്‍റെ പരമാവധി തന്നെ നല്‍കേണ്ടതുണ്ട്. കാരണം എല്ലാ ദിവസവും ലോകകപ്പ് ഫൈനൽ കളിക്കാനുള്ള അവസരം ലഭിക്കില്ല. ഒരുപക്ഷേ, ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമാണ്" - യുവരാജ് സിങ് പറഞ്ഞു.
ഏതൊരു ടീമും ഭയപ്പെടുന്ന ടീമാണ് ഇന്ത്യയെന്നും എതിരാളികള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിച്ചാണ് അവര്‍ കളിക്കുന്നതെന്നും യുവി പറഞ്ഞു (Yuvraj Singh on Indian Cricket Team). "തീർച്ചയായും, ഇന്ത്യ എതിര്‍ ടീമുകള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചുകൊണ്ടാണ് കളിക്കുന്നത്. ഏതൊരു ടീമും അവരെ നേരിടാൻ ഭയപ്പെടുന്നു.
രോഹിതും ശുഭ്‌മാനും തകർപ്പൻ തുടക്കം നൽകുമ്പോൾ, ഇന്ത്യയുടെ സ്കോര്‍ 350-400 റൺസിലേക്ക് എത്തും. ഇന്ത്യയ്‌ക്ക് സമ്മര്‍ദമുണ്ടാവുന്ന ഒരേയൊരു സാഹചര്യം ആദ്യ മൂന്ന് ബാറ്റര്‍മാരെ തുടക്കം തന്നെ നഷ്‌ടപ്പെടുകയാണെങ്കില്‍ മാത്രമേ ഉണ്ടാവൂ എന്നാണ് എനിക്ക് തോന്നുന്നത്. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ ഒരുക്കുന്ന മികച്ച അടിത്തറയിലാണ് മധ്യനിര ഇന്ത്യയുടെ ഇന്നിങ്സ് കെട്ടിപ്പടുക്കുന്നത്.
പക്ഷെ, തുടക്കം തന്നെ വിക്കറ്റ് നഷ്‌ടപ്പെടുന്ന ഒരു സാചര്യമുണ്ടാല്‍ അവര്‍ അതെങ്ങനെ കൈകാര്യം ചെയ്യും എന്നത് കാണാൻ രസകരമായ ഒരു കാര്യമാണ്" യുവി പറഞ്ഞ് നിര്‍ത്തി. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഫൈനല്‍ മത്സരത്തിലും ശുഭ്‌മാൻ ഗില്ലും രോഹിത് ശർമ്മയും ചേര്‍ന്ന് ഇന്ത്യയ്‌ക്ക് മികച്ച തുടക്കം നല്‍കുമെന്ന പ്രതീക്ഷയും യുവി പങ്കുവച്ചു. (Yuvraj Singh on Rohit Sharma Shubman Gill pair).