ചെന്നൈ : ഡെങ്കിപ്പനിയില്‍ നിന്നും ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ (Shubman Gill) മുക്തി നേടുന്നു. ചെന്നൈയില്‍ നിന്നും 24-കാരനായ ശുഭ്‌മാന്‍ ഗില്‍ ബുധനാഴ്ച അഹമ്മദാബാദിലേക്ക് എത്തും. ശനിയാഴ്ച ചിരവൈരികളായ പാകിസ്ഥാനെയാണ് ഇന്ത്യ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നേരിടുന്നത് (India vs Pakistan Cricket World Cup 2023 match). അഹമ്മദാബാദില്‍ ടീമിനൊപ്പം ചേരുമെങ്കിലും ഗില്‍ പാകിസ്ഥാനെതിരെ കളിക്കുന്ന കാര്യം ഇപ്പോഴും സംശയമാണ് (Shubman Gill Health Updates).
ഗില്‍ സുഖമായിരിക്കുന്നുവെങ്കിലും അഹമ്മദാബാദില്‍ പരിശീലനത്തിന് ഇറങ്ങുമോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്ന് ഒരു ബിസിസിഐ ഒഫീഷ്യല്‍ പ്രതികരിച്ചു (Shubman Gill Health Updates). "ശുഭ്‌മാന്‍ ഗിൽ തികച്ചും സുഖമായിരിക്കുന്നു, ഇന്ന് ചെന്നൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകാൻ ഒരുങ്ങുകയാണ്. വ്യാഴാഴ്ച മൊട്ടേരയിൽ ഗില്ലിന് ചെറിയ പരിശീലന സെഷൻ ഉണ്ടാകുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. അവന്‍ സുഖം പ്രാപിച്ചു, പക്ഷേ പാകിസ്ഥാനെതിരെ കളിക്കാൻ കഴിയുമോ എന്ന് ഉറപ്പില്ല" - ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞു.
ഏകദിന ലോകകപ്പില്‍ ഇതിനകം തന്നെ രണ്ട് മത്സരങ്ങള്‍ ഗില്ലിന് നഷ്‌ടമായി കഴിഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ചെന്നൈയിൽ നടന്ന ആദ്യ മത്സരത്തിന് പുറമെ ഇന്ന് അഫ്‌ഗാനിസ്ഥാനെതിരായ രണ്ടാം മത്സരവുമാണ് താരത്തിന് നഷ്‌ടമായത്. നേരത്തെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് മുൻകരുതൽ നടപടിയായി താരത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
തുടര്‍ന്ന് പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ധിച്ചതോടെ കഴിഞ്ഞ ദിവസം ഡിസ്‌ചാര്‍ജും ചെയ്‌തിരുന്നു. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം 75,000 ആയി കുറഞ്ഞതോടെയായിരുന്നു ഗില്ലിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഇത് 100,000 മുകളില്‍ എത്തിയതോടെയാണ് താരത്തെ ഡിസ്‌ചാര്‍ജ് ചെയ്യാനുള്ള തീരുമാനമുണ്ടായത്.
ഈ വര്‍ഷം തകര്‍പ്പന്‍ ഫോമിലുള്ള ശുഭ്‌മാന്‍ ഗില്ലിന് കളിക്കാന്‍ കഴിയാത്തത് ഇന്ത്യയെ സംബന്ധിച്ച് വമ്പന്‍ തിരിച്ചടിയാണ്. ഈ വര്‍ഷം ഏകദിന ക്രിക്കറ്റില്‍ 72.35 ശരാശരിയില്‍ 1,230 റണ്‍സാണ് 24-കാരന്‍ ഇതേവരെ അടിച്ചെടുത്തിട്ടുള്ളത്. ഗില്ലിന്‍റെ അഭാവത്തില്‍ ഇഷാന്‍ കിഷനാണ് (Ishan Kishan) നിലവില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം (Rohit Sharma) ഓപ്പണറുടെ റോള്‍ കൈകാര്യം ചെയ്യുന്നത്.
ALSO READ: Robin Uthappa On Shubman Gill 'ഒരിക്കലും എളുപ്പമാവില്ല'; ഗില്ലിന്‍റെ തിരിച്ചുവരവില്‍ റോബിന്‍ ഉത്തപ്പ
ഏകദിന ലോകകപ്പ് 2023 ഇന്ത്യ സ്ക്വാഡ് (Cricket World Cup 2023 India Squad) : രോഹിത് ശർമ (ക്യാപ്‌റ്റന്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്.