അഹമ്മദാബാദ്: ഏകദിന ലോകകപ്പ് 2023-ല്‍ അപരാജിത കുതിപ്പ് നടത്തിയാണ് ഇന്ത്യ ഫൈനലുറപ്പിച്ചത്. കളിച്ച മിക്ക മത്സരങ്ങളിലും എതിരാളികള്‍ക്ക് മേല്‍ ആധിപത്യം പുലര്‍ത്തിയാണ് നീലപ്പട ജയിച്ച് കയറിയത്. ഇപ്പോഴിതാ ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ മികവിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ.
കളിക്കാര്‍ക്ക് തങ്ങളുടെ റോളില്‍ ലഭിച്ച വ്യക്തതയാണ് ടീമിന്‍റെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നിലെന്നാണ് രോഹിത് ശര്‍മ (Rohit Sharma) പറയുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഫൈനലിന് (India vs Australia Cricket World Cup 2023 final match) മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
"കഴിഞ്ഞ രണ്ട് വർഷമായി ടീം കെട്ടിപ്പടുക്കാൻ തങ്ങൾ ശ്രമിച്ചു വരികയാണെന്നും രോഹിത് ശര്‍മ പറഞ്ഞു. "മികച്ച കളിക്കാരെ കണ്ടെത്തി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ടീമില്‍ അവരുടെ വ്യത്യസ്‌ത റോളിനെക്കുറിച്ച് വ്യക്തത നല്‍കുകായിരുന്നു ഞങ്ങള്‍. ഈ ലോകകപ്പില്‍ ഞങ്ങളെ ഇവിടെ എത്തിച്ചതില്‍ കളിക്കാര്‍ക്ക് അവരുടെ റോളില്‍ ലഭിച്ച വ്യക്തതയ്‌ക്ക് വലിയ പങ്കുണ്ട്"- രോഹിത് ശര്‍മ പറഞ്ഞു (Rohit Sharma on India's performance in Cricket World Cup 2023).
ഐസിസി ടൂർണമെന്‍റിൽ ഇന്ത്യക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച പേസ് യൂണിറ്റുകളിൽ ഒന്നാണോ നിലവിലത്തേത് എന്ന ചോദ്യത്തോടുള്ള രോഹിത്തിന്‍റെ പ്രതികരണം ഇങ്ങിനെ..."ഈ ടൂർണമെന്‍റിൽ ഞങ്ങളുടെ ബോളര്‍മാര്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. ആദ്യ നാലോ-അഞ്ചോ മത്സരങ്ങളില്‍ ഞങ്ങള്‍ രണ്ടാമതായിരുന്നു ബാറ്റ് ചെയ്‌തത്.
എന്നാല്‍ ആ മത്സരങ്ങളിലൊക്കെയും എതിരാളികളെ 300 റണ്‍സില്‍ താഴെയുള്ള സ്‌കോറില്‍ ഒതുക്കാന്‍ ബോളര്‍മാര്‍ക്ക് കഴിഞ്ഞു. ഇന്ത്യൻ സാഹചര്യങ്ങളിൽ ഇതു ചെയ്യുകയെന്നത് അവരുടെ മികവാണ്. കാരണം ഇന്ത്യൻ സാഹചര്യങ്ങളിൽ ബാറ്റർമാരെ നിയന്ത്രിക്കുന്നത് എളുപ്പമുള്ള കാര്യമല്ല.
ടൂർണമെന്‍റിന്‍റെ രണ്ടാം പകുതിയിൽ, പ്രതിരോധിക്കേണ്ടി വന്നപ്പോള്‍, അതും മികച്ച രീതിയില്‍ തന്നെ ചെയ്യാന്‍ ഞങ്ങള്‍ക്കായി. മൂന്ന് സീമർമാരും അവരുടെ റോളുകള്‍ വ്യക്തമായി കൈകാര്യം ചെയ്യുകയും അവരില്‍ നിന്നും പ്രതീക്ഷിക്കുന്നത് നല്‍കുകയും ചെയ്‌തു"- രോഹിത് ശര്‍മ വ്യക്തമാക്കി (Rohit Sharma on Indian bowling Unit In Cricket World Cup 2023).
ALSO READ: സ്വപ്‌ന കിരീടത്തിന് ഒരു ജയത്തിന്‍റെ ദൂരം... അഹമ്മദാബാദില്‍ ഇന്ത്യയും ഓസീസും നേർക്കുനേർ
നാളെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് കളി തുടങ്ങും. ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെയും ഓണ്‍ലൈനായി ഡിസ്‌നി + ഹോട്‌സ്റ്റാര്‍ ആപ്ലിക്കേഷനിലൂടെയും വെബ്‌സെറ്റിലൂടെയും മത്സരം തത്സമയം കാണാം.
ALSO READ: ലോകകപ്പ് ഫൈനലിന്‍റെ ആവേശം പങ്കുവച്ച് കത്രീന കൈഫ്, വിരാട് കോലിക്കും ടീമിനും പിന്തുണയറിയിച്ച് താരം