കൊല്‍ക്കത്ത: ക്രിക്കറ്റ് ലോകകിരീടമുയര്‍ത്തിയ പഴയകാല ഓര്‍മകള്‍ അയവിറക്കി ഇംഗ്ലണ്ടിനും പാകിസ്ഥാനും മടക്കം. ടൂര്‍ണമെന്‍റിലുടനീളം വീഴ്‌ചകളില്‍ പുളഞ്ഞ ഇംഗ്ലണ്ടിന് പാകിസ്ഥാനെതിരെയുള്ള സമാശ്വാസ വിജയത്തോടെ സങ്കടം കടിച്ചമര്‍ത്താനായി. എന്നാല്‍ പ്രകാശവര്‍ഷം അകലെ സെമി പ്രതീക്ഷ നിലനിന്നിരുന്ന പാകിസ്ഥാന് തോല്‍വിയോടെ ടിക്കറ്റെടുക്കേണ്ടതായും വന്നു.
മത്സരത്തിന് ടോസ് വീണയുടനെ തന്നെ ഭാവി നിര്‍ണയിക്കപ്പെട്ട മത്സരത്തില്‍ പാകിസ്ഥാന് പ്രതീക്ഷകളത്രയും അത്‌ഭുതങ്ങളിലായിരുന്നു. ഇതിനൊപ്പം നിശ്ചിത 50 ഓവറില്‍ ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 337 റണ്‍സ് അടിച്ച് കൂട്ടിയതോടെ, വിജയലക്ഷ്യം വെറും 6.4 ഓവറില്‍ പിന്നിടണമെന്ന അവസ്ഥയുമുണ്ടായി. ഇതോടെ സെമി പ്രതീക്ഷകളെ മച്ചിലൊളിപ്പിച്ച് വിജയിച്ച് മടങ്ങുക എന്ന താഴ്‌ന്ന ലക്ഷ്യത്തിലേക്ക് പാകിസ്ഥാന്‍ കണ്ണുവച്ചു. എന്നാല്‍ ഇംഗ്ലണ്ടിന്‍റെ ബോളിങ് കരുത്തിന് മുന്നില്‍ ഈ പ്രതീക്ഷകള്‍ 43.3 ഓവറില്‍ 244 റണ്‍സിന് അവസാനിക്കുകയായിരുന്നു. 93 റണ്‍സിന്‍റെ വിജയമാണ് ഇംഗ്ലണ്ട് പാകിസ്ഥാനെതിരെ നേടിയത്.