ബെംഗളൂരു: ഏകദിന ലോകകപ്പിനായി (Cricket World Cup 2023) ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍ ടീമിനെ വലച്ച് പനി. ലോകകപ്പ് കിരീടമുയര്‍ത്താന്‍ കച്ചകെട്ടിയെത്തിയ പാക് പടയെയാണ് വൈറല്‍ പനി വലച്ചിരിക്കുന്നത്. ടീമിലെ ഭൂരിഭാഗം താരങ്ങളും പകര്‍ച്ച പനിയില്‍ നിന്നും സുഖം പ്രാപിച്ചുവെങ്കിലും ചിലര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്.
കഴിഞ്ഞദിവസം അഹമ്മദാബാദില്‍ വച്ച് നടന്ന ടീം ഇന്ത്യയുമായുള്ള പോരാട്ടത്തില്‍ പാകിസ്ഥാന്‍ ഏഴ് വിക്കറ്റിന്‍റെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. തുടര്‍ന്നാണ് ഒക്‌ടോബർ 20 വെള്ളിയാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ടീം ബെംഗളൂരുവിലെത്തിയത്. ഈ സമയത്ത് തന്നെയാണ് പാക് താരങ്ങള്‍ പനിയുടെ പിടിയിലാവുന്നതും. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ മീഡിയ മാനേജര്‍ അഹ്‌സന്‍ ഇഫ്‌തിഖര്‍ നാഗി തന്നെയാണ് താരങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച് സ്ഥിരീകരിച്ചത്.
പനി ഭീതി ഒഴിയുന്നു: താരങ്ങളില്‍ ചിലര്‍ക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ പനി ബാധിച്ചിരുന്നു. അതില്‍ ഭൂരിഭാഗവും പൂര്‍ണമായും സുഖം പ്രാപിച്ചു. സുഖം പ്രാപിച്ചുവരുന്നവര്‍ ടീം മെഡിക്കല്‍ പാനലിന്‍റെ നിരീക്ഷണത്തിലാണെന്ന് അഹ്‌സന്‍ ഇഫ്‌തിഖര്‍ നാഗിയെ ഉദ്ദരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു.
പാകിസ്ഥാൻ നായകന്‍ ബാബർ അസമിന്‍റെയും പേസിലെ കുന്തമുനയായ ഷഹീൻ അഫ്രീദിയുടെയും ആരോഗ്യനില മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കഴിഞ്ഞ ദിവസങ്ങളിലായി ബെംഗളൂരുവില്‍ വൈറല്‍ പനി കേസുകള്‍ അധികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാലാവസ്ഥയിലെ മാറ്റമാവാം പാക് താരങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍.