കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ബംഗ്ലാദേശിനെതിരായ മത്സരത്തിനായി (Pakistan vs Bangladesh) കൊല്‍ക്കത്തയിലാണ് പാകിസ്ഥാന്‍ താരങ്ങള്‍ (Pakistan Cricket Team). ഇവിടെ ടീം തങ്ങള്‍ താമസിച്ചിരുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ഭക്ഷണം പാകിസ്ഥാന്‍ താരങ്ങള്‍ നിരസിച്ചുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഹോട്ടലിലെ ഭക്ഷണത്തിന് പകരമായി ഒരു ഫുഡ് ഡെലിവറി ആപ്പിലൂടെ താരങ്ങള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്‌തു.
കൊല്‍ക്കത്തയിലെ പ്രശസ്തമായ ഒരു ഹോട്ടലില്‍ നിന്നും ബിരിയാണിയും (Biryani) കബാബുകളും ചാപ്സും അടക്കമുള്ള ഭക്ഷണമാണ് പാകിസ്ഥാന്‍ കളിക്കാര്‍ തങ്ങളുടെ മുറികളിലേക്ക് എത്തിച്ചതെന്നുമാണ് റിപ്പോര്‍ട്ടുള്ളത്. നേരത്തെ ലോകകപ്പിനായി ഹൈദരാബാദില്‍ തങ്ങിയ ബാബര്‍ അസമും (Babar Azam) സംഘവും ഹൈദരാബാദ് ബിരിയാണിയെക്കുറിച്ച് മികച്ച അഭിപ്രായം പറഞ്ഞിരുന്നു. ഇതിന് മാര്‍ക്കിട്ടുകൊണ്ടുള്ള പാകിസ്ഥാന്‍ താരങ്ങളുടെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
എന്നാല്‍ പാകിസ്ഥാന്‍ താരങ്ങളുടെ ഭക്ഷണ ശീലത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ടീമിന്‍റെ മുന്‍ നായകനും ഇതിഹാസ പേസറുമായ വസീം അക്രം (Wasim Akram) നേരത്തെ രംഗത്ത് എത്തിയിരുന്നു. പാകിസ്ഥാന്‍ കളിക്കാര്‍ക്ക് അന്താരാഷ്‌ട്ര താരങ്ങള്‍ക്ക് വേണ്ട ഫിറ്റ്‌നസില്ലെന്നും ദിവസവും എട്ട് കിലോ മട്ടനെങ്കിലും അവര്‍ കഴിക്കുന്നുണ്ടാവുമെന്നുമായിരുന്നു അക്രം പറഞ്ഞത്. പാക് കളിക്കാര്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം കളിച്ച ആറ് മത്സരങ്ങളില്‍ നാല് തുടര്‍ തോല്‍വികളുമായാണ് പാകിസ്ഥാന്‍ ബംഗ്ലാദേശിനെതിരെ കളിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ നെതര്‍ലന്‍ഡ്‌സിനേയും ശ്രീലങ്കയേയും തോല്‍പ്പിച്ചായിരുന്നു ബാബറും സംഘവും തുടങ്ങിയത്. എന്നാല്‍ തുടര്‍ന്ന് ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ടീമുകളോട് പാകിസ്ഥാന്‍ കീഴടങ്ങി.
ഇതോടെ നിലവിലെ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് പാകിസ്ഥാന്‍. ടൂര്‍ണമെന്‍റില്‍ ഫേവറേറ്റുകളായെത്തിയ പാകിസ്ഥാന് ഇനി സെമി ഫൈനലിലേക്ക് നേരിയ സാധ്യത മാത്രമാണ് അവശേഷിക്കുന്നത്. അതിനായി ശേഷിക്കുന്ന മുഴുവന്‍ മത്സരങ്ങളും വിജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ പ്രകടനവും പാകിസ്ഥാന് നിര്‍ണായകമാണ്.
പാകിസ്ഥാന് ഏകദിന ലോകകപ്പ് 2023 സ്ക്വാഡ് (Cricket World Cup 2023 Pakistan Squad): അബ്‌ദുല്ല ഷഫീഖ്, ബാബർ അസം (ക്യാപ്‌റ്റന്‍), ഇമാം ഉല്‍ ഹഖ്, ഫഖർ സമാൻ, മുഹമ്മദ് റിസ്‌വാൻ (വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീൽ, ഷദാബ് ഖാൻ, ഇഫ്‌തിഖർ അഹമ്മദ്, സൽമാൻ അലി ആഘ, മുഹമ്മദ് നവാസ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, മുഹമ്മദ് വസീം, ഹസൻ അലി, ഉസാമ മിർ.
ALSO READ: Shreyas Iyer pull shot ഷോട്ട് ബോളാണോ... അയ്യർ ഔട്ടായിരിക്കും...ഇതാണോ ഇന്ത്യയുടെ നാലാം നമ്പർ