ബെംഗളൂരു : ശ്രീലങ്കയ്‌ക്ക് ടൂര്‍ണമെന്‍റില്‍ നിന്ന് വിടചൊല്ലി പാകിസ്ഥാന്‍ ക്യാമ്പില്‍ സമ്മര്‍ദത്തിന്‍റെ തീയുണ്ടയെറിഞ്ഞ് ന്യൂസിലാന്‍ഡ്. സെമി ബെര്‍ത്ത് തീരുമാനിക്കുന്ന അവസാന മത്സരത്തില്‍ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് കിവികള്‍ സെമി സാധ്യതകള്‍ നിലനിര്‍ത്തിയത്. അതേസമയം സെമി സ്വപ്‌നം കണ്ടുകഴിയുന്ന പാകിസ്ഥാന്, ആ ലക്ഷ്യം പൂവണിയാന്‍ ഭീമന്‍ ജയവും ന്യൂസിലാന്‍ഡ് വിജയത്തോടെ സംജാതമായി.
മത്സരത്തില്‍ ആദ്യം ബാറ്റുചെയ്‌ത ശ്രീലങ്കയ്‌ക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടതോടെ 47 ഓവറുകളില്‍ വിക്കറ്റുകളെല്ലാം നഷ്‌ടപ്പെട്ട് 171 റണ്‍സ് മാത്രമേ ഉയര്‍ത്താനായുള്ളൂ. ഈ കുഞ്ഞന്‍ സ്‌കോറുകൊണ്ട് ന്യൂസിലാന്‍ഡിനെ പോലുള്ള കരുത്തുറ്റ നിരയെ പിടിച്ചുകെട്ടാനാവില്ലെന്ന് ശ്രീലങ്കയ്‌ക്കും ഉറപ്പായിരുന്നു. ന്യൂസിലാന്‍ഡിനായി ഓപ്പണര്‍മാര്‍ മികച്ച കൂട്ടുകെട്ട് വിരിയിച്ചതോടെ ഈ കാര്യത്തില്‍ തീരുമാനവുമായി.
പണികിട്ടിയത് പാകിസ്ഥാന്: എന്നാല്‍ ബിഗ് വിക്കറ്റുകള്‍ വീഴ്‌ത്തി ഒരുവേള മത്സരം തിരികെ പിടിക്കുമെന്ന പ്രതീതി ലങ്ക സൃഷ്‌ടിച്ചുവെങ്കിലും ഇത് സാക്ഷാത്‌കരിക്കാന്‍ ഇവര്‍ക്കായില്ല. അതേസമയം ന്യൂസിലാന്‍ഡ് മത്സരം ജയിച്ച് പോയിന്‍റ് ടേബിളില്‍ നാലാം സ്ഥാനത്ത് ഇടംപിടിച്ചതോടെ, തൊട്ടുപിറകെയുള്ള പാകിസ്ഥാന്‍റെ വഴിയില്‍ കാരമുള്ളുകളുമായി. അതായത്, സെമി ബെര്‍ത്ത് ഉറപ്പിക്കാന്‍ പാകിസ്ഥാന്, ഇംഗ്ലണ്ടിനെതിരെ 287 റണ്‍സിന്‍റേയോ, 284 പന്തുകളുടെയോ കൂറ്റന്‍ വിജയം അനിവാര്യമാണ്.
47 ഓവറുകളില്‍ വിക്കറ്റുകളെല്ലാം നഷ്‌ടപ്പെട്ട് ശ്രീലങ്ക സ്വരുക്കൂട്ടിയ 171 വിജയലക്ഷ്യം മറികടക്കാന്‍ ന്യൂസിലാന്‍ഡിനായി ഡെവണ്‍ കോണ്‍വേയും രചിന്‍ രവീന്ദ്രയുമാണ് ക്രീസിലെത്തിയത്. ടൂര്‍ണമെന്‍റിലെ ഭൂരിഭാഗം മത്സരങ്ങളിലും ടീമിനായി ശക്തമായ അടിത്തറ പാകിയ ഈ കൂട്ടുകെട്ട് ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല. ഇതോടെ സ്‌കോര്‍ബോര്‍ഡും ഉണര്‍ന്നു.
13ാം ഓവറില്‍ ദുഷ്‌മന്ത ചമീരയുടെ ബോളിലൂടെയാണ് ശ്രീലങ്കയുടെ ആശ്വാസ ബ്രേക്ക് ത്രൂ എത്തുന്നത്. 42 പന്തില്‍ 45 റണ്‍സുമായി നിന്ന ഡെവണ്‍ കോണ്‍വേയെ ദനഞ്‌ജയ ഡി സില്‍വയുടെ കൈകളിലെത്തിച്ചായിരുന്നു ഇത്. തൊട്ടുപിന്നാലെ എത്തിയ നായകന്‍ കെയ്‌ന്‍ വില്യംസണ്‍, ക്രീസിലുള്ള രചിന്‍ രവീന്ദ്രയ്‌ക്ക് മികച്ച പിന്തുണ നല്‍കുമെന്ന പ്രതീക്ഷകള്‍ നല്‍കി. എന്നാല്‍ രചിന്‍ രവീന്ദ്രയെ മടക്കി മഹീഷ് തീക്ഷണ ഈ പ്രത്യാശ തല്ലിക്കെടുത്തി. തിരികെ കയറുമ്പോള്‍ 34 പന്തില്‍ 42 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. അധികം വൈകിയില്ല രണ്ട് ബൗണ്ടറികള്‍ക്കിപ്പുറം 14 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്ത് വില്യംസണും മടങ്ങി.
അവസാനം വിറപ്പിച്ച് ലങ്ക : ഇതോടെ അനായാസ വിജയം പ്രതീക്ഷിച്ച ന്യൂസിലാന്‍ഡ് കൂടാരത്തിലും ആശങ്കയുണര്‍ന്നു. ആര്‍ക്കും വെറുതെയെടുത്തിട്ട് കുടയാന്‍ പാകത്തിന് കുഞ്ഞന്മാരല്ല ശ്രീലങ്കയെന്ന് 15 റണ്‍സ് കൂടി സ്‌കോര്‍ബോര്‍ഡില്‍ എഴുതിച്ചേര്‍ക്കുന്നതിന് മുമ്പ് ലങ്കന്‍ ബൗളര്‍മാരും തെളിയിച്ചു. ക്രീസിലുണ്ടായിരുന്ന ഡാരില്‍ മിച്ചലിനൊപ്പം ന്യൂസിലാന്‍ഡ് വിജയം സാധ്യമാക്കാനെത്തിയ മാര്‍ക്ക് ചാപ്‌മാനെ (7) റണ്ണൗട്ടിലൂടെ മടക്കിയായിരുന്നു ഇത്.
ഇതോടെ ഗ്ലെന്‍ ഫിലിപ്‌സ് ക്രീസിലെത്തി. മിച്ചലും ഫിലിപ്‌സും ചേര്‍ന്ന് കിവികളെ വിജയതീരമടുപ്പിക്കുമെന്ന പ്രതീതി ഗ്രൗണ്ടില്‍ പ്രകടമായെങ്കിലും, ഈ കൂട്ടുകെട്ടിന് ഏഞ്ചലോ മാത്യൂസ് പൂട്ടിട്ടു. 31 പന്തില്‍ 43 റണ്‍സുമായി നിന്ന മിച്ചലിന്‍റെ മടക്കം അസലങ്കയ്‌ക്ക് ക്യാച്ച് നല്‍കിയായിരുന്നു. പിന്നാലെയെത്തിയ ടോം ലാത്തത്തെ കൂടെക്കൂട്ടി ഗ്ലെന്‍ ഫിലിപ്‌സ് ന്യൂസിലാന്‍ഡിന്‍റെ വിജയം ഉറപ്പിക്കുകയായിരുന്നു.