കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ കുഞ്ഞന്‍ സ്‌കോറിലൊതുക്കി ബംഗ്ലാദേശ് (Netherlands vs Bangladesh Score Updates). ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത നെതര്‍ലന്‍ഡ്‌സ് നിശ്ചിത 50 ഓവറില്‍ 229 റണ്‍സിന് ഓള്‍ ഔട്ടായി. ക്യാപ്റ്റന്‍ സ്കോട്ട് എഡ്വേർഡ്‌സ് Scott Edwards (89 പന്തില്‍ 68), സിബ്രാൻഡ് ഏംഗൽബ്രെക്റ്റ് (61 പന്തില്‍ 35), വെസ്ലി ബറേസി (41 പന്തില്‍ 41), ലോഗൻ വാൻ ബീക്ക് (16 പന്തില്‍ 23*) എന്നിവര്‍ മാത്രമാണ് ഡച്ച് ടീമിനായി പൊരുതിയത്.
ബംഗ്ലാദേശിനായി ഷോറിഫുൾ ഇസ്‌ലാം, ടസ്‌കിൻ അഹമ്മദ്, മുസ്‌തഫിസുർ റഹ്മാൻ, മെഹ്ദി ഹസൻ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി. മോശം തുടക്കമായിരുന്നു നെതര്‍ലന്‍ഡ്‌സിന് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ വെറും നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ വിക്രംജിത് സിങ് (9 പന്തില്‍ 3), മാക്‌സ് ഒഡൗഡ് (3 പന്തില്‍ 0) എന്നിവരെ ടീമിന് നഷ്‌ടമായി.
വിക്രംജിതിനെ ടസ്‌കിന്‍ അഹമ്മദും മാക്‌സ് ഒഡൗഡിനെ ഷോറിഫുൾ ഇസ്‌ലാമുമാണ് തിരിച്ചയച്ചത്. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച വെസ്ലി ബറേസി- കോളിൻ അക്കർമാൻ സഖ്യം 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വെസ്ലി ബറേസിയെ വീഴ്‌ത്തി മുസ്‌തഫിസുർ റഹ്മാനാണ് ബംഗ്ലാദേശിന് ബ്രക്ക് ത്രൂ നല്‍കിയത്.
പിന്നാലെ കോളിൻ അക്കർമാനെ (33 പന്തില്‍ 15) ഷാക്കിബ് അല്‍ ഹസനും മടക്കിയതോടെ 14.4 ഓവറില്‍ 63-ന് നാല് എന്ന നിലയിലേക്ക് ഡച്ച് ടീം പ്രതിരോധത്തിലായി. ഇതിന് ശേഷം ബാസ് ഡി ലീഡിനെ കൂട്ടുപിടിച്ച് ക്യാപ്‌റ്റന്‍ സ്കോട്ട് എഡ്വേർഡ്‌സ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ ടീം സ്‌കോര്‍ 100 കടന്നതിന് പിന്നാലെ ബാസ് ഡി ലീഡിനെ (32 പന്തില്‍ 17) വീഴ്‌ത്തിയ ടസ്‌കിന്‍ നെതര്‍ലന്‍ഡിന് വീണ്ടും തിരിച്ചടി നല്‍കി.
അഞ്ചാം വിക്കറ്റില്‍ 44 റണ്‍സായിരുന്നു ബാസ് ഡി ലീഡ്-സ്കോട്ട് എഡ്വേർഡ്‌സ് സഖ്യം ചേര്‍ത്തത്. ആറാം സിബ്രാൻഡ് ഏംഗൽബ്രെക്റ്റ് ക്യാപ്റ്റനൊപ്പം കട്ടയ്‌ക്ക് നിന്നതാണ് നെതര്‍ലന്‍ഡ്‌സ് ഇന്നിങ്‌സിന്‍റെ നട്ടെല്ലായത്. ബംഗ്ലാ ബോളര്‍മാരെ ഏറെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ചേര്‍ന്ന് 78 റണ്‍സാണ് നേടിയത്.
സ്‌കോര്‍ ബോര്‍ഡില്‍ 185 റണ്‍സ് നില്‍ക്കെ 45-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ സ്കോട്ട് എഡ്വേർഡ്‌സിനെ മുസ്‌തഫിസുർ റഹ്മാൻ മെഹ്‌ദി ഹസന്‍റെ കയ്യില്‍ എത്തിച്ചു. തൊട്ടടുത്ത ഓവറിന്‍റെ ആദ്യ പന്തില്‍ സിബ്രാൻഡ് ഏംഗൽബ്രെക്റ്റിനെ മെഹ്‌ദി ഹസന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. തുടര്‍ന്ന് എത്തിയ ഷാരിസ് അഹമ്മദ് (8 പന്തില്‍ 6), ആര്യൻ ദത്ത് (6 പന്തില്‍ 9), പോൾ വാൻ മീകെരെൻ (2 പന്തില്‍ 0) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാതെ വന്നെങ്കിലും ലോഗൻ വാൻ ബീക്കിന്‍റെ പ്രകടനമാണ് ടീമിനെ 229 റണ്‍സിലേക്ക് എത്തിച്ചത്.
ബംഗ്ലാദേശ് (പ്ലേയിങ് ഇലവന്‍): തൻസിദ് ഹസൻ, ലിറ്റൺ ദാസ്, നജ്‌മുൽ ഹുസൈൻ ഷാന്‍റോ, ഷാക്കിബ് അൽ ഹസൻ (സി), മുഷ്‌ഫിഖുർ റഹീം, മഹ്മൂദുള്ള, മെഹിദി ഹസൻ മിറാസ്, മെഹ്ദി ഹസൻ, തസ്‌കിൻ അഹമ്മദ്, മുസ്‌തഫിസുർ റഹ്മാൻ, ഷോറിഫുൾ ഇസ്‌ലാം.
നെതര്‍ലന്‍ഡ്‌സ് (പ്ലേയിങ് ഇലവന്‍): വിക്രംജിത് സിങ്, മാക്‌സ് ഒഡൗഡ്, വെസ്ലി ബറേസി, കോളിൻ അക്കർമാൻ, സ്കോട്ട് എഡ്വേർഡ്‌സ് (സി), ബാസ് ഡി ലീഡ്, സിബ്രാൻഡ് ഏംഗൽബ്രെക്റ്റ്, ലോഗൻ വാൻ ബീക്ക്, ഷാരിസ് അഹമ്മദ്, ആര്യൻ ദത്ത്, പോൾ വാൻ മീകെരെൻ.