കൊല്‍ക്കത്ത: കുഞ്ഞന്‍ സ്‌കോര്‍ പിന്തുടര്‍ന്നെത്തിയ ബംഗ്ലാ കടുവക്കൂട്ടത്തെ പന്തെറിഞ്ഞ് വീഴ്‌ത്തി നെതര്‍ലന്‍ഡ്‌സ്. ഡച്ച് നിര കെട്ടിപ്പടുത്ത 229 റണ്‍സ് പിന്തുടരാനെത്തിയ ബംഗ്ലാദേശ് 43 ആം ഓവറില്‍ 142 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു. പോള്‍ വാന്‍ മീകെരന്‍ തകര്‍ത്താടിയ മത്സരത്തില്‍ ആദ്യം ബാറ്റ് കൊണ്ടും പിന്നീട് വിക്കറ്റ് കീപ്പിങിലും നായകന്‍ സ്‌കോട്ട് എഡ്വേർഡ്‌സ് നിറഞ്ഞാടുക കൂടി ചെയ്‌തതോടെ ബംഗ്ലാദേശ് മുട്ടുമടക്കുകയായിരുന്നു.
ക്യാപ്റ്റന്‍ സ്കോട്ട് എഡ്വേർഡ്‌സ് (89 പന്തില്‍ 68), സിബ്രാൻഡ് ഏംഗൽബ്രെക്റ്റ് (61 പന്തില്‍ 35), വെസ്ലി ബറേസി (41 പന്തില്‍ 41), ലോഗൻ വാൻ ബീക്ക് (16 പന്തില്‍ 23*) എന്നിവരുടെ കരുത്തിലാണ് നെതര്‍ലന്‍ഡ്‌സ് 229 റണ്‍സ് കണ്ടെത്തിയത്. സാമാന്യം കുറഞ്ഞ സ്‌കോര്‍ ആയതിനാല്‍ തന്നെ അനായാസം മറികടക്കാമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ബംഗ്ലാദേശ് മറുപടി ബാറ്റിങിനിറങ്ങിയത്. ഇതിനായി ഓപ്പണര്‍മാരായ ലിറ്റന്‍ ദാസും തന്‍സിദ് ഹസനും ക്രീസിലെത്തി.
ഓപ്പണിങ് പാളി: എന്നാല്‍ ടീം സ്‌കോര്‍ 19 ല്‍ നില്‍ക്കെ ലിറ്റന്‍ ദാസിനെ (3) മടക്കി ആര്യന്‍ ദത്ത് നെതര്‍ലന്‍ഡ്‌സിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. വിക്കറ്റ് കീപ്പര്‍ കൂടിയായ ഡച്ച് നായകന്‍ സ്‌കോട്ട് എഡ്വേർഡ്‌സിന്‍റെ കൈകളിലൊതുങ്ങിയായിരുന്നു ലിറ്റന്‍ ദാസിന്‍റെ മടക്കം. തൊട്ടുപിന്നാലെ പന്തെറിയാനെത്തിയ ലോഗന്‍ വാന്‍ ബീക്കിന്‍റെ പന്തില്‍ സമാനമായ രീതിയില്‍ എഡ്വേർഡ്‌സിന് ക്യാച്ച് നല്‍കി തന്‍സിദ് ഹസനും (15) മടങ്ങി. ഈ സമയത്ത് ഒരു റണ്‍ പോലും ടീം സ്‌കോറില്‍ കൂട്ടിച്ചേര്‍ത്തിരുന്നില്ല.
മധ്യനിര കളിമറന്നു: ഇതോടെ പിന്നാലെയെത്തിയ മെഹിദി ഹസന്‍ മിറാസും നജ്‌മുല്‍ ഹൊസൈന്‍ ഷാന്‍റോയും ചേര്‍ന്ന് ബംഗ്ലാ പോരാട്ടത്തിന്‍റെ ചുക്കാന്‍ ഏറ്റെടുത്തു. എന്നാല്‍ 15 ആം ഓവറില്‍ പോള്‍ വാന്‍ മീകെരന്‍ ഷാന്‍റോയെ മടക്കി ബംഗ്ലാദേശിനെ വീണ്ടും ഞെട്ടിച്ചു. 18 പന്തില്‍ ഒമ്പത് റണ്‍സ് മാത്രമായിരുന്നു മടങ്ങുമ്പോള്‍ താരത്തിന്‍റെ സമ്പാദ്യം. തൊട്ടുപിന്നാലെ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ (5) ഇറങ്ങിയെങ്കിലും അദ്ദേഹത്തിനും കാര്യമായി ഒന്നും ചെയ്യാനായില്ല.
നായകന്‍ മടങ്ങി ആറ് റണ്‍സ് കൂടി സ്‌കോര്‍ കാര്‍ഡില്‍ കയറിക്കൂടും മുമ്പ് താളം കണ്ടെത്തി തുടങ്ങിയ മെഹിദി ഹസന്‍ മിറാസിനും തിരിച്ചുകയറേണ്ടതായി വന്നു. നേരിട്ട 40 പന്തില്‍ 35 റണ്‍സായിരുന്നു മിറാസിന്‍റെ സംഭാവന. തൊട്ടുപിന്നാലെ എത്തിയ മുഷ്‌ഫിഖുര്‍ റഹ്‌മാന്‍ (1) വന്നതും തിരിച്ചുകയറിയതും ഒരേ വേഗതയിലായിരുന്നു.
പിടിച്ചുനില്‍ക്കാനാവാതെ ബംഗ്ലാദേശ്: ഇതോടെ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 70 റണ്‍സ് എന്ന പരിതാപകരമായ അവസ്ഥയില്‍ നിന്ന് ബംഗ്ലാദേശിനെ മറികടത്താന്‍ പിന്നാലെയെത്തിയ മഹ്‌മൂദുള്ള പരമാവധി ശ്രമിച്ചു. പന്തില്‍ അതീവ കരുതലോടെ കളിച്ച മഹ്‌മൂദുള്ളയെ 41 പന്തില്‍ കേവലം 20 റണ്‍സ് മാത്രമായിരിക്കെ ബാസ് ഡി ലീഡ് മടക്കി. നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ 229 റണ്‍സ് മറികടക്കുക എന്നതിലുപരി 150 പിന്നിടുക എന്ന രീതിയില്‍ ബാറ്റ് വീശുന്ന ബംഗ്ലാദേശ് ബാറ്റര്‍മാരെയാണ് കണ്ടത്. ഇതിനായി മെഹിദി ഹസന്‍ 917), തസ്‌കിന്‍ അഹ്‌മദ് (11) മുസ്‌തഫിസുര്‍ റഹ്‌മാന്‍ (20), ഷോറിഫുല്‍ ഇസ്‌ലാം (0) എന്നിവര്‍ പരിശ്രമിച്ചുവെങ്കിലും ഈ ഓട്ടം 142 റണ്‍സില്‍ അവസാനിച്ചു.
അതേസമയം നെതര്‍ലന്‍ഡ്‌സിനായി പോള്‍ വാന്‍ മീകെരന്‍ നാലും ബാസ് ഡി ലീഡ് രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി. ആര്യന്‍ ദത്ത്, ലോഗന്‍ വാന്‍ ബീക്ക്, കോളിന്‍ അക്കര്‍മാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.