പൂനെ (മഹാരാഷ്‌ട്ര): ഏകദിന ലോകകപ്പിലെ വരാനിരിക്കുന്ന മത്സരങ്ങളിലും ടീം ഇന്ത്യ നിലവിലെ പ്ലേയിങ് ഇലവനെ തന്നെ പരിഗണിക്കുമെന്ന് വ്യക്തമാക്കി ബൗളിങ് കോച്ച് പരസ് മാംബ്രെ (Indian Bowling Coach On Possible Eleven). ടൂർണമെന്‍റിൽ ഇതുവരെ ചെന്നൈയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയും ന്യൂഡൽഹിയിൽ അഫ്‌ഗാനിസ്ഥാനെതിരെയും അഹമ്മദാബാദിൽ പാകിസ്ഥാനെതിരെയുമാണ് രോഹിത് ശർമ നായകനായ ഇന്ത്യന്‍ സംഘം വിജയിച്ചതെന്നും ഇവരുടെ പ്രകടനം ട്രോഫി ഉയര്‍ത്താന്‍ പാകത്തിലുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടും മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ മുന്‍നിര താരങ്ങളെ ബെഞ്ചിലിരുത്തുന്നുവെന്നത് സംബന്ധിച്ച് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ കനക്കുന്നതിനിടെയാണ് ഇന്ത്യന്‍ ബൗളിങ് പരിശീലകന്‍റെ പ്രതികരണമെത്തുന്നത്.
ഇപ്പോഴുള്ളവര്‍ കൊള്ളാം: ഈ തുടക്കം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. അതുകൊണ്ടുതന്നെ റൊട്ടേഷനുകളെക്കുറിച്ചുള്ള ചര്‍ച്ചകളൊന്നും നിലവില്‍ ഞങ്ങളുടെ ചിന്തയിലില്ല. അടുത്ത മത്സരത്തിലും ഇതേ വേഗത കൊണ്ടുപോവാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ വരും മത്സരങ്ങളിൽ ടീം മാനേജ്‌മെന്‍റ് വിജയ കോമ്പിനേഷന്‍ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഷമിയും അശ്വിനും മടങ്ങിയെത്തുമോ: ടൂർണമെന്‍റിൽ ഇതുവരെ 6.46 ഇക്കോണമിയിൽ മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. പേസിലെ കുന്തമുനയായ ജസ്പ്രീത് ബുംറയുടെ കൂട്ടുകെട്ടിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നുമുണ്ട്. ഇത് തന്നെയാണ് മുഹമ്മദ് ഷമിയെ പുറത്തിരുത്തിയതെന്നും പരാസ് ഹാംബ്രേ അറിയിച്ചു. ഇത് സംബന്ധിച്ച് ടീം മാനേജ്‌മെന്‍റ് മുഹമ്മദ് ഷമിയുമായി സംസാരിച്ചുവെന്നും എല്ലാം ടീമിന്‍റെ താല്‍പര്യം പരിഗണിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി.
സത്യസന്ധമായി പറഞ്ഞാല്‍, അദ്ദേഹത്തെ പോലെ (മുഹമ്മദ് ഷമി) ഒരാള്‍ പുറത്തിരിക്കുന്നത് നഷ്‌ടം തന്നെയാണ്. ആഷിനെ (ആര്‍ അശ്വിന്‍) പോലെ ഒരാളെയും മിസ് ചെയ്യും. അവര്‍ ടീമിലേക്ക് കൊണ്ടുവരുന്ന നിലവാരം അറിയാവുന്നത് കൊണ്ടുതന്നെ, ഇത് ബുദ്ധിമുട്ടുള്ള തീരുമാനം തന്നെയാണ്. പതിനൊന്ന് പേരെ മാത്രമെ കളിപ്പിക്കാനാവു എന്നതുകൊണ്ടുതന്നെ ഞങ്ങള്‍ വളരെ ബുദ്ധിമുട്ടിയാണ് ആ തീരുമാനത്തിലേക്ക് എത്തിയതെന്നും പരസ് മാംബ്രെ മനസുതുറന്നു.
നിലവില്‍ സ്ഥലമില്ല: പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കാത്ത സൂര്യകുമാര്‍ യാദവും മികച്ച ബാറ്ററാണെന്നും എന്നാല്‍ അദ്ദേഹത്തിനായുള്ള സ്ലോട്ട് നിലവിലില്ലെന്നും പരസ് മാംബ്രെ അഭിപ്രായപ്പെട്ടു. അദ്ദേഹത്തെ (സൂര്യകുമാര്‍ യാദവ്) മത്സരിപ്പിക്കാന്‍ ഒരു അവസരമുണ്ടെന്നിരിക്കട്ടെ, പകരം ആരെ ഒഴിവാക്കുമെന്ന ചോദ്യമുണ്ട്. അദ്ദേഹത്തിനായി നിലവില്‍ ഒരു സ്ലോട്ട് ഇല്ല. ഇനി അങ്ങനെ ഒരു അവസരം വന്നുവെന്നിരിക്കട്ടെ, തീര്‍ച്ചയായും അവന്‍ കളിക്കുമെന്നും പരസ് മാംബ്രെ കൂട്ടിച്ചേര്‍ത്തു.