കൊല്‍ക്കത്ത : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയേയും തോല്‍പ്പിച്ച് തുടര്‍ച്ചയായ എട്ടാം ജയം നേടി ടീം ഇന്ത്യ. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ പ്രോട്ടീസിനെതിരെ 243 റണ്‍സിന്‍റെ വമ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. നിശ്ചിത ഓവറില്‍ ഇന്ത്യ ഉയര്‍ത്തിയ 327 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടി ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ വെറും 83 റണ്‍സിന് ഓള്‍ഔട്ടായി (India vs South Africa match result cricket world cup 2023).
പ്രോട്ടീസിന്‍റെ മുന്‍നിര ബാറ്റര്‍മാരെല്ലാം തകര്‍ന്നടിയുന്ന കാഴ്‌ചയാണ് ഇന്നത്തെ മത്സരത്തില്‍ കണ്ടത്. ഈ ലോകകപ്പില്‍ നാല് സെഞ്ച്വറികള്‍ നേടി മിന്നും ഫോമിലായിരുന്ന ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്ക് തുടക്കത്തിലെ പുറത്തായത് ദക്ഷിണാഫ്രിക്കയ്‌ക്ക് തിരിച്ചടിയായി. ടീം സ്‌കോര്‍ ആറില്‍ നില്‍ക്കെ മുഹമ്മദ് സിറാജിന്‍റെ പന്തില്‍ ഡികോക്ക് ബൗള്‍ഡാവുകയായിരുന്നു.
പ്രോട്ടീസ് നായകന്‍ ടെംബ ബാവുമയ്‌ക്ക് ഇക്കളിയിലും വലിയ സ്‌കോര്‍ കണ്ടെത്താനായില്ല. 11 റണ്‍സെടുത്ത ബാവുമയെ രവീന്ദ്ര ജഡേജ ബൗള്‍ഡാക്കുകയായിരുന്നു. പിന്നീടൊന്നിച്ച റാസി വാന്‍ഡര്‍ ദസനും ഏയ്‌ഡന്‍ മാര്‍ക്രവും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കായി രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന് തോന്നിപ്പിച്ചെങ്കിലും ഒമ്പത് റണ്‍സെടുത്ത മാര്‍ക്രം പെട്ടെന്ന് പുറത്തായി. ഷമിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍ ക്യാച്ചെടുത്താണ് മാര്‍ക്രം മടങ്ങിയത്.
തൊട്ടുപിന്നാലെ ഹെന്‍റിച്ച് ക്ലാസനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ജഡേജ വീണ്ടും വരവറിയിച്ചു. തുടര്‍ന്നും പ്രോട്ടീസ് ബാറ്റര്‍മാര്‍ പെട്ടെന്ന് പവലിയനിലേക്ക് മടങ്ങുന്ന കാഴ്‌ചയാണ് കണ്ടത്. 11 റണ്‍സെടുത്ത ഡേവിഡ് മില്ലറും 14 റണ്‍സെടുത്ത മാര്‍ക്കേ ജാന്‍സണും പുറത്തായ ശേഷം വാലറ്റ നിരയും വേഗത്തില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങി. ഇന്ത്യയ്‌ക്കായി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ രവീന്ദ്ര ജഡേജയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടും, മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്‌ത്തി.
നേരത്തെ വിരാട് കോലിയുടെ 49-ാം സെഞ്ച്വറി മികവിലാണ് ഇന്ത്യ 50 ഓവറില്‍ 326 റണ്‍സ് എന്ന മികച്ച സ്‌കോര്‍ നേടിയത്. 35-ാം പിറന്നാള്‍ ദിനത്തില്‍ നേടിയ സെഞ്ച്വറിയോടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോക റെക്കോഡിനൊപ്പം എത്താനും കോലിക്ക് സാധിച്ചു. 121 പന്തില്‍ 10 ഫോറുകളുടെ അകമ്പടിയില്‍ വളരെ കരുതലോടെയുളള ഇന്നിങ്ങ്‌സായിരുന്നു ഇന്നത്തെ കളിയില്‍ കോലി കാഴ്‌ചവച്ചത്.
87 പന്തില്‍ 77 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ മത്സരത്തില്‍ വിരാട് കോലിക്ക് മികച്ച പിന്തുണ നല്‍കി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 134 റണ്‍സ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. നായകന്‍ രോഹിത് ശര്‍മയും 40 റണ്‍സ് നേടി ടീം ടോട്ടലിലേക്ക് കാര്യമായ സംഭാവന നല്‍കി. ശുഭ്‌മാന്‍ ഗില്‍(23), സൂര്യകുമാര്‍ യാദവ്(22), രവീന്ദ്ര ജഡേജ(29) എന്നിവരാണ് ഇന്ത്യയുടെ മറ്റ് സ്‌കോറര്‍മാര്‍. ദക്ഷിണാഫ്രിക്കയ്‌ക്കായി ലുങ്കി എങ്കിടി, മാര്‍ക്കോ ജാന്‍സണ്‍, റബാഡ, മഹാരാജ്, ഷംസി തുടങ്ങിയവര്‍ ഓരോ വിക്കറ്റ് വീതം നേടി. സെഞ്ച്വറി നേടിയ കോലി തന്നെയാണ് ഇന്നത്തെ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച്.