അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയ്‌ക്ക് എതിരായ മത്സരത്തില്‍ കുഞ്ഞന്‍ സ്‌കോറിലൊതുങ്ങി പാകിസ്ഥാന്‍ (India vs Pakistan Score Updates). ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് ഓള്‍ ഔട്ടായി. 58 പന്തില്‍ 50 റണ്‍സെടുത്ത നായകന്‍ ബാബര്‍ അസമാണ് (Babar Azam) ടീമിന്‍റെ ടോപ് സ്‌കോറര്‍.
69 പന്തില്‍ 49 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാനാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റൊരു താരം. ഇന്ത്യയ്‌ക്കായി ജസ്‌പ്രീത് ബുംറ 7 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റുകള്‍ വീഴ്‌ത്തി. മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ക്കും രണ്ട് വിക്കറ്റ് വീതമുണ്ട്.
അഹമ്മദാബാദിലെ നീലക്കടലിന് നടുവില്‍ പതിഞ്ഞ തുടക്കമായിരുന്നു പാകിസ്ഥാന് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മായ അബ്‌ദുള്ള ഷഫീഖും ഇമാം ഉൽ ഹഖും ചേര്‍ന്ന് 41 റണ്‍സാണ് പാക് ടോട്ടലില്‍ ചേര്‍ത്തത്. അബ്‌ദുള്ള ഷഫീഖിനെ (24 പന്തില്‍ 20) വിക്കറ്റിന് മുന്നില്‍ കുടുക്കി മുഹമ്മദ് സിറാജായിരുന്നു പാകിസ്ഥാന് ആദ്യ പ്രഹരം നല്‍കിയത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ബാബര്‍ അസമിനൊപ്പം 32 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇമാം ഉൽ ഹഖും തിരിച്ച് കയറി.
38 പന്തില്‍ 36 റണ്‍സെടുത്ത ഇമാമിനെ ഹാര്‍ദിക് പാണ്ഡ്യ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ബാബര്‍- മുഹമ്മദ് റിസ്‌വാന്‍ സഖ്യം ഏറെ ശ്രദ്ധയോടെയാണ് ഇന്ത്യന്‍ ബോളര്‍മാരെ നേരിട്ടത്. ഇതോടെ പാക് സ്‌കോര്‍ബോര്‍ഡിന് വേഗത കുറവായിരുന്നു. 19-ാം ഓവറില്‍ 100 കടന്ന പാകിസ്ഥാന്‍ 29-ാം ഓവറിലാണ് 150-ല്‍ എത്തിയത്.
57 പന്തുകളില്‍ നിന്നും അര്‍ധ സെഞ്ചുറി തികച്ച ബാബറിനെ തൊട്ടടുത്ത ഓവറില്‍ മുഹമ്മദ് സിറാജ് വീഴ്‌ത്തി. റിസ്‌വാനൊപ്പം മൂന്നാം വിക്കറ്റില്‍ 83 റണ്‍സ് ചേര്‍ത്ത ബാബറിന്‍റെ കുറ്റി തെറിക്കുകയായിരുന്നു. പിന്നാലെ പാകിസ്ഥാന്‍റെ തകര്‍ച്ചയും തുടങ്ങി.
സൗദ് ഷക്കീൽ (10 പന്തില്‍ 6), ഇഫ്‌തിഖർ അഹമ്മദ് (4 പന്തില്‍ 4) എന്നിവരെ തന്‍റെ ഒറ്റ ഓവറില്‍ മടക്കിയ കുല്‍ദീപ് യാദവ് പാക് ടീമിന് ഇരട്ട പ്രഹരം സമ്മാനിച്ചു. വൈകാതെ ബുംറയുടെ പന്തില്‍ മുഹമ്മദ് റിസ്‌വാന്‍റെ കുറ്റി തെറിച്ചു. ഷദാബ് ഖാന്‍ (5 പന്തില്‍ 2), മുഹമ്മദ് നവാസ് (14 പന്തില്‍ 4), ഹസൻ അലി (19 പന്തില്‍ 12), ഹാരിസ് റൗഫ് (6 പന്തില്‍ 2) എന്നിവര്‍ നിരാശപ്പെടുത്തി. ഷഹീൻ അഫ്രീദി (10 പന്തില്‍ 2) പുറത്താവാതെ നിന്നു.