ധര്‍മ്മശാല : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket world cup 2023) ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്‌ക്ക് നാല് വിക്കറ്റ് ജയം (India vs New Zealand match result). കിവീസ് ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി ബാറ്റേന്തിയ ഇന്ത്യ 48 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് വിജയം നേടിയത്. വിരാട് കോലിയുടെ (95) അര്‍ധസെഞ്ച്വറിയുടെ മികവിലാണ് അഞ്ച് വിക്കറ്റ് നഷ്‌ടപ്പെട്ട ശേഷവും മത്സരത്തില്‍ ഇന്ത്യ വിജയം പിടിച്ചെടുത്തത്.
49-ാം സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന കോലിയെ ഗ്ലെന്‍ ഫിലിപ്പ്‌സിന്‍റെ കൈകളിലെത്തിച്ച് മാറ്റ് ഹെന്റിയാണ് പുറത്താക്കിയത്. 104 പന്തുകളില്‍ എട്ട് ഫോറും രണ്ട് സിക്‌സുകളും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. ഇന്നത്തെ കളിയിലും സെഞ്ച്വറി നേടിയിരുന്നെങ്കില്‍ ഏകദിന ക്രിക്കറ്റില്‍ എറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡിനൊപ്പം കോലിയും എത്തുമായിരുന്നു.
ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മയും(46), ശുഭ്‌മാന്‍ ഗില്ലും(26) ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. 11.1 ഓവറില്‍ 71 റണ്‍സ് ചേര്‍ത്ത ശേഷം രോഹിത്ത് ലോകി ഫെര്‍ഗുസന്‍റെ പന്തില്‍ ബൗള്‍ഡായതോടെയാണ് ഈ കൂട്ടുകെട്ട് പിരിയുന്നത്. രോഹിതിന് പിന്നാലെ ശുഭ്‌മാന്‍ ഗില്ലും വേഗത്തില്‍ പുറത്തായി. ലോകി ഫെര്‍ഗൂസന്‍റെ തന്നെ പന്തില്‍ ഡാരില്‍ മിച്ചല്‍ ക്യാച്ചെടുത്താണ് ഗില്ലിനെ പവലിയനിലേക്ക് മടക്കിയത്.
തുടര്‍ന്ന് ഒന്നിച്ച വിരാട് കോലി-ശ്രേയസ് അയ്യര്‍ കൂട്ടുകെട്ട് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും 128 റണ്‍സായ സമയത്ത് ശ്രേയസിനെ പുറത്താക്കി ട്രെന്‍ഡ് ബോള്‍ട്ട് ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ കോലിക്ക് കെഎല്‍ രാഹുല്‍ മികച്ച പിന്തുണ നല്‍കി. ഇന്ത്യന്‍ സ്‌കോര്‍ 182 റണ്‍സായ സമയത്താണ് രാഹുലിന്‍റെ പുറത്താവല്‍. കെഎലിന് ശേഷമെത്തിയ സൂര്യകുമാര്‍ യാദവ് തന്‍റെ ആദ്യ ഏകദിന ലോകകപ്പ് മാച്ചില്‍ തുടക്കത്തില്‍ തന്നെ പുറത്തായി. രണ്ട് റണ്‍സെടുത്ത സൂര്യ റണ്ണൗട്ടാവുകയായിരുന്നു.
അഞ്ച് വിക്കറ്റുകള്‍ നഷ്‌ടമായ ശേഷം വലിയ സമ്മര്‍ദത്തിലായ ടീമിനെ കോലിയും ജഡേജയും ചേര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് വിജയതീരത്ത് എത്തിച്ചത്. 78 റണ്‍സ് കൂട്ടുകെട്ട് ജഡേജയ്‌ക്കൊപ്പം ഉണ്ടാക്കിയ ശേഷമാണ് കോലിയുടെ പുറത്താവല്‍. കോലിക്ക് മികച്ച പിന്തുണ നല്‍കിയ രവീന്ദ്ര ജഡേജ 39 റണ്‍സോടെ പുറത്താവാതെ നിന്നു. ന്യൂസിലന്‍ഡിനായി ലോകി ഫെര്‍ഗൂസന്‍ രണ്ട് വിക്കറ്റും, ട്രെന്‍ഡ് ബോള്‍ട്ട്, മാറ്റ് ഹെന്‌റി, മിച്ചല്‍ സാന്‍റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കിവീസിനായി സെഞ്ച്വറി നേടിയ ഡാരില്‍ മിച്ചല്‍(130), അര്‍ധസെഞ്ച്വറി നേടിയ രചിന്‍ രവീന്ദ്ര (75) എന്നിവരാണ് ബാറ്റിങ്ങില്‍ തിളങ്ങിയത്. 127 പന്തുകളില്‍ 9 ഫോറും 5 സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു മിച്ചലിന്‍റെ ഇന്നിങ്‌സ്. എന്നാല്‍ കിവീസ് നിരയില്‍ മറ്റാര്‍ക്കും വലിയ സ്‌കോര്‍ നേടാന്‍ കഴിഞ്ഞില്ല.
ഇന്ത്യയ്‌ക്കായി അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തിയ മുഹമ്മദ് ഷമിയാണ് വലിയ സ്‌കോര്‍ നേടുന്നതില്‍ ന്യൂസിലന്‍ഡിനെ തടഞ്ഞത്. കിവീസിന്‍റെ മുന്‍നിര ബാറ്റര്‍മാരായ വില്‍ യങ്ങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍ എന്നിവരുടെ വിക്കറ്റുകളെല്ലാം ഷമിയാണ് വീഴ്‌ത്തിയത്. കൂടാതെ അവസാന ഓവറുകളില്‍ സാന്‍റ്‌നര്‍, മാറ്റ് ഹെന്‌റി എന്നിവരെയും വീഴ്‌ത്തി ഷമി തന്‍റെ വിക്കറ്റ് നേട്ടം അഞ്ചാക്കി. 10 ഓവറില്‍ 54 റണ്‍സ് വഴങ്ങി 5 വിക്കറ്റെടുത്ത ഷമി തന്നെയാണ് മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച്.