അഹമ്മദാബാദ് : ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്ക് എതിരെ ഓസീസിന് 241 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായി.വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചത്.
107 പന്തില്‍ 66 റണ്‍സെടുത്ത കെഎല്‍ രാഹുല്‍ ഇന്ത്യയുടെ ടോപ് സ്‌കോററായി. 63 പന്തുകളില്‍ 54 റണ്‍സാണ് വിരാട് കോലി നേടിയത്. 31 പന്തില്‍ 47 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയും നിര്‍ണായകമായി. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ഹെയ്‌സല്‍വുഡ് എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുകളുണ്ട്.
ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ ശുഭ്‌മാന്‍ ഗില്ലിനെ (7 പന്തില്‍ 4) നഷ്‌ടമായി. സ്‌കോര്‍ ബോര്‍ഡില്‍ 30 റണ്‍സ് നില്‍ക്കെ മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ അഞ്ചാം ഓവറിന്‍റെ രണ്ടാം പന്തിലായിരുന്നു ടീമിന് ആദ്യ പ്രഹരം. മുന്‍ മത്സരങ്ങളിലെന്ന പോലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരറ്റത്ത് ആക്രമിച്ചപ്പോള്‍ ഗില്‍ റണ്‍സ് നേടാന്‍ പ്രയാസപ്പെടുകയായിരുന്നു. ഇതിന്‍റെ സമ്മര്‍ദമൊഴിവാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി മോശം ഷോട്ട് കളിച്ച ഗില്ലിനെ ആദം സാംപ കയ്യിലൊതുക്കി.
തുടര്‍ന്നെത്തിയ വിരാട് കോലിയ്‌ക്ക് ഒപ്പം രോഹിത് ആക്രമണം തുടര്‍ന്നു. പതുക്കെ ആരംഭിച്ച കോലി ഏഴാം ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികള്‍ പായിച്ച് ക്യാപ്റ്റന് ഒപ്പം ചേര്‍ന്നതോടെ സ്റ്റേഡിയം ഇളകി മറിഞ്ഞു. എന്നാല്‍ പവര്‍പ്ലേയുടെ അവസാന ഓവറില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടിയേറ്റു.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ചുറിക്കരികെ ഹിറ്റ്‌മാന്‍ വീണു. ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ആക്രമിക്കാനുള്ള ശ്രമം പാളിയതോടെ ഒരു തകര്‍പ്പന്‍ ക്യാച്ചില്‍ ട്രാവിസ് ഹെഡാണ് രോഹിത്തിനെ പിടികൂടിയത്. നാല് ബൗണ്ടറികളും മൂന്ന് സിക്‌സുകളും അടങ്ങുന്നതായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍റെ ഇന്നിങ്‌സ്.
കോലിയ്‌ക്ക് ഒപ്പം 45 റണ്‍സായിരുന്നു രോഹിത് ചേര്‍ത്തത്. തുടര്‍ന്നെത്തിയ ശ്രേയസ് അയ്യരെ (3 പന്തില്‍ 4) പാറ്റ് കമ്മിന്‍സ് നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. ഇതോടെ ഇന്ത്യ 10.2 ഓവറില്‍ മൂന്നിന് 81 എന്ന നിലയില്‍ പ്രതിരോധത്തിലായി. പിന്നീട് ക്രീസിലെത്തിയ രാഹുലിനൊപ്പം ഏറെ ശ്രദ്ധയോടെയാണ് കോലി ബാറ്റ് വീശിയത്.
ഇരുവരും വമ്പനടികള്‍ക്ക് മുതിരാതിരുന്നതോടെ പതിയെ ആയിരുന്നു സ്‌കോര്‍ ബോര്‍ഡ് ചലിച്ചത്. ഒടുവില്‍ 67 റണ്‍സ് നീണ്ടുനിന്ന ഈ കൂട്ടുകെട്ട് പൊളിച്ച് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കിയത്. അര്‍ധ സെഞ്ചുറി പിന്നിട്ടതിന് തൊട്ടുപിന്നാലെ കമ്മിന്‍സിന്‍റെ ബൗണ്‍സര്‍ പ്രതിരോധിക്കാനുള്ള കോലിയുടെ ശ്രമം പ്ലേ ഡൗണില്‍ കലാശിച്ചു.
നാല് ബൗണ്ടറികളായിരുന്നു കോലി നേടിയത്. സ്ഥാനക്കയറ്റം ലഭിച്ചെത്തിയ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം മികച്ച രീതിയില്‍ കളിച്ച് രാഹുല്‍ അര്‍ധ സെഞ്ചുറിയിലേക്ക് എത്തി. എന്നാല്‍ അധികം വൈകാതെ ജഡേജയെ (22 പന്തില്‍ 8) ഹെയ്‌സല്‍വുഡ് വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിന്‍റെ കൈയ്യിലേക്ക് എത്തിച്ചു. തുടര്‍ന്നെത്തിയ സൂര്യകുമാറിനൊപ്പം ഇന്ത്യയെ 200 കടത്തിയതിന് ശേഷം രാഹുലും വീണു.
മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു വിക്കറ്റ്. പിന്നീട് സൂര്യ ഒരറ്റത്ത് നിന്നെങ്കിലും മുഹമ്മദ് ഷമി (10 പന്തില്‍ 6), ജസ്‌പ്രീത് ബുംറ (3 പന്തില്‍ 1) എന്നിവര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. 48-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ സൂര്യയുടെ (28 പന്തില്‍ 18) ചെറുത്ത് നില്‍പ്പ് ഹെയ്‌സല്‍വുഡ് അവസാനിപ്പിച്ചു. ഇന്നിങ്‌സിന്‍റെ അവസാന പന്തില്‍ കുല്‍ദീപ് (18 പന്തില്‍ 10) റണ്ണൗട്ടായപ്പോള്‍ മുഹമ്മദ് സിറാജ് (8 പന്തില്‍ 8) പുറത്താവാതെ നിന്നു.