ബെംഗളൂരു : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയ്‌ക്ക് വമ്പന്‍ തിരിച്ചടി. പരിക്കിന്‍റെ പിടിയിലുള്ള സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) ഇന്ത്യയുടെ അടുത്ത രണ്ട് മത്സരങ്ങള്‍ കളിക്കില്ല (Hardik Pandya to miss two more World Cup 2023 matches due to injury). ഒരു ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.
കഴിഞ്ഞ ആഴ്‌ച പൂനയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ ഹാര്‍ദിക്കിന്‍റെ ഇടതു കണങ്കാലിന് പരിക്കേറ്റിരുന്നു. പന്തെറിഞ്ഞതിന് ശേഷം ബംഗ്ലാദേശ് ബാറ്റര്‍ പായിച്ച ഷോട്ട് കാലുകൊണ്ട് തടുത്തതാണ് പരിക്കിന് വഴിവച്ചത്. പരിക്കിനെ തുടര്‍ന്ന് ന്യൂസിലന്‍ഡിനെതിരെ ധര്‍മ്മശാലയില്‍ നടന്ന മത്സരത്തില്‍ താരത്തിന് കളിക്കാനായിരുന്നില്ല.
ഇതിന് ശേഷം ഒക്‌ടോബര്‍ 29-ന് ഇംഗ്ലണ്ടിനെതിരായ മത്സരത്തിനായി 30-കാരന്‍ ലഖ്‌നൗവില്‍ ടീമിനൊപ്പം ചേരുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇംഗ്ലണ്ടിനും തുടര്‍ന്ന് ശ്രീലങ്കയ്‌ക്കും എതിരെയുള്ള മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കില്ലെന്നാണ് നിലവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. ലഖ്‌നൗവില്‍ ഇംഗ്ലണ്ടിനെ നേരിടുന്ന ഇന്ത്യ നവംബര്‍ രണ്ടിന് മുംബൈയിലെ വാങ്കഡെയിലാണ് ആതിഥേയര്‍ ശ്രീലങ്കയ്‌ക്ക് എതിരെ ഇറങ്ങുന്നത്.
നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള ഹാര്‍ദിക് പന്തെറിയാന്‍ തുടങ്ങിയിട്ടില്ല (Hardik Pandya Injury updates). താരത്തെ തിടുക്കത്തില്‍ തിരികെ എത്തിക്കാതെ പൂര്‍ണമായി സുഖപ്പെടുന്നത് വരെ കാത്തിരിക്കാനാണ് മാനേജ്‌മെന്‍റിന്‍റെ നിലവിലെ തീരുമാനം. ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രം നവംബര്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കും തുടര്‍ന്ന് 12ന് നെതര്‍ലന്‍ഡ്‌സിനും എതിരായ അവസാന രണ്ട് ഗ്രൂപ്പ് മത്സരങ്ങളില്‍ താരം കളിക്കും.
ഈ ലോകകപ്പിൽ ഇന്ത്യൻ ടീം വിജയക്കുതിപ്പിൽ നടത്തുന്ന സാഹചര്യത്തിൽ, സെമി ഫൈനലിലടക്കം പൂര്‍ണ ഫിറ്റ്‌നസുള്ള ഹാര്‍ദിക്കിനെ കളത്തിലിറക്കാനാണ് മാനേജ്‌മെന്‍റ് ലക്ഷ്യം വയ്‌ക്കുന്നത്. നേരത്തെ കളിച്ച മത്സരങ്ങളില്‍ ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടാവുന്ന പ്രകടനമായിരുന്നു ഹാര്‍ദിക് നടത്തിയത്. ബോളിങ്ങില്‍ മൂന്നാം പേസറായി തിളങ്ങിയ താരം നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കിയിരുന്നു. ബാറ്റുകൊണ്ട് പരീക്ഷിക്കപ്പെട്ടില്ലെങ്കിലും ഹാര്‍ദിക്കിന്‍റെ മികവില്‍ വമ്പന്‍ പ്രതീക്ഷയാണ് മാനേജ്‌മെന്‍റിനും ആരാധകര്‍ക്കുമുള്ളത്.
ഏകദിന ലോകകപ്പ് 2023 ഇന്ത്യ സ്ക്വാഡ് : രോഹിത് ശർമ (ക്യാപ്‌റ്റന്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി (Cricket World Cup 2023 India Squad).