മുംബൈ: ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നിഷ്‌പ്രഭരാക്കി കൂറ്റന്‍ വിജയം നേടി ദക്ഷിണാഫ്രിക്ക. നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 399 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ കൊണ്ട് ആദ്യം ഇംഗ്ലണ്ടിനെ പരീക്ഷിച്ച പ്രോട്ടീസ്, വീണ്ടും ബോള്‍ കൊണ്ട് കൂടി വരിഞ്ഞുമുറുകിയതോടെയാണ് ഇംഗ്ലണ്ടിന് വമ്പന്‍ തോല്‍വി വഴങ്ങേണ്ടി വന്നത്. സമ്മര്‍ദ ഭാരവുമായി മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് 170ന് തോല്‍വി സമ്മതിക്കുകയായിരുന്നു (South Africa Beats England With Huge Margin And Marched Forward).
വിക്കറ്റ് പെരുമഴ: ദക്ഷിണാഫ്രിക്ക മുന്നില്‍ വച്ച റണ്‍ കൊടുമുടി മറികടക്കല്‍ അത്ര നിസാരമല്ലെന്ന വ്യക്തമായ ബോധ്യത്തോടെ തന്നെയായിരുന്നു ഇംഗ്ലണ്ട് മറുപടി ബാറ്റിങിനിറങ്ങിയത്. തുടക്കം മുതല്‍ തന്നെ തകര്‍ത്തടിച്ച് കളിക്കേണ്ടതിന്‍റെ ആവശ്യകതയും ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോയ്‌ക്കും ഡേവിഡ് മലാനും തീര്‍ച്ചയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആദ്യ ഓവറില്‍ തന്നെ സിക്‌സര്‍ പറത്തി ഇംഗ്ലണ്ട് ശ്രമം തുടരുന്നതായും വ്യക്തമാക്കി. എന്നാല്‍ മൂന്നാമത്തെ ഓവറില്‍ ടീം സ്‌കോര്‍ 18 ല്‍ നില്‍ക്കവെ, ജോണി ബെയര്‍സ്‌റ്റോയെ (10) മടക്കി ലുങ്കി എന്‍ഗിഡി ആദ്യ മുന്നറിയിപ്പ് നല്‍കി. വാന്‍ ഡര്‍ ഡസന്‍റെ കൈകളില്‍ ഒതുങ്ങിയായിരുന്നു ബെയര്‍സ്‌റ്റോ പുറത്തേക്ക് നടന്നത്.
പിന്നാലെ ജോ റൂട്ട് കളത്തിലെത്തിയെങ്കിലും അധിക സമയം ക്രീസില്‍ ചെലവഴിക്കാനായില്ല. മാര്‍ക്കോ ജാന്‍സന്‍റെ പന്തില്‍ മില്ലര്‍ക്ക് ക്യാച്ച് നല്‍കി റൂട്ട് (2) മടങ്ങി. കേവലം ഒരു റണ്‍ കൂടി സ്‌കോര്‍ കാര്‍ഡില്‍ എഴുതിച്ചേര്‍ക്കപ്പെടുമ്പോഴേക്കും ഡേവിഡ് മലാനും (6) മടങ്ങി കയറേണ്ടതായി വന്നു. ജാന്‍സന്‍റെ തന്നെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡി കോക്കിന്‍റെ കൈകളിലൂടെയായിരുന്നു മലാന്‍റെ മടക്കം. ഇതോടെ പരാജയം തങ്ങളോട് അടുക്കുന്നതായി ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ക്ക് ഏറെക്കുറെ വ്യക്തവുമായി.
കരകയറ്റാന്‍ ആളില്ലാതെ ഇംഗ്ലണ്ട്: തൊട്ടുപിന്നാലെ വാങ്കഡെ കണ്ടത് വമ്പന്മാരുടെ അടിപതറലായിരുന്നു. ബെന്‍ സ്‌റ്റോക്‌സ് (5), ജോസ് ബട്‌ലര്‍ (15), ഹാരി ബ്രൂക്ക് (17), ആദില്‍ റാഷിദ് (10) തുടങ്ങിയവരെല്ലാം തന്നെ കാര്യമായ സംഭാവനകള്‍ നല്‍കാനാവാതെ മടങ്ങി. ഇതോടെ ഇംഗ്ലണ്ട് പാതി പരാജയം സമ്മതിച്ചിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെയെത്തിയ ഗസ് ആറ്റ്‌കിന്‍സണും മാര്‍ക്ക് വുഡും ചേര്‍ന്ന് ഇംഗ്ലണ്ട് ആരാധകരില്‍ വീണ്ടും പ്രതീക്ഷകള്‍ നിറച്ചു.
ഡേവിഡ് വില്ലി (12) മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്ന 100 എന്ന സംഖ്യയില്‍ നിന്നും പൊരുതിത്തോറ്റ 170 റണ്‍സിലെത്തിച്ചത് ഇവരുടെ കരുതലോടെയുള്ള ഇന്നിങ്‌സായിരുന്നു. എന്നാല്‍ 22 ആം ഓവറിലെ അവസാന പന്തില്‍ അറ്റ്‌കിന്‍സണ്‍ (21 പന്തില്‍ 35 റണ്‍സ്) കൂടി മടങ്ങുകയും അവസാന ബാറ്ററായ റീസ് തോപ്ലേ പരിക്ക് മൂലം ഇറങ്ങാതിരിക്കുകയും ചെയ്‌തതോടെ ഇംഗ്ലണ്ട് പൂര്‍ണമായും വീണു. അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കായി ഗെറാള്‍ഡ് കോട്‌സി മൂന്നും, ലുങ്കി എന്‍ഗിഡി, മാര്‍ക്കോ ജാന്‍സന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്‌ത്തി. മാത്രമല്ല കാഗിസോ റബാഡ, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്‌ത്തി.