കൊല്‍ക്കത്ത : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാന്‍റെ സെമി ഫൈനല്‍ പ്രതീക്ഷ അസ്ഥാനത്ത്. നിര്‍ണായക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 337 റണ്‍സ് അടിച്ച് കൂട്ടി (England vs Pakistan Score Updates). ലക്ഷ്യം വെറും 6.4 ഓവറില്‍ നേടിയെടുത്താല്‍ മാത്രമേ ന്യൂസിലന്‍ഡിനെ മറികടന്ന് പാകിസ്ഥാന് അവസാന നാലില്‍ ഇടം നേടാന്‍ കഴിയൂ.
അപ്രാപ്യമായ ഈ ലക്ഷ്യം മുന്നില്‍ ഉയര്‍ന്നതോടെ പാക് ടീമിന്‍റെ സെമി ഫൈനല്‍ പ്രതീക്ഷകളും അവസാനിച്ചു. 76 പന്തില്‍ 84 റണ്‍സെടുത്ത് ബെന്‍ സ്റ്റോക്‌സാണ് ടീമിന്‍റെ ടോപ് സ്‌കോറര്‍. ജോണി ബെയര്‍സ്റ്റോ (61 പന്തില്‍ 59), ജോ റൂട്ട് (72 പന്തില്‍ 60) എന്നിവര്‍ നിര്‍ണായകമായി. ഓപ്പണര്‍മാരായ ഡേവിഡ് മലാനും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്.
ന്യൂബോളില്‍ ആദ്യ മൂന്ന് ഓവറുകള്‍ പിടിച്ചെറിയാന്‍ പാക് പേസര്‍മാരായ ഷഹിന്‍ ഷാ അഫ്രീദിയ്‌ക്കും ഹാരിസ് റൗഫിനും കഴിഞ്ഞെങ്കിലും തുടര്‍ന്ന് യഥേഷ്‌ടം ബൗണ്ടറികള്‍ ഒഴുകുന്നതാണ് കാണാന്‍ കഴിഞ്ഞത്. 82 റണ്‍സ് നീണ്ടുനിന്ന ആദ്യ വിക്കറ്റ് കൂട്ടുകെട്ട് ഡേവിഡ് മലാനെ (39 പന്തില്‍ 31) വീഴ്‌ത്തി ഇഫ്‌തിഖർ അഹമ്മദാണ് പൊളിച്ചത്.
പിന്നാലെ ബെയര്‍സ്റ്റോയും തിരിച്ച് കയറിയെങ്കിലും തുടര്‍ന്ന് ഒന്നിച്ച ജോ റൂട്ടും ബെന്‍ സ്റ്റോക്‌സും ഇംഗ്ലണ്ടിന് കരുത്തായി മാറി. പാക് ബോളര്‍ക്കെതിരെ പതിഞ്ഞും തെളിഞ്ഞും കളിച്ച ഇരുവരും ചേര്‍ന്ന് 132 റണ്‍സാണ് ടീം ടോട്ടലിലേക്ക് ചേര്‍ത്തത്. 41-ാം ഓവറില്‍ സ്റ്റോക്‌സിനെ ബൗള്‍ഡാക്കി ഷഹീന്‍ ഷാ അഫ്രീദിയാണ് പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കിയത്.
11 ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു സ്റ്റോക്‌സിന്‍റെ ഇന്നിങ്‌സ്. തന്‍റെ തൊട്ടടുത്ത ഓവറില്‍ റൂട്ടിനും ഷഹീന്‍ മടക്ക ടിക്കറ്റ് നല്‍കി. ഈ സമയം 42.2 ഓവറില്‍ നാലിന് 257 റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. തുടര്‍ന്ന് ഒന്നിച്ച ക്യാപ്റ്റന്‍ ജോസ് ബട്‌ലറും ഹാരി ബ്രൂക്കും ടീമിനെ 300 കടത്തി.
എന്നാല്‍ അധികം വൈകാതെ തൊട്ടടുത്ത ഓവറുകളില്‍ ഹാരി ബ്രൂക്കിനേയും (17 പന്തില്‍ 30), ബട്‌ലറേയും (18 പന്തില്‍ 27) ഇംഗ്ലണ്ടിന് നഷ്‌ടമായി. മൊയീന്‍ അലിക്ക് (6 പന്തില്‍ 8) പിടിച്ച് നില്‍ക്കാനായില്ല. അവസാന ഓവര്‍ എറിയാനെത്തിയ മുഹമ്മദ് വസീമിന്‍റെ ആദ്യ മൂന്ന് പന്തുകള്‍ അതിര്‍ത്തി കടത്തിയ ഡേവിഡ് വില്ലി (5 പന്തില്‍ 15) നാലാം പന്തില്‍ മടങ്ങി. ഗസ് അറ്റ്കിൻസണ്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങിയപ്പോള്‍ ക്രിസ് വോക്‌സും (4 പന്തില്‍ 4) ആദില്‍ റഷീദും പുറത്താവാതെ നിന്നു.
ALSO READ: 'ഷമി, സിറാജ്, ബുംറ ത്രയം അവര്‍ക്ക് താഴെ' ; ഇന്ത്യയുടെ എക്കാലത്തേയും മികച്ച പേസ് നിര ഇതെന്ന് ദാദ
പാകിസ്ഥാനായി ഹാരിസ് റൗഫ് 10 ഓവറില്‍ 64 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. മുഹമ്മദ് വസീം ജൂനിയര്‍ 74 റണ്‍സും ഷഹീന്‍ ഷാ അഫ്രീദി 72 റണ്‍സും വിട്ടുനല്‍കി രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.